FootballTop Stories

ഇത് ചരിത്രം!! ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്തെറിഞ്ഞ് കോവളം എഫ്‌സി!!

കേരള പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ജയവുമായി കോവളം എഫ്‌സി. എബിന്‍ റോസെന്ന പ്രതിഭാധനനായ കോച്ച് പരിശീലിപ്പിക്കുന്ന കോവളം 3-1നാണ് ഐഎസ്എല്‍ ക്ലബിന്റെ കെപിഎല്‍ ടീമിനെ മുട്ടുകുത്തിച്ചത്. കോവളത്തിനായി മിഡ്ഫീല്‍ഡര്‍ എസ്. സ്റ്റാലിന്‍ ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ മറ്റൊരു മധ്യനിരതാരം ടി. സ്‌റ്റെവിന്റെ വകയായിരുന്നു മൂന്നാമത്തെ ഗോള്‍. കളി തുടങ്ങി ഒന്‍പതാം മിനിറ്റില്‍ കോവളം ആദ്യ വെടി പൊട്ടിച്ചു. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലെ ആശയക്കുഴപ്പം മുതലെടുത്ത് മുന്നേറിയ സ്റ്റാലിന്‍ ഗോള്‍കീപ്പറെയും വെട്ടിച്ച് പന്ത് വലയിലെത്തിച്ചു. ഒരുഗോള്‍ വീണതോടെ ബ്ലാസ്‌റ്റേഴ്‌സ് ഉണര്‍ന്നുകളിച്ചു. എന്നാല്‍ പതിനാറാം മിനിറ്റില്‍ വീണ്ടും കോവളം ഞെട്ടിച്ചു.

ഇത്തവണ കോര്‍ണര്‍ ഭാഗത്തു നിന്നുള്ള ഫ്രീകിക്കില്‍ നിന്നായിരുന്നു അതിമനോഹര ഗോള്‍ പിറന്നത്. കോവളം ക്യാപ്റ്റന്‍ എം. മനോജിന്റെ പറന്നിറങ്ങിയ ഫ്രീകിക്കിന് തലവച്ച സ്റ്റാലിന് പിഴച്ചില്ല. 2-0ത്തിന് കോവളം മുന്നില്‍. 31-ാം മിനിറ്റില്‍ സ്‌റ്റൈവിന്‍ പട്ടിക പൂര്‍ത്തിയാക്കി. മൂന്നുഗോള്‍ വീണതോടെ മാനസികമായി തളര്‍ന്ന ബ്ലാസ്‌റ്റേഴ്‌സിന് പിന്നീട് കാര്യമായ മികച്ച നീക്കങ്ങള്‍ നടത്താന്‍ സാധിച്ചില്ല. മനോഹര ഫുട്‌ബോള്‍ പുറത്തെടുത്ത കോവളമാകട്ടെ അടിക്കടി മുന്നേറ്റങ്ങളുമായി എതിരാളികളെ വിറപ്പിക്കുകയും ചെയ്തു. 86-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ബ്ലാസ്റ്റേഴ്‌സ് ഒരുഗോളിന്റെ കടംമടക്കി.

ഇരുപത്തിരണ്ടോളം ക്ലബുകള്‍ മാറ്റുരയ്ക്കുന്ന ലീഗില്‍ മലയാളി താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഇറങ്ങുന്ന അപൂര്‍വം ടീമുകളിലൊന്നാണ് കോവളം എഫ്സി. 25 ലക്ഷം രൂപ മുതല്‍ ഒന്നരക്കോടി രൂപ വരെയാണ് ഇത്തവണ ഓരോ ടീമിന്റെയും ബജറ്റ്. ബ്രസീല്‍, അര്‍ജന്റീന, ഘാന തുടങ്ങി എല്ലാ വന്‍കരകളില്‍ നിന്നുമുള്ള വിദേശതാരങ്ങളും ലീഗിലുണ്ട്. ഇങ്ങനെ പണംമുടങ്ങി ഫലമുണ്ടാക്കാന്‍ നോക്കുന്നവര്‍ക്കിടയിലാണ് കോവളവും എബിന്‍ റോസെന്ന പരിശീലനകനും വേറിട്ടു നില്ക്കുന്നത്.

കോവളം എഫ്സിയുടെ ശരാശരി പ്രായം 20-23 വയസാണ്. കെപിഎല്ലില്‍ തന്നെ ഏറ്റവും ചെറുപ്പംനിറഞ്ഞ ടീമായിരിക്കും കോവളത്തിന്റേത്. ആദ്യ രണ്ടുകളിയിലും എതിരാളികളെക്കൊണ്ട് പോലും കൈയ്യടിപ്പിച്ചാണ് കോവളം കീഴടങ്ങിയത്. മഹരാജാസ് ഗ്രൗണ്ടില്‍ അവര്‍ എതിരിട്ടത് ചില്ലറക്കാരെയായിരുന്നില്ല. ആദ്യമത്സരം കളിച്ച മുത്തൂറ്റ് എഫ്സിയുടെ വാര്‍ഷിക ബജറ്റ് കഴിഞ്ഞ പത്തുവര്‍ഷംകൊണ്ട് കോവളം ചെലവഴിച്ച മൊത്തം തുകയേക്കാള്‍ കൂടുതലാണ്. ഇവിടെയാണ് കോവളം എഫ്സിയെന്ന ക്ലബും അതിന്റെ സാരഥികളും അഭിനന്ദനം അര്‍ഹിക്കുന്നത്.

Related Articles

Leave a Reply

Back to top button