Cricket

ചെന്നൈയുടെ കാര്യം കട്ടപ്പൊക!! ഒറ്റയടിയ്ക്ക് ഇന്ത്യ വിട്ടത് മൂന്ന് സൂപ്പര്‍ താരങ്ങള്‍; ഇവിടെ ഉള്ളവര്‍ക്ക് പരിക്കും പനിയും

സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനോട് തോറ്റത് ചെന്നൈ സൂപ്പര്‍കിംഗ്‌സിന് വലിയ ക്ഷീണമായിരിക്കുകയാണ്.

ഇനിയുള്ള നാലു മത്സരങ്ങളില്‍ മൂന്നെണ്ണത്തിലെങ്കിലും വിജയിക്കാനായെങ്കില്‍ മാത്രമേ ചെന്നൈയ്ക്ക് പ്ലേ ഓഫ് ഉറപ്പിക്കാനാവൂ.

പഞ്ചാബിനെതിരേ തോറ്റതിനൊപ്പം വേറെയും ചില തിരിച്ചടികള്‍ ചെന്നൈയ്ക്ക് സംഭവിച്ചിരിക്കുകയാണ്. ബൗളിംഗിനിടെ പരിക്കേറ്റ ബൗളര്‍ ദീപക് ചാഹറിന്റെ പരിക്ക് അല്‍പം പ്രശ്‌നമാണെന്ന് പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിംഗ് തന്നെ വ്യക്തമാക്കി. താരം ഇനി സീസണില്‍ തുടര്‍ന്നു കളിക്കുന്ന കാര്യവും സംശയമാണ്.

ചെന്നൈയ്ക്കായി ബൗളിംഗ് ഓപ്പണ്‍ ചെയ്ത ചാഹര്‍ രണ്ടു പന്ത് എറിഞ്ഞ ശേഷം കയറിപ്പോവുകയായിരുന്നു. ശാര്‍ദൂല്‍ താക്കൂറാണ് ഓവര്‍ പൂര്‍ത്തിയാക്കിയത്. സീസണില്‍ ഇതുവരെ പന്തെറിഞ്ഞിട്ടില്ലാത്ത ശിവം ദുബെയെക്കൊണ്ടു വരെ ഓവര്‍ ചെയ്യിക്കേണ്ടി വന്നു.

അതേ സമയം വിസ നടപടിക്രമങ്ങള്‍ക്കായി മതീഷ പതിരാനയും മഹീഷ് തീക്ഷണയും ശ്രീലങ്കയിലേക്ക് പോയിരിക്കുകയാണ്.

ഇന്നലത്തെ മത്സരത്തില്‍ കളിച്ച ബംഗ്ലാദേശ് പേസര്‍ മുസ്താഫിസുര്‍ റഹ്‌മാന്‍ സിംബാബ് വെയ്‌ക്കെതിരായ പരമ്പരയ്ക്കായി നാട്ടിലേക്ക് മടങ്ങി. താരം ഇനി തിരിച്ചു വരില്ലെന്ന് സ്റ്റീഫന്‍ ഫ്‌ളെമിംഗ് വ്യക്തമാക്കുകയും ചെയ്തു.

മറ്റൊരു ബൗളര്‍ തുഷാര്‍ ദേശ്പാണ്ഡെ വൈറല്‍ പനി ബാധിച്ച് വിശ്രമത്തിലായതും ചെന്നൈയ്ക്ക് വലിയ തിരിച്ചടിയാണ്. മെയ് അഞ്ചിന് പഞ്ചാബിനെതിരേ അവരുടെ തട്ടകത്തിലാണ് ചെന്നൈയുടെ അടുത്ത മത്സരം.

ശാര്‍ദൂല്‍ താക്കൂര്‍ മാത്രമാണ് നിലവിലെ സാഹചര്യത്തില്‍ മത്സരത്തിനിറങ്ങുന്ന പരിചയ സമ്പത്തുള്ള ഏക പേസ് ബൗളര്‍. വരും മത്സരത്തില്‍ മുകേഷ് ചൗധരി, ആര്‍.എസ് ഹൈംഗര്‍ഗേക്കര്‍ എന്നിവരിലാരെയെങ്കിലും കളത്തിലിറക്കാതെ ചെന്നൈയ്ക്ക് വേറെ വഴിയില്ല. സ്‌ക്വാഡില്‍ അവശേഷിക്കുന്ന രണ്ടു പേസര്‍മാര്‍ ഇവരാണ്‌

Related Articles

Back to top button