CricketIPL

തലേദിവസം പാതിരാത്രി ധോണി സ്റ്റേഡിയത്തിലെത്തി!! സ്വഭാവം മാറിയ പിച്ചില്‍ തന്ത്രം മാറ്റിപണിയാന്‍; മഹി ബ്രില്യന്‍സ് വന്നതിങ്ങനെ!!

തന്ത്രങ്ങളുടെ ഉസ്താദാണ് എംഎസ് ധോണി. ഇന്ത്യയെ രണ്ട് ലോകകപ്പുകളിലേക്ക് കൈപിടിച്ചത് മഹിയുടെ ബുദ്ധിയും ടീമിന്റെ അര്‍പ്പണബോധവും ചേര്‍ന്നപ്പോഴായിരുന്നു. ഇപ്പോഴിതാ വയസ് നാല്‍പതില്‍ എത്തിയിട്ടും ചെന്നൈ സൂപ്പര്‍കിംഗ്‌സിന് ധോണിയെന്ന തന്ത്രജ്ഞന്‍ നല്‍കുന്നത് സമാനതകളില്ലാത്ത വിജയവഴികളാണ്.

ബാറ്ററെന്ന നിലയില്‍ ഏറ്റവും അവസാനം ക്രീസിലെത്തിയും വിക്കറ്റിന് പിന്നില്‍ കൂര്‍മബുദ്ധിയോടെ നിലയുറപ്പിച്ചും ധോണി ടീമിന് നല്‍കുന്ന പോസിറ്റീവ് വൈബ് ചെറുതല്ല. ഡെല്‍ഹി ക്യാപിറ്റല്‍സിനെതിരേ നിര്‍ണായക മല്‍സരത്തില്‍ ചെന്നൈ ജയത്തിലേക്ക് എത്തിയതിന് പിന്നില്‍ ധോണിയുടെ കൃത്യമായ പദ്ധതികളായിരുന്നു.

ലീഗിന്റെ തുടക്കത്തില്‍ ബാറ്റിംഗിനെ പരിധിയില്ലാതെ സഹായിച്ച പിച്ചില്‍ 167 റണ്‍സ് അത്ര വലിയ സ്‌കോര്‍ ആയിരുന്നില്ല. എന്നാല്‍ പിച്ചിന്റെ സ്വഭാവം മാറിതുടങ്ങിയെന്ന് ആദ്യം മനസിലാക്കിയ ആള്‍ ധോണി തന്നെയായിരുന്നു.

പിച്ച് കൂടുതലായി കുത്തി തിരിയുന്നതിനാല്‍ ചെറിയ സ്‌കോര്‍ പോലും വിജയത്തിലേക്ക് നയിക്കുമെന്ന് ധോണിക്ക് കൃത്യമായി അറിയാമായിരുന്നു. രണ്ടാമത് ബാറ്റുചെയ്യുന്ന ടീമിന് ഒരു അധിക അഡ്വാന്റേജ് ചെപ്പോക്ക് സ്‌റ്റേഡിയം നല്‍കിയിരുന്നു.

അതു മഞ്ഞിന്റെ രൂപത്തിലായിരുന്നു. രാത്രി പത്താകുന്നതോടെ ഔട്ട്ഫീല്‍ഡില്‍ കൂടുതല്‍ മഞ്ഞ് രൂപപ്പെട്ടു തുടങ്ങും. ഇത് ബൗളിംഗ് ടീമിന് വലിയ പ്രതിസന്ധിയാകും. പന്തിന്റെ ഗ്രിപ്പ് നഷ്ടപ്പെടുന്നതോടെ ബൗളര്‍മാര്‍ക്ക് നിയന്ത്രണം കുറയും.

എന്നിട്ടു പോലും ടോസ് നേടിയ ധോണി ബാറ്റിംഗ് തെരഞ്ഞെടുത്തത് ഏവരെയും ഞെട്ടിച്ചു. ഒരുഘട്ടത്തില്‍ ചെന്നൈയ്ക്ക് തുടര്‍ച്ചയായി 28 പന്തുകളില്‍ ഒരു ബൗണ്ടറി പോലും നേടാന്‍ സാധിച്ചിരുന്നില്ലെന്നത് ശ്രദ്ധേയമാണ്.

പിച്ച് കൂടുതല്‍ സ്പിന്നര്‍മാരെ തുണയ്ക്കുന്നുവെന്ന് മനസിലാക്കിയ ധോണി തന്റെ ആവനാഴിയിലെ സ്പിന്‍ അസ്ത്രങ്ങള്‍ കൃത്യമായി ഉപയോഗിച്ചാണ് ഡെല്‍ഹിയെ വരിഞ്ഞു മുറുക്കിയത്. രവീന്ദ്ര ജഡേജ-മോയീന്‍ അലി-മഹേഷ് തീക്ഷണ ത്രയം ചേര്‍ന്ന് 10 ഓവറില്‍ വിട്ടുകൊടുത്തത് വെറും 51 റണ്‍സ് മാത്രമാണ്.

സ്പിന്നര്‍മാര്‍ക്കെതിരേ ഷോട്ട് ഉതിര്‍ക്കാന്‍ പാടുപെട്ട ബാറ്റര്‍മാരാണ് ഡെല്‍ഹിയുടെ തോല്‍വിക്ക് ഇടയാക്കിയത്. സ്ലോ പിച്ചുകളില്‍ ആരെ കൊണ്ട് കളി ജയിപ്പിക്കണമെന്ന് ധോണിക്ക് കൃത്യമായി അറിയാം.

രസകരമായ സംഭവം എന്തെന്നു വച്ചാല്‍ മല്‍സരത്തിന്റെ തലേദിവസം രാത്രി പത്തോടെയാണ് ധോണി ഹോട്ടലിലേക്ക് മടങ്ങുന്നത്. ഗ്രൗണ്ടിലെ മഞ്ഞുവീഴ്ച്ചയുടെ കാഠിന്യം മനസിലാക്കാനാണ് ധോണി ഇത്രയും വൈകി സ്‌റ്റേഡിയം വിട്ടത്. തലേദിവസത്തെ ഈ നിരീക്ഷണം ധോണിക്കും ചെന്നൈയ്ക്കും ഡെല്‍ഹിക്കെതിരേ ഗുണം ചെയ്യുകയും ചെയ്തു.

Related Articles

Back to top button