Cricket

മുംബൈ ലോബിയ്ക്കു പിന്നാലെ ലോകകപ്പ് സ്‌ക്വാഡ് കൈയ്യടക്കി രാജസ്ഥാന്‍ ലോബിയും!! ഐപിഎല്‍ ടീമുകളുടെ സ്വാധീനം ഇങ്ങനെ

ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചതിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. രോഹിത് ശര്‍മ ക്യാപ്റ്റനായും ഹാര്‍ദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റനായുമുള്ള സ്‌ക്വാഡില്‍ മലയാളി താരം സഞ്ജു സാംസണുമുണ്ട്.

യശസ്വി ജെയ്സ്വാളാണ് രണ്ടാം ഓപ്പണര്‍ വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ് എന്നിവരാണ് ടോപ് ഓര്‍ഡറിലെ മറ്റ് താരങ്ങള്‍.

വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് മലയാളി താരം സഞ്ജു സാംസണ്‍ സ്‌ക്വാഡില്‍ ഇടം നേടിയത്. സഞ്ജുവിന്റെ കരിയറിലെ ആദ്യ ലോകകപ്പ് ടൂറാണിത്. രാജസ്ഥാന്‍ നായകന് പുറമെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ റിഷബ് പന്തും സ്‌ക്വാഡില്‍ ഇടം കണ്ടെത്തി.

ഹര്‍ദിക് പാണ്ഡ്യക്ക് പുറമെ ഓള്‍ റൗണ്ടര്‍മാരായി ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍ എന്നിവരും ലോകകപ്പില്‍ ഇന്ത്യക്കായി വെസ്റ്റ് ഇന്‍ഡീസിലേക്ക് പറക്കും.

കുല്‍ദീപ് യാദവും യൂസ്വേന്ദ്ര ചഹലും ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായപ്പോള്‍ അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരാണ് സ്‌ക്വാഡിലെ പേസര്‍മാര്‍.

ഇതിന് പുറമെ ട്രാവലിംഗ് റിസര്‍വുകളായി ശുഭ്മന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍ എന്നിവരും സ്‌ക്വാഡിനൊപ്പം വിന്‍ഡീസിലേക്ക് പറക്കും.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഐ.പി.എല്ലിലെ പ്രകടനം ലോകകപ്പ് സെലക്ഷനില്‍ നിര്‍ണായകമായിട്ടുണ്ട് എന്ന് തെളിയിക്കുന്നതാണ് സ്‌ക്വാഡ്.

മുംബൈ ഇന്ത്യന്‍സില്‍ നിന്നാണ് ലോകകപ്പ് സ്‌ക്വാഡില്‍ ഏറ്റവുമധികം താരങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. നാല് പേര്‍. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും ദല്‍ഹി ക്യാപ്പിറ്റല്‍സില്‍ നിന്നും നാല് വീതം താരങ്ങള്‍ സ്‌ക്വാഡിന്റെ ഭാഗമാണെങ്കിലും ഇതില്‍ ഒരോ താരങ്ങള്‍ ട്രാവലിംഗ് റിസര്‍വുകളാണ്.

ചെന്നൈ സൂപ്പര്‍ കിങ്സില്‍ നിന്നും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവില്‍ നിന്നും രണ്ട് വീതം താരങ്ങള്‍ സ്‌ക്വാഡിന്റെ ഭാഗമായപ്പോള്‍ പഞ്ചാബ് കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നീ ടീമുകളില്‍ നിന്നും ഓരോ താരങ്ങളും സ്‌ക്വാഡിന്റെ ഭാഗമാണ്.

സണ്‍റൈസേഴ്സ് ഹൈദരാബാദ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ടീമുകളില്‍ നിന്നുള്ള ആരും ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടംപിടിച്ചില്ല.

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവരാണ് മുംബൈയില്‍ നിന്നുള്ള താരങ്ങള്‍

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്സ്വാള്‍, യൂസ്വേന്ദ്ര ചഹല്‍, ആവേശ് ഖാന്‍(ട്രാവലിംഗ് റിസര്‍വ്) എന്നിവര്‍ രാജസ്ഥാനെ പ്രതിനിധീകരിക്കും.

റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, ഖലീല്‍ അഹമ്മദ്(ട്രാവലിംഗ് റിസര്‍വ്) എന്നിവരാണ് ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്നുള്ള താരങ്ങള്‍.

ശിവം ദുബെ, രവീന്ദ്ര ജഡജേ( ചെന്നൈ സൂപ്പര്‍ കിംഗ്‌സ്), വിരാട് കോഹ് ലി, മുഹമ്മദ് സിറാജ്( റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു), അര്‍ഷ്ദീപ് സിംഗ്( ട്രാവലിംഗ് റിസര്‍വ്-പഞ്ചാബ് കിംഗ്്‌സ്), റിങ്കു സിംഗ്(ട്രാവലിംഗ് റിസര്‍വ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്), ശുഭ്മാന്‍ ഗില്‍(ട്രാവലിംഗ് റിസര്‍വ്-പഞ്ചാബ് കിംഗ്‌സ്). എന്നിങ്ങനെയാണ് താരങ്ങളും ടീമുകളും.

ഇന്നായിരുന്നു ടീം പ്രഖ്യാപിക്കാനുള്ള അവസാന ദിവസം. ഡെഡ് ലൈനിന് ഒരു ദിവസം മുമ്പാണ് ഇന്ത്യ സ്‌ക്വാഡ് പ്രഖ്യാപിച്ചത്.

എന്നാല്‍ ടീമുകള്‍ക്ക് മെയ് 25 വരെ ടീമുകളെ ഫൈനലൈസ് ചെയ്യാന്‍ പറ്റുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതിനാല്‍ തന്നെ സ്‌ക്വാഡില്‍ പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താനും ഒഴിവാക്കലുകള്‍ നടത്താനും ടീമുകള്‍ക്ക് 25 വരെ സാധിക്കും. മെയ് 26നാണ് ഐപിഎല്‍ ഫൈനല്‍.

ജൂണ്‍ ഒന്നിനാണ് ട്വന്റി20 ലോകകപ്പ് ആരംഭിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസും അമേരിക്കയുമാണ് ലോകകപ്പിന് ആതിഥേയരാകുന്നത്. ഡാലസില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ അമേരിക്ക അമേരിക്കാസ് ക്വാളിഫയര്‍ ജയിച്ചെത്തിയ കാനഡയെ നേരിടും.

നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് ജൂണ്‍ നാലിനാണ് ആദ്യ മത്സരത്തിനിറങ്ങുന്നത്. ബാര്‍ബഡോസില്‍ നടക്കുന്ന മത്സരത്തില്‍ സ്‌കോട്ലാന്‍ഡാണ് എതിരാളികള്‍. ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഈസ്റ്റ് മെഡോയാണ് വേദി.

Related Articles

Back to top button