FootballISL

പതിയയെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ നീക്കങ്ങള്‍ അതിഗംഭീരം; പുതിയ സൈനിംഗും ടോപ് ക്ലാസ്!!

കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ ട്രാന്‍സ്ഫര്‍ വിപണിയില്‍ വളരെ പതുക്കെയാണ് ഇടപെടുന്നതെന്ന ആരോപണം പല ആരാധകരും ഉന്നയിച്ചിരുന്നു. എന്നാല്‍ അതിലൊന്നും വാസ്തവമില്ലെന്നും ആവശ്യമുള്ള കളിക്കാരെ ടീം കുറഞ്ഞ വിലയ്ക്ക് തന്നെ ടീമിലെത്തിക്കുന്നുണ്ടെന്നുമാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

ഇന്ത്യയുടെ സൂപ്പര്‍ സബ് ഇഷാന്‍ പണ്ഡിതയെയും ടീമിലെത്തിച്ചതോടെ ഗോളടിക്കാന്‍ ഇന്ത്യക്കാരില്ലെന്ന സങ്കടത്തിനും മാനേജ്‌മെന്റ് പരിഹാരം കണ്ടിരിക്കുന്നു. സി.കെ. വിനീത് പോയ ശേഷം നല്ലൊരു ഇന്ത്യന്‍ സ്‌ട്രൈക്കറെ ബ്ലാസ്‌റ്റേഴ്‌സിന് കിട്ടിയിരുന്നില്ല.

ഈ പ്രശ്‌നത്തിനാണ് ഇപ്പോള്‍ മാനേജ്‌മെന്റ് പരിഹാരം കണ്ടിരിക്കുന്നത്. സൂപ്പര്‍ സബ്ബായി 80 മിനിറ്റിനു ശേഷം കളത്തിലിറങ്ങുന്നത് ആണ് പണ്ഡിതയുടെ രീതി. മിക്ക പരിശീലകരും താരത്തെ ഉപയോഗിച്ചതും ഈ രീതിയിലാണ്.

ബ്ലാസ്‌റ്റേഴ്‌സില്‍ കോച്ച് ഇവാന്‍ വുക്കുമനോവിച്ച് താരത്തെ ഉപയോഗിക്കുക മറിച്ചായിരിക്കും. കളിക്കാരുടെ എല്ലാ പോസിറ്റീവ് വശങ്ങളും പരമാവധി ഉപയോഗിക്കാന്‍ സാധിക്കുന്ന കോച്ചാണ് വുക്കുമനോവിച്ച്.

പണ്ഡിത കൂടി വരുന്നതോടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റം കൂടുതല്‍ ശക്തമാകും. അമിതമായി വിദേശ താരങ്ങളെ ആശ്രയിക്കാതെ ഗോളടിക്കാനുള്ള അവസരമാണ് മഞ്ഞപ്പടയ്ക്ക് കൈവന്നത്. ഈസ്റ്റ് ബംഗാളും ചെന്നൈയ്ന്‍ എഫ്‌സിയും ഈ യുവതാരത്തിനായി രംഗത്തുണ്ടായിരുന്നു.

കേരളത്തിലേക്ക് വരുന്നതോടെ കൂടുതല്‍ ഗെയിം ടൈം കിട്ടുമെന്ന പ്രതീക്ഷയിലാണ് പണ്ഡിത. പലപ്പോഴും സൈഡ് ബെഞ്ചിലും അവസാന നിമിഷങ്ങളിലും കളത്തിലിറങ്ങുന്നതില്‍ പണ്ഡിത അതൃപ്തനായിരുന്നുവെന്ന് സമീപകാലത്തെ താരത്തിന്റെ അഭിമുഖങ്ങള്‍ വ്യക്തമാക്കുന്നു.

ഡ്യൂറന്റ് കപ്പ് കളിക്കുന്ന ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഒരു സ്ഥാനം ബ്ലാസ്റ്റേഴ്‌സ് ഒഴിച്ചിട്ടിരുന്നു. ഈ സ്ഥാനത്തേക്ക് പണ്ഡിത വരുമെന്നാണ് കരുതുന്നത്. താരം ഇതിനകം തന്നെ കൊല്‍ക്കത്തയില്‍ എത്തി തന്റെ പുതിയ ടീമംഗങ്ങള്‍ക്കൊപ്പം ചേര്‍ന്നെന്നാണ് വിവരം.

കൊല്‍ക്കത്തയില്‍ ഡ്യൂറന്റ് കപ്പ് പണ്ഡിതയെ സംബന്ധിച്ച് പുതിയ കളിക്കാരുമായി മാനസികമായി അടുക്കാനുള്ള അവസരം കൂടിയാകും. ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ സമ്പൂര്‍ണ ടീമിനെ തന്നെയാണ് കൊല്‍ക്കത്തയ്ക്ക് വിട്ടിരിക്കുന്നത്.

ഇത്തവണ വലിയതോതില്‍ ഡ്യൂറന്റ് കപ്പിന്റെ നിലവാരം കൂടിയിരുന്നു. പരിശീലന സൗകര്യങ്ങള്‍ അടക്കം ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കാന്‍ സംഘാടകര്‍ക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ക്ലബുകള്‍ക്ക് നല്ലൊരു പ്രീസീസണ്‍ ടൂര്‍ണമെന്റാണിത്.

ബ്ലാസ്റ്റേഴ്‌സ് നിരയില്‍ ജീക്‌സണ്‍ സിംഗ് ചെറിയ പരിക്കുണ്ടെങ്കിലും ആദ്യ മല്‍സരത്തിനു മുമ്പ് ഭേദമായേക്കുമെന്നാണ് വിവരം. മറ്റ് കളിക്കാരെല്ലാം പൂര്‍ണ ഫിറ്റാണ്. ഇത്തവണ ഡ്യൂറന്റ് കപ്പില്‍ മികച്ചൊരു പ്രകടനം തന്നെയാണ് ടീം മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button