Football

സൗദിക്കെതിരേ മാര്‍ട്ടിനെസിന്റെ ഗോള്‍ ഓഫ് സൈഡ് അല്ലായിരുന്നു, തെളിവുകള്‍ ഇതാ…

ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ അപ്രതീക്ഷിത തോല്‍വിക്ക് കാരണം റഫറീയിംഗിലെ പിഴവാണെന്ന തെളിവുകള്‍ പുറത്ത്. അര്‍ജന്റൈന്‍ ആരാധകര്‍ ന്യായീകരണവുമായി രംഗത്ത് എത്തിയിട്ടുണ്ട് എന്നാണ് മനസില്‍ തോന്നുന്നതെങ്കില്‍ അല്ലെന്നാണ് ഉത്തരം… നിഷ്പക്ഷമായി കളിയെ സമീപിച്ചാല്‍ 26 -ാം മിനിറ്റില്‍ ലൗതാരൊ മാര്‍ട്ടിനെസ് നേടിയ ഗോള്‍ ഓണ്‍ സൈഡ് ആയിരുന്നു എന്നു മനസിലാക്കാം.

ലൗതാരൊ മാര്‍ട്ടിനെസിന്റെ ഗോള്‍ ഓണ്‍ സൈഡ് ആയിരുന്നു എന്നതിന്റെ കൂടുതല്‍ തെളിവുകളുമായി ഫുട്ബോള്‍ നിരീക്ഷകര്‍ രംഗത്ത് എത്തിയിട്ടുമുണ്ട്. എന്നാല്‍, തെളിവുകള്‍കൊണ്ട് ഇനിയെന്തുകാര്യം എന്നതും മറ്റൊരു യാഥാര്‍ഥ്യം. 10-ാം മിനിറ്റില്‍ ലയണല്‍ മെസിയുടെ പെനല്‍റ്റി ഗോളിലൂടെ അര്‍ജന്റീന 1-0ന് സൗദി അറേബ്യക്ക് എതിരേ മുന്നിട്ട് നില്‍ക്കുമ്പോഴായിരുന്നു ലൗതാരൊ മാര്‍ട്ടിനെസിന്റെ ഗോള്‍ എത്തിയത്.

26-ാം മിനിറ്റില്‍ സൗദി അറേബ്യയുടെ ഓഫ് സൈഡ് കുരുക്ക് പൊട്ടിച്ച് മുന്നേറിയ മാര്‍ട്ടിനെസിന്റെ ചിപ് ഷോട്ട് ഗോള്‍ വലയക്കുള്ളല്‍ വിശ്രമിച്ചു. എന്നാല്‍, വിഎആറിന്റെ സഹായത്തോടെ റഫറി ആ ഗോള്‍ അനുവദിച്ചില്ല. എന്നാല്‍, യഥാര്‍ഥത്തില്‍ ലൗതാരൊ മാര്‍ട്ടിനെസ് ഓണ്‍ സൈഡ് ആയിരുന്നു എന്നതായിരുന്നു വാസ്തവം.

ലൗതാരൊ മാര്‍ട്ടിനെസിന്റെ ആ ഗോള്‍ അനുവദിക്കപ്പെട്ടിരുന്നെങ്കില്‍ സൗദി അറേബ്യയുടെ തിരിച്ചുവരവ് ജയം ഒരുപക്ഷേ സാധ്യമാകില്ലായിരുന്നു. രണ്ട് ഗോളിന്റെ മുന്‍തൂക്കത്തോടെ രണ്ടാം പകുതിക്ക് ഇറങ്ങുമ്പോള്‍ സാഹചര്യങ്ങളിലും മാറ്റം വരുമായിരുന്നു. എന്നാല്‍, ആ ഗോള്‍ അനുവദിക്കപ്പെടാതിരുന്നത് സൗദിക്ക് ഗുണകരമായി. രണ്ടാം പകുതിയില്‍ അഞ്ച് മിനിറ്റിന്റെ ഇടവേളയില്‍ രണ്ട് ഗോള്‍ നേടി സൗദി അറേബ്യ, അറേബ്യന്‍ മാന്ത്രിക കഥകളെ വെല്ലുന്ന ജയം സ്വന്തമാക്കി.

മത്സരശേഷം ലയണല്‍ മെസി ടീമിന്റെ പിഴവുകളെയോ ഫിനിഷിംഗിലെ പോരായ്മയെക്കുറിച്ചോ സംസാരിച്ചില്ല എന്നതും ശ്രദ്ധേയം. ടീം കൂടുതല്‍ മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ ഒത്തൊരുമിച്ച് നീങ്ങേണ്ട സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് എന്നുമാത്രമായിരുന്നു മെസി പറഞ്ഞത്. അതിനിടെ അര്‍ജന്റീനയ്ക്ക് എതിരായ ചരിത്രജയം ആഘോഷിക്കാന്‍ സൗദി അറേബ്യയില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ആളുകള്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തും വന്‍ റാലികള്‍ സംഘടിപ്പിച്ചുമാണ് സൗദിയില്‍ ജയം ആഘോഷിക്കുന്നത്.

ഗ്രൂപ്പ് സിയില്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ജയം സ്വന്തമാക്കിയാല്‍ അര്‍ജന്റീനയ്ക്ക് പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കാം. പോളണ്ടും മെക്സിക്കോയും തമ്മിലുള്ള മത്സരം 0-0 സമനിലയില്‍ കലാശിച്ചതോടെയാണിത്. ഇന്ത്യന്‍ സമയം 26 രാത്രി 12.30ന് മെക്സിക്കോയ്ക്ക് എതിരേയും 30 രാത്രി 12.30ന് പോളണ്ടിന് എതിരേയുമാണ് അര്‍ജന്റീനയുടെ ശേഷിക്കുന്ന മത്സരങ്ങള്‍.

അര്‍ജന്റീന ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ജയിക്കുകയും സൗദി അറേബ്യ, മെക്സിക്കോയോടും പോളണ്ടിനോടും തോല്‍ക്കുകയും ചെയ്താല്‍ അര്‍ജന്റീന ഗ്രൂപ്പ് ചാമ്പ്യന്മാരാകും. സൗദി അറേബ്യ പുറത്താകുകയും മെക്സിക്കോയോ പോളണ്ടോ രണ്ടാം സ്ഥാനത്തോടെ പ്രീക്വാര്‍ട്ടറില്‍ എത്തുകയും ചെയ്യും. ഗ്രൂപ്പ് സിയില്‍ എന്തും സംഭവിക്കാവുന്ന അവസ്ഥയാണുള്ളത്.

 

Related Articles

Back to top button