FootballSports News

കേരളത്തിന് പുതുയുഗം

ഡിസംബറുകള്‍ എന്നും കേരള ബ്ലാസ്റ്റേഴ്‌സിനൊരു ദുരന്ത മാസമായിരുന്നു. കഴിഞ്ഞ മൂന്നുനാല് സീസണുകളായി ഡിസംബര്‍ പിന്നിടുമ്പോഴേക്കും ഐഎസ്എല്ലില്‍ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ടീം. എന്നാലിപ്പോഴിതാ പ്രതീക്ഷയുടെ മാസമായി മാറുകയാണ് ഡിസംബര്‍. റെനെ മ്യൂളസ്റ്റീന്‍ മുതല്‍ കിബു വിക്കൂന വരെയുള്ള കോച്ചുമാര്‍ക്ക് സാധിക്കാത്തത് ഇവാന്‍ വുക്കുമനോവിച്ച് എന്ന സൗമ്യനായ പരിശീലകന് നേടാനായിരിക്കുന്നു. ജയങ്ങള്‍ പേരിനു പോലുമില്ലാതിരുന്ന മുന്‍ ഡിസംബര്‍ മാസങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഇതുവരെ മൂന്നു മത്സരങ്ങളില്‍ നിന്ന് ഏഴുപോയിന്റാണ് ടീം നേടിയത്. ഐഎസ്എല്ലില്‍ കളിക്കുന്ന ഏതു ടീമിനും ഡിസംബര്‍ വരെയുള്ള ഫിക്‌സ്ചര്‍ പ്രധാനപ്പെട്ടതാണ്.

ഏകദേശം പകുതിയടുത്ത് മത്സരങ്ങള്‍ ഡിസംബര്‍ പിന്നിടുംമുമ്പ് കഴിഞ്ഞിരിക്കും. ഈ മത്സരങ്ങളില്‍ നിന്ന് ഭേദപ്പെട്ട പോയിന്റുകള്‍ നേടുന്നവര്‍ രണ്ടാംഘട്ടത്തിലും ഈ നില തുടരുന്നതാണ് നാം കണ്ടിട്ടുള്ളത്. ഇതിനൊരു അപവാദം കഴിഞ്ഞ സീസണില്‍ ബെംഗളൂരു എഫ്‌സിയാണ്. ഡിസംബര്‍ വരെ മികച്ചു നിന്ന ബെംഗളൂരുവിന് പിന്നീട് തൊട്ടതെല്ലാം പിഴയ്ക്കുന്നതാണ് കണ്ടത്. ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് ഇതുവരെയുള്ള നേട്ടത്തിന് പ്രധാനമായും രണ്ടുമൂന്ന് ഘടകങ്ങളാണ്. ടീമില്‍ അടിക്കടി മാറ്റംവരുത്താത്ത കോച്ച് ഇവാന്‍ വുക്കുമനോവിച്ചിന്റെ ശൈലിയാണ് അതില്‍ ഏറ്റവും പ്രധാനം. പരിക്കോ മോശം കളിയോ മൂലമല്ലാതെ ഒരു താരത്തെ പോലും തൊട്ടടുത്ത മത്സരത്തില്‍ കോച്ച് മാറ്റിയിട്ടില്ല. ഓരോ കളിയിലെയും പ്രകടനം അടുത്ത മത്സരത്തില്‍ ടീമിനെ ഇറക്കുമ്പോള്‍ പരിഗണിക്കപ്പെടുന്നുണ്ട്. കളത്തില്‍ അധ്വാനിക്കുന്ന താരങ്ങള്‍ക്ക് വലുപ്പച്ചെറുപ്പമില്ലാതെ അവസരം കൊടുക്കാന്‍ വുക്കുമനോവിച്ച് ശ്രദ്ധിക്കുന്നുണ്ട്. കളിക്കാരില്‍ കൂടുതല്‍ ആത്മവിശ്വാസം വളര്‍ത്തിയെടുക്കാന്‍ ഇതുകൊണ്ട് സാധിച്ചു.

രണ്ടാമത്തെ പ്രധാനഘടകം പരിക്കാണ്. മുന്‍ സീസണുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ കളിക്കാര്‍ക്ക് പരിക്ക് താരതമ്യേന കുറവുള്ള സീസണാണ് ഇതുവരെ. കെപി രാഹുലും ആല്‍ബിനോ ഗോമസും സിപ്പോവിച്ചും ഒക്കെ പരിക്കേറ്റിട്ടുണ്ടെങ്കിലും സീസണ്‍ മുഴുവന്‍ നഷ്ടപ്പെടുന്ന തരത്തിലുള്ളതായിരുന്നില്ല അത്. എല്‍ക്കോ ഷട്ടോരി കോച്ചായിരുന്ന സമയത്ത് മനസിലുള്ള ഇലവനെ പോലും ഇറക്കാന്‍ പോലും അദേഹത്തിന് സാധിച്ചിരുന്നില്ല. ഇപ്പോള്‍ നമ്മുടെ മെഡിക്കല്‍ ടീം തീര്‍ച്ചയായും ഒരു കൈയ്യടി അര്‍ഹിക്കുന്നുണ്ട്. എന്നും വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്ന റഫറിമാരെ പോലും മെരുക്കിയെടുക്കാന്‍ ഇത്തവണ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞിരിക്കുന്നു. അല്ലറചില്ലറ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും മറ്റ് ടീമുകള്‍ക്ക് നേരിടുന്നതില്‍ കൂടുതല്‍ പ്രശ്‌നം റഫറിമാരെക്കൊണ്ടില്ല. സീസണ്‍ പകുതി പോലും ആയിട്ടില്ലെങ്കിലും ഇത്തവണ ഈ ടീമില്‍നിന്ന് എന്തെങ്കിലുമൊക്കെ പ്രതീക്ഷിക്കാമെന്ന പ്രതീതി ഉണ്ടാക്കാനായിട്ടുണ്ട്. ഇതുപോലെ തന്നെ ടീം മുന്നോട്ടുപോകട്ടെയെന്ന് പ്രതീക്ഷിക്കാം.

Related Articles

Leave a Reply

Back to top button