FootballISL

ബ്ലാസ്‌റ്റേഴ്‌സിനെ കാത്തിരിക്കുന്നത് വന്‍ ശിക്ഷ? പണികിട്ടാന്‍ സാധ്യത!!

ഇന്ത്യന്‍ ഫുട്‌ബോളില്‍ ഇതുവരെ കാണാത്ത നാടകീയ നീക്കത്തിലൂടെ കളി ബഹിഷ്‌കരിച്ച് മടങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിനെ കാത്തിരിക്കുന്നത് വലിയ പിഴയെന്ന് സൂചന. ചിലപ്പോള്‍ വിലക്ക് വരെ വന്നേക്കാമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ സ്‌പോര്‍ട്‌സ്‌ക്യൂവിനോട് പ്രതികരിച്ചു.

എന്നാല്‍ റഫറിയുടെ വിസില്‍ വരുന്നതിനു മുമ്പ് ഫ്രീകിക്കെടുത്ത സുനില്‍ ഛേത്രിയുടെ നടപടിയെ പലരും എതിര്‍ക്കുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ മാച്ച് കമ്മീഷണറുടെ റിപ്പോര്‍ട്ടാകും ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാവി നിര്‍ണയിക്കുക.

കളിയുടെ എക്‌സ്ട്ര ടൈമിലാണ് വിവാദ സംഭവങ്ങള്‍ തുടങ്ങുന്നത്. ബോക്‌സിന് വെളിയില്‍ നിന്നും ബെംഗളൂരുവിന് ലഭിച്ച ഫ്രീകിക്കാണ് വില്ലന്‍. ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ തയാറെടുക്കുന്ന സമയത്ത് ഛേത്രി പെട്ടെന്ന് കിക്കെടുക്കുകയും പന്ത് വലയിലാക്കുകയുമായിരുന്നു.

ആദ്യം ഒന്നും മനസിലാകാതെ നിശ്ചലനായി നിന്ന ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുക്കുമനോവിച്ച് തൊട്ടുപിന്നാലെ കളിക്കാരെയും വിളിച്ച് സ്ഥലം വിടുകയായിരുന്നു. ഈ നടപടിയുടെ പേരില്‍ ബ്ലാസ്റ്റേഴ്‌സിനെ കാത്ത് വലിയ നടപടി ഉണ്ടാകുമെന്ന് ഉറപ്പാണ്.

ഒന്നുകില്‍ ബ്ലാസ്റ്റേഴ്‌സിനെ നിശ്ചിത കളികളില്‍ നിന്നും വിലക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ഫാന്‍ബേസ് ഉള്ള ടീമെന്ന നിലയില്‍ ഇത്തരത്തിലൊരു കടുത്ത നടപടി എടുക്കുന്നത് ഇന്ത്യന്‍ ഫുട്‌ബോളിനു ഗുണമാകില്ല. ലീഗിനെയും അതു ബാധിക്കും.

പിന്നെയുള്ള ഒരു സാധ്യത കടുത്ത പിഴത്തുക ഈടാക്കുകയാണ്. പിഴ ഈടാക്കിയാല്‍ വിലക്ക് ഏര്‍പ്പെടുത്തുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. ഒപ്പം സംഘാടകര്‍ക്ക് നല്ലൊരു തുക അക്കൗണ്ടിലെത്തിക്കാനും സാധിക്കും. കൂടുതല്‍ സാധ്യത പിഴത്തുക ഏര്‍പ്പെടുത്താന്‍ തന്നെയാണ്.

അതേസമയം, യൂറോപ്യന്‍ ഫുട്‌ബോളില്‍ ഇത്തരത്തില്‍ പെട്ടെന്നുള്ള ഫ്രീകിക്കുകള്‍ ലയണല്‍ മെസിയെ പോലുള്ള താരങ്ങള്‍ വരെ ചെയ്തിട്ടുണ്ടെന്നാണ് ബെംഗളൂരു ഫാന്‍സിന്റെ വാദം. ഇത്തരത്തില്‍ മെസി ഗോള്‍ നേടുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്.

വുക്കുമനോവിച്ചിന്റെ ഉടനടി നീക്കം

ഛേത്രിയുടെ ഗോളിനെതിരേ റഫറി ക്രിസ്റ്റല്‍ ജോണ്‍സുമായി ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ നിരന്തരം തര്‍ക്കിച്ചെങ്കിലും ഗോളെന്ന തീരുമാനം മാറ്റാന്‍ അദേഹം തയാറായില്ല. ഇവാന്‍ തന്റെ കളിക്കാരെ ഇതോടെ അടുത്തേക്ക് വിളിച്ചു. സൈഡ് ലൈനില്‍ ഒത്തുകൂടിയ കളിക്കാരോട് മടങ്ങാമെന്ന് ഇവാന്‍ പറഞ്ഞതോടെ ഒന്നും പറയാതെ കളിക്കാരും ഒപ്പംചേര്‍ന്നു.

കളിയാക്കി കൂവുന്ന ബെംഗളൂരു ആരാധകരുടെ നടുവിലൂടെ തലയുയര്‍ത്തി ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ കോച്ചിനൊപ്പം മടങ്ങി. മാച്ച് കമ്മീഷണര്‍ അമിത് പുരുഷോത്തം റഫറിയുമായും കോച്ചുമായും ഇടയ്ക്കിടെ സംസാരിക്കുന്നുണ്ടായിരുന്നു.

ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഇത്തരത്തില്‍ കളി ബഹിഷ്‌കരിച്ചത് വലിയ തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്. വിലക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബ്ലാസ്റ്റേഴ്‌സിനെ തേടിയെത്തിയേക്കാം. ഇക്കാര്യത്തില്‍ മാച്ച് കമ്മീഷണറുടെ റിപ്പോര്‍ട്ട് നിര്‍ണായകമാകും.

 

Related Articles

Back to top button