Football

പത്രസമ്മേളനവും മാന്‍ ഓഫ് ചടങ്ങുകളും ബഹിഷ്‌കരിച്ച് എംബാപ്പെ; സന്തോഷത്തോടെ ഫൈനടച്ച് ഫ്രഞ്ച് ഫുട്‌ബോള്‍!

കെയ്‌ലിയന്‍ എംബാപ്പെയുടെ മിന്നലടികളാണ് ഈ ലോകകപ്പില്‍ ഫ്രാന്‍സിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ചുക്കാന്‍ പിടിക്കുന്നത്. പ്രമുഖ താരങ്ങളില്‍ പലരും പരിക്കേറ്റ് വീണിട്ടും ഒട്ടും കിതയ്ക്കാതെ മുന്നോട്ടു പോകാന്‍ ഫ്രഞ്ച് പടയെ സഹായിക്കുന്നതും എംബാപ്പെയുടെ മാന്ത്രിക കാലുകള്‍ തന്നെയാണ്. കളത്തിനകത്തെ എംബാപ്പെയെ അല്ല നിങ്ങള്‍ക്ക് പുറത്തു കാണാന്‍ സാധിക്കുന്നത്.

ലോകകപ്പുമായി ബന്ധപ്പെട്ട പത്രസമ്മേളനങ്ങള്‍ ഒഴിവാക്കുന്ന എംബാപ്പെയുടെ രീതികളും ഇപ്പോള്‍ വാര്‍ത്തയായിരിക്കുകയാണ്. ഫ്രഞ്ച് മാധ്യമങ്ങളാണ് പത്രസമ്മേളനങ്ങള്‍ എംബാപ്പെ മനപൂര്‍വം ഒഴിവാക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതിനു കൃത്യമായ കാരണങ്ങളുമുണ്ട്. ക്ലബ് ഫുട്‌ബോളിനെക്കുറിച്ചും കരിയറിനെക്കുറിച്ച് പത്രക്കാര്‍ ചോദ്യം ചോദിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് താരം പത്രസമ്മേളനത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നതത്രേ.

ലോകകപ്പുമായി ബന്ധപ്പെട്ടല്ലാത്ത ചോദ്യങ്ങള്‍ തന്റെ ഏകാഗ്രതയെ നഷ്ടപ്പെടുത്തുമെന്ന് എംബാപ്പെ ഭയക്കുന്നു. കോച്ച് ദിദിയെം ദെഷാം യുവതാരത്തിന്റെ ആഗ്രഹത്തിന് എതിരും പറയുന്നില്ല. പത്രസമ്മേളനങ്ങള്‍ മാത്രമല്ല മാന്‍ ഓഫ് ദി മാച്ച് ചടങ്ങിലും ലോകകപ്പ് സ്‌പോണ്‍സറായ ബഡ്‌വൈസര്‍ ബിയറിന്റെ പ്രമോഷണല്‍ ചടങ്ങുകളില്‍ നിന്നും എംബാപ്പെ വിട്ടു നില്‍ക്കുകയാണ്.

ബിയര്‍ കമ്പനി ഉള്‍പ്പെടെ മദ്യത്തെയും ലഹരിയെയും പ്രോത്സാഹിപ്പിക്കുന്ന ഒന്നിനോടും കൂട്ടു കൂടാനില്ലെന്ന നയത്തിന്റെ ഭാഗമായിട്ടാണ് എംബാപ്പെയുടെ ഈ വിട്ടുനില്‍ക്കല്‍. ഫിഫയുടെ സ്‌പോണ്‍സര്‍മാരുടെ പരിപാടികളില്‍ പങ്കെടുക്കണമെന്ന് കരാറില്‍ ഉള്ളതാണ്. പങ്കെടുക്കാതിരുന്നാല്‍ വന്‍ പിഴ അടയ്‌ക്കേണ്ടി വരും. ഫ്രഞ്ച് ഫുട്‌ബോള്‍ എംബാപ്പെയ്ക്കു വേണ്ടി സന്തോഷത്തോടെ പിഴകള്‍ അടച്ചു കൊണ്ടിരിക്കുകയാണന്നാണ് വാര്‍ത്തകള്‍ വരുന്നത്.

പോളണ്ടിനെതിരേ ഫ്രാന്‍സ് 3-1ന് ജയിച്ച പ്രീക്വാര്‍ട്ടറില്‍ എംബാപ്പെ അടിച്ചത് രണ്ടു ഗോളുകളാണ്. ഖത്തര്‍ ലോകകപ്പിലെ ടോപ്പ്സ്‌കോറര്‍ പട്ടികയില്‍ ഒന്നാമതെത്താനും എംബാപ്പെക്കായി. അഞ്ച് ഗോളുകളാണ് ലോകകപ്പിലെ എംബാപ്പെയുടെ നേട്ടം. ലോകകപ്പിലെ എംബാപ്പെയുടെ ആകെ ഗോള്‍നേട്ടം ഒമ്പതാണ്. കഴിഞ്ഞ ലോകകപ്പില്‍ എംബാപ്പെ നാല് ഗോളുകളാണ് നേടിയത്.

ഒന്നിലധികം ലോകകപ്പുകളില്‍ നാലോ അതിലധികമോ ഗോള്‍ നേടുന്ന ആദ്യ ഫ്രാന്‍സ് താരം കൂടിയാണ് എംബാപ്പെ. ഒരു ലോകകപ്പ് ടൂര്‍ണമെന്റില്‍ ഫ്രാന്‍സിനായി അഞ്ച് തവണ വലകുലുക്കുന്ന രണ്ടാമത്തെ മാത്രം താരമാണ് എംബാപ്പെ.

1958-ല്‍ ജസ്റ്റ് ഫൊണ്ടയിന്‍ 13-ഗോളുകള്‍ നേടിയിരുന്നു. പെലെയ്ക്ക് ശേഷം ലോകകപ്പ് നോക്കൗട്ട് സ്റ്റേജുകളില്‍ അഞ്ച് ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരമായും ഈ 23-കാരന്‍ മാറി. വരും മല്‍സരങ്ങളിലും യുവതാരം ഗോളടിച്ചു കൂട്ടിയാല്‍ ഫ്രാന്‍സിനെ തടയാനാകില്ല.

Related Articles

Back to top button