CricketTop Stories

ഇന്ത്യയെ നേരിടും മുമ്പേ പാക്കിസ്ഥാന് വന്‍ തിരിച്ചടി!

ഏഷ്യാകപ്പില്‍ നിര്‍ണായക സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയെ നേരിടാനിരിക്കെ പാക്കിസ്ഥാന്‍ ക്യാംപില്‍ പരിക്കിന്റെ കളി. പാക് പേസ് ബൗളിംഗിന്റെ കുന്തമുനകളില്‍ ഒന്നായ ഷഹ്നവാസ് ദഹാനിക്ക് ഇന്ത്യയ്‌ക്കെതിരേ കളിക്കാനാകില്ല. ഹോങ്കോംഗിനെതിരായ മല്‍സരത്തിനിടെ പരിക്കേറ്റ താരം കളിക്കില്ലെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

അടുത്ത 48 മുതല്‍ 72 മണിക്കൂര്‍ വരെ താരത്തെ നിരീക്ഷിക്കുന്നുണ്ടെന്നും ഏഷ്യാകപ്പില്‍ തുടര്‍ന്നു കളിക്കാന്‍ പറ്റുമോയെന്ന് അതിനു ശേഷം മാത്രമേ അറിയാന്‍ സാധിക്കൂവെന്നും പിസിബിയുടെ കുറിപ്പില്‍ പറയുന്നു. ഇപ്പോള്‍ തന്നെ പരിക്കുമൂലം പ്രധാന പേസര്‍മാരായ ഷഹീര്‍ഷാ അഫ്രീദി, മുഹമ്മദ് വസീം ജൂണിയര്‍ എന്നിവരെ അവര്‍ക്ക് നഷ്ടമായിരുന്നു.

ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഏറെ നിര്‍ണായകമാണ് ഇന്ന് രാത്രി നടക്കുന്ന സൂപ്പര്‍ ഫോര്‍ പോരാട്ടം. തോല്‍ക്കുന്ന ടീമിന് ഫൈനലിലെത്താനുള്ള സാധ്യത കുറയുമെന്നതിനാല്‍ എന്തു വിലകൊടുത്തും ജയിക്കുകയെന്ന ലക്ഷ്യത്തോടെയാകും ടീമുകള്‍ ഇറങ്ങുക. ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ നേടിയ ജയത്തിന്റെ ആനുകൂല്യം ഇന്ത്യയ്ക്ക് സൂപ്പര്‍ ഫോര്‍ പോരാട്ടത്തിന് കരുത്താകും.

അതേസമയം, ഇന്ത്യന്‍ ക്യാംപിലും പരിക്കിന്റെ പ്രശ്‌നങ്ങളുണ്ട്. സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് ഇനിയുള്ള മല്‍സരങ്ങള്‍ കളിക്കാനാകില്ല. കൈമുട്ടിനേറ്റ പരിക്കാണ് ജഡേജയ്ക്ക് തിരിച്ചടിയായത്. അക്‌സര്‍ പട്ടേലാണ് പകരക്കാരന്റെ റോളില്‍ എത്തുന്നത്. ബാറ്റും ചെയ്യുമെങ്കിലും അക്‌സറിന് ജഡേജയുടെ അത്ര ഇംപാക്ട് കളത്തില്‍ ഉണ്ടാക്കാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍.

Related Articles

Back to top button