Cricket

ഇംപാക്ട് പ്ലെയര്‍ നിയമം നിരവധി കളിക്കാരുടെ ഭാവിയെ തകര്‍ക്കും!! ശ്രദ്ധേയമായ നിരീക്ഷണവുമായി രോഹിത് ശര്‍മ

ഇതിനോടകം ഐപിഎല്ലിലെ പല കളികളിലും വിജയം നിര്‍ണയിച്ചതില്‍ മുഖ്യ ഘടകമായ ഇംപാക്ട് പ്ലേയര്‍ നിയമത്തിനെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ രംഗത്ത്.

ഐപിഎലിലെ ഇംപാക്ട് പ്ലെയര്‍ നിയമം ഓള്‍റൗണ്ടര്‍മാരുടെ ഭാവിയെ ബാധിക്കുമെന്നാണ് രോഹിതിന്റെ നിരീക്ഷണം. കാര്യങ്ങള്‍ ഗൗരവകരമായി പരിഗണിച്ചാല്‍ രോഹിത് പറയുന്നതില്‍ കഴമ്പുണ്ടെന്ന് മനസ്സിലാകും.

”ഐപിഎല്ലിലെ ഇംപാക്ട് പ്ലെയര്‍ നിയമം ഓള്‍റൗണ്ടര്‍മാരുടെ പ്രകടനത്തെയും ഭാവിയെയും ദോഷമായി ബാധിക്കുമെന്നാണ് എന്റെ അഭിപ്രായം. ക്രിക്കറ്റ് 11 പേരുടെ കളിയാണ്, 12 പേരുടേതല്ല.” രോഹിത് ശര്‍മ പറഞ്ഞു.

”ഐപിഎലില്‍ വാഷിങ്ടണ്‍ സുന്ദര്‍, ശിവം ദുബെ തുടങ്ങിയവര്‍ക്കു വേണ്ടത്ര ബോളിങ് അവസരം കിട്ടുന്നില്ല ഇപ്പോള്‍. ഇത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവിക്കു നല്ലതല്ല.” രോഹിത് ശര്‍മ വ്യക്തമാക്കി.

ഇംപാക്ട് പ്ലേയര്‍ നിയമം ഉപയോഗിച്ച് ഐപിഎല്‍ ടീമുകള്‍ ബാറ്റര്‍മാരെയും ബോളര്‍മാരെയും സാഹചര്യത്തിനനുസരിച്ച് ടീമില്‍നിന്നു മാറ്റുന്നുണ്ട്. ഇതിനാല്‍ തന്നെ ഓള്‍റൗണ്ടര്‍മാരുടെ പ്രസ്‌ക്തി ഏറെക്കുറെ ഇല്ലാതാവും ചെയ്തു.

ഇംപാക്ട് പ്ലെയര്‍ ഉള്ളതിനാല്‍ ശിവം ദുബെ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ ബൗള്‍ ചെയ്യുന്നതേയില്ലെന്ന കാര്യം രോഹിതിന്റെ നിരീക്ഷണം ശരിവയ്ക്കുന്നതാണ്.

ട്വന്റി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലേക്ക് ഓള്‍ റൗണ്ടര്‍ ശിവം ദുബെയെ പരിഗണിച്ചേക്കുമെന്നു വിവരമുണ്ട്. ടീമില്‍ ഇടം പിടിക്കാനായി ഹാര്‍ദിക് പാണ്ഡ്യയുമായാണ് താരത്തിന്റെ മത്സരം.

ബാറ്റിംഗില്‍ മികച്ച ഫോമിലാണെങ്കിലും ബൗള്‍ ചെയ്യുന്നില്ലെന്നത് താരത്തിന് വലിയ തിരിച്ചടിയാവാന്‍ സാധ്യതയുണ്ട്. അതേസമയം ബാറ്റിംഗില്‍ പാണ്ഡ്യയ്ക്ക് ഇതുവരെ മികവു പുലര്‍ത്താനായില്ലെങ്കിലും താരം തുടര്‍ച്ചയായി ബൗള്‍ ചെയ്യുന്നുണ്ട്. ബൗളിംഗില്‍ താരതമ്യേന ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനും താരത്തിന് കഴിയുന്നു.

അതേ സമയം ബാറ്റിംഗ് ഓള്‍റൗണ്ടറായി ലേബല്‍ ചെയ്യപ്പെട്ടിട്ടുള്ള ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്ക് ബൗളിംഗിന് അവസരം ലഭിക്കാത്തത് അവരുടെ ദേശീയ ടീമിലെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്ന് തീര്‍ച്ചയാണ്.

Related Articles

Back to top button