Football

മെസിയുടെ അര്‍ജന്റീന കപ്പടിക്കുമെന്ന് വന്‍ പ്രവചനം!

ഫിഫ 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ കിരീടം നെയ്മറിന്റെ ബ്രസീല്‍ നേടുമോ, അതോ ലയണല്‍ മെസിയുടെ അര്‍ജന്റീന സ്വന്തമാക്കുമോ… അതോ, ഹാരി കെയ്ന്റെ ഇംഗ്ലണ്ട്… അല്ലെങ്കില്‍ ഫ്രാന്‍സ്, അതുമല്ലെങ്കില്‍ ജര്‍മനി, ബെല്‍ജിയം… ചൂടേറിയ ചര്‍ച്ചകളും കണക്കുകൂട്ടലുമാണ് ഫുട്ബോള്‍ ലോകകപ്പ് ഇപ്പോള്‍ നടക്കുന്നത്.

2022 ഫിഫ ഖത്തര്‍ ലോകകപ്പിലേക്ക് ഇനിയുള്ളത് വിരലില്‍ എണ്ണാവുന്ന ദിനങ്ങള്‍ മാത്രമാണെന്നിരിക്കേ കേരളക്കരയും ആവേശത്തിരയിളക്കത്തിലാണ്. ബ്രസീല്‍ ആരാധകരും അര്‍ജന്റീന ആരാധരും തമ്മിലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വാഗ്വാദങ്ങള്‍ അരങ്ങേറുന്നത്.

ചൂടേറിയ ചര്‍ച്ചകള്‍ക്കിടയിലാണ് 2022 ഖത്തര്‍ ലോകകപ്പ് കിരീടം അര്‍ജന്റീന നേടും എന്ന പ്രവചനവുമായി ഇഎ സ്പോര്‍ട്സ് ഫിഫ 23 ഒരു ഗെയിം അവതരിപ്പിച്ചത്. ഖത്തറില്‍ ലയണല്‍ മെസിയും സംഘവും ലോകകപ്പ് സ്വന്തമാക്കും എന്നാണ് ഇഎ സ്പോര്‍ട്സ് ഫിഫയുടെ പ്രവചനം. ഈ പ്രവചനത്തെ സാധൂകരിക്കാന്‍ അവര്‍ മുമ്പ് നടത്തിയ പ്രവചനങ്ങളുടെ കണക്കും നിരത്തുന്നുണ്ട്.

2010 മുതല്‍ തങ്ങളുടെ പ്രവചനം തെറ്റിയിട്ടില്ലെന്ന കുറിപ്പോടെയാണ് 2022 ലോകകപ്പ് അര്‍ജന്റീന സ്വന്തമാക്കും എന്ന് ഇഎ സ്പോര്‍ട്സ് ഫിഫ പ്രഖ്യാപിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയം. 2010 ല്‍ സ്പെയ്ന്‍, 2014 ല്‍ ജര്‍മനി, 2018 ല്‍ ഫ്രാന്‍സ് എന്നിങ്ങനെ മുമ്പ് നടത്തിയ മൂന്ന് പ്രവചനവും ശരിയായിരുന്നു എന്നും ഇഎ സ്പോര്‍ട്സ് ഫിഫ ട്വിറ്ററിലൂടെ അവകാശപ്പെട്ടു.

ഖത്തര്‍ ലോകകപ്പില്‍ കിരീടം സ്വന്തമാക്കാന്‍ സാധ്യതയുള്ള അഞ്ച് രാജ്യങ്ങളില്‍ ഒന്നാണ് അര്‍ജന്റീന. ബ്രസീല്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ബെല്‍ജിയം ടീമുകളാണ് കിരീട സാധ്യതയില്‍ അര്‍ജന്റീനയ്ക്കൊപ്പം മുന്‍പന്തിയില്‍ ഉള്ളത്. 2019 കോപ്പ അമേരിക്ക സെമിയില്‍ ബ്രസീലിനോട് തോറ്റ ശേഷം ഇതുവരെ അര്‍ജന്റീന പരാജയം രുചിച്ചിട്ടില്ല. തുടര്‍ച്ചയായ 35 മത്സരങ്ങളില്‍ തോല്‍വി അറിയാതെയാണ് ലയണല്‍ മെസിയും സംഘവും ഖത്തറിലേക്ക് എത്താനൊരുങ്ങുന്നത്. 2019 കോപ്പ സെമിയിലെ തോല്‍വിക്കുശേഷം 24 ജയവും 11 സമനിലയുമാണ് അര്‍ജന്റീനയ്ക്കുള്ളത്.

ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് സി യിലാണ് അര്‍ജന്റീന. മെക്സിക്കൊ, സൗദി അറേബ്യ, പോളണ്ട് ടീമുകളാണ് അര്‍ജന്റീനയ്ക്കൊപ്പം ഗ്രൂപ്പില്‍. 22 ന് സൗദി അറേബ്യക്ക് എതിരേ ആണ് ലോകകപ്പില്‍ അര്‍ജന്റീനയുടെ ആദ്യ മത്സരം. ലോകകപ്പിനു മുമ്പ് 16-ാം തീയതി യുഎഇക്ക് എതിരേ അര്‍ജന്റീന സന്നാഹ മത്സരം കളിക്കും.

തോല്‍വി അറിയാതെ തുടര്‍ച്ചയായി 36 മത്സരങ്ങള്‍ എന്ന ഇറ്റലിയുടെ ലോക റിക്കാര്‍ഡിന് ഒപ്പം എത്തി ഖത്തര്‍ പോരാട്ടം ലയണല്‍ മെസിയും സംഘവും ആരംഭിക്കുന്നത് കാണാനാണ് അര്‍ജന്റൈന്‍ ആരാധകരുടെ കാത്തിരിപ്പ്, ഒപ്പം ലയണല്‍ മെസി കപ്പ് ഉയര്‍ത്തുന്നത് കാണാനും…

Related Articles

Back to top button