Football

ബെംഗളൂരുവില്‍ ഫുട്‌ബോള്‍ വിപ്ലവത്തിന് മലയാളത്തിന്റെ എംപയര്‍ എഫ്സി; അരങ്ങേറ്റം അടുത്തമാസം

തൃക്കരിപ്പൂരില്‍ വേരുകളുള്ള ബെംഗളൂരുവിലെ എംപയര്‍ റെസ്റ്റോറിന്റെ ഫുട്‌ബോളിലേക്കുള്ള കാല്‍വയ്പ്‌

ബെംഗളൂരുവിലെ ജനപ്രിയ ഭക്ഷണ ശൃംഖലയായ എംപയര്‍ റെസ്റ്റോറന്റിന്റെയും ഹോട്ടല്‍സിന്റെയും പിന്തുണയുള്ള എംപയര്‍ എഫ്സി, ബെംഗളൂരു ജില്ലാ ഫുട്ബോള്‍ അസോസിയേഷന്റെ ‘സി’ ഡിവിഷന്‍ ലീഗില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു. മെയിലാണ് ലീഗ് ആരംഭിക്കുന്നത്.

ക്ലബ്ബ് പ്രസിഡന്റ് എന്‍കെപി അബ്ദുള്‍ അസീസ് തികഞ്ഞ പ്രതീക്ഷയിലാണ് എംപയര്‍ എഫ്‌സിയെ കാണുന്നത്. ‘ഞങ്ങള്‍ക്ക് ഫുട്‌ബോളില്‍ ഏര്‍പ്പെടുന്നത് സ്വാഭാവികമായ കാര്യമാണ്. ആദ്യത്തേതും പ്രധാനമായതും ഫുട്‌ബോളിനോടുള്ള ആവേശമാണ്. രണ്ടാമത്തേത് സമൂഹത്തിന് തിരികെ നല്‍കാനുള്ള നമ്മുടെ ഗ്രൂപ്പിന്റെ ത്വരയാണ്”

എന്‍കെപി എംപയര്‍ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ഗ്രൂപ്പിന്റെ രണ്ടാം തലമുറ പിന്‍ഗാമികളായ കെപിസി മുഹമ്മദ് കുഞ്ഞി, പരേതനായ എന്‍കെപി അബ്ദുള്‍ ഹഖ്, എന്‍കെപി അബ്ദുള്‍ അസീസ് എന്നിവര്‍ ഫുട്ബോളിനോട് ആവേശം ഉള്ളവരാണ്. കോളേജ് ടീമുകള്‍ക്കും സംസ്ഥാന ടീമുകള്‍ക്കും വേണ്ടി ഇവര്‍ കളിച്ചിട്ടുണ്ട്.

ഫുട്‌ബോളിനോടുള്ള സ്‌നേഹം ഞങ്ങളുടെ കുടുംബത്തില്‍ നിലനില്‍ക്കുന്നു. ബെംഗളൂരുവിലെയും ഇന്ത്യയിലെയും ഫുട്‌ബോള്‍ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് ഞങ്ങളുടെ ശ്രമങ്ങള്‍ സഹായിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ ആണ് ഞങ്ങളുടെ സ്ഥലം. ഫുട്‌ബോളിനെ ഏറെ വളക്കൂറുള്ള ഉള്ള തൃക്കരിപ്പൂരില്‍, ഞങ്ങള്‍ തൃക്കരിപ്പൂര്‍ ഫുട്‌ബോള്‍ അക്കാദമി നടത്തുന്നുണ്ട്.

അവിടെ നിന്നുള്ള പ്രതിഭാധനരായ കളിക്കാര്‍ക്ക് എംപയര്‍ എഫ്സിയിലൂടെ ബെംഗളൂരു ഫുട്‌ബോള്‍ ലീഗ് കളിക്കാനുള്ള ഒരു അവസരവും ഒരുക്കുന്നുണ്ടെന്ന് ക്ലബ്ബ് സെക്രട്ടറി മസൂദ് മുഹമ്മദ് വ്യക്തമാക്കി. കഴിഞ്ഞ ഒന്നര മാസത്തെ പതിവ് പരിശീലന സെഷനുകള്‍ക്കൊപ്പം, മികച്ച പ്രകടനം ഉറപ്പാക്കുന്നതിന് വിദഗ്ധരായ പ്രൊഫഷണലുകള്‍ ടീമിന്റെ തന്ത്രങ്ങളും ശാരീരികക്ഷമതയും നിരീക്ഷിക്കുന്നുണ്ട്.

‘സി’ ഡിവിഷന്‍ കിരീടം ഉറപ്പാക്കാനും ‘ബി ഡിവിഷനിലേക്ക്’ സ്ഥാനക്കയറ്റം നേടാനും ലക്ഷ്യമിട്ടാണ് ക്ലബ്ബ് യാത്ര ആരംഭിക്കുന്നത്. അടുത്ത രണ്ടു വര്‍ഷം കൊണ്ട് ഐ ലീഗിലും, ഇന്ത്യയിലെ മറ്റു പ്രധാന ടൂര്‍ണമെന്റുകളിലും കളിക്കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ടീം മാനേജ്‌മെന്റ്. ടീമിന്റെ ഫിസിക്കല്‍ ഫിറ്റ്നസിന് പ്രാധാന്യം കൊടുത്തു കൊണ്ട് സ്വന്തം ജിം സ്ഥാപിക്കുന്നതടക്കമുള്ള പ്രയത്‌നത്തിലാണ് മാനേജ്‌മെന്റ്.

Related Articles

Back to top button