Cricket

ഇന്ത്യയുടെ യഥാര്‍ഥ എബിഡി സൂര്യകുമാര്‍ അല്ല, അവനാണ്!! യുവതാരത്തെ വാനോളം പുകഴ്ത്തി ഹര്‍ഭജന്‍

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരേ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഒമ്പതു റണ്‍സിനായിരുന്നു മുംബൈ ഇന്ത്യന്‍സ് വിജയിച്ചത്. സീസണില്‍ മുംബൈയുടെ മൂന്നാമത്തെ മാത്രം വിജയമായിരുന്നു ഇത്.

പഞ്ചാബിന്റെ തട്ടകമായ മഹാരാജ യാദവേന്ദ്ര സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ആതിഥേയര്‍ മുംബൈയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ്‌നഷ്ടത്തില്‍ 192 റണ്‍സ് നേടിയപ്പോള്‍ പഞ്ചാബിന്റെ മറുപടി 19.2 ഓവറില്‍ 183ല്‍ അവസാനിക്കുകയായിരുന്നു.

മത്സരം പരാജയപ്പെട്ടെങ്കിലും പഞ്ചാബിന്റെ ബാറ്റിംഗ് നിരയില്‍ അശുതോഷ് ശര്‍മ നടത്തിയ മിന്നല്‍ ബാറ്റിംഗാണ് ക്രിക്കറ്റ് ആരാധകരുടെ ഒന്നടങ്കം ഇഷ്ടം പിടിച്ചു പറ്റിയത്.

14ന് നാല് എന്ന നിലയില്‍ തുടക്കത്തില്‍ തന്നെ തകര്‍ന്ന പഞ്ചാബ് ഒരു ഘട്ടത്തില്‍ 12 ഓവറില്‍ 111ന് ഏഴ് എന്ന നിലയില്‍ തോല്‍വിയെ അഭിമുഖീകരിച്ചപ്പോള്‍ ഒത്തു ചേര്‍ന്ന ശശാങ്ക് സിംഗ്- അശുതോഷ് ശര്‍മ കൂട്ടുകെട്ട് അവരെ വിജയത്തിനടുത്തെത്തിച്ചെങ്കിലും അന്തിമ ചിരി മുംബൈയുടേതായി.

ശശാങ്ക് സിംഗ്(25 പന്തില്‍ 41) പുറത്തായ ശേഷം ഒറ്റയ്ക്ക് ഇന്നിംഗ്സ് കൊണ്ടു പോയ അശുതോഷ് ശര്‍മ(28 പന്തില്‍ 61) ടീമിന് ജയിക്കാന്‍ 24 പന്തില്‍ വെറും 28 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ പുറത്തായത് കളി തിരിക്കുകയായിരുന്നു.
12 റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറില്‍ ആദ്യ പന്തില്‍ ഡബിള്‍ ഓടിയ കഗിസോ റബാഡ രണ്ടാം പന്തില്‍ ഡബിളിനു ശ്രമിക്കവെ റണ്‍ഔട്ടാവുകയായിരുന്നു. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുംറയും ജെറാഡ് കോട്സിയും ചേര്‍ന്നാണ് പഞ്ചാബിനെ തകര്‍ത്തത്. ബുംറയാണ് മാന്‍ ഓഫ് ദി മാച്ച്.

മത്സരത്തില്‍ രണ്ട് ഫോറുകളും ഏഴ് കൂറ്റന്‍ സിക്‌സുകളുമാണ് അശുതോഷ് ശര്‍മയുടെ ബാറ്റില്‍ നിന്നും പറന്നത്.

മത്സരത്തില്‍ മുംബൈയുടെ സൂപ്പര്‍ ബൗളര്‍ ജസ്പ്രീത് ബുംറയെയും ആകാശ് മദ്വാളിനെയും അശുതോഷ് സിക്‌സറിന് പറത്തിയത് അവിശ്വസനീയമാംവിധമായിരുന്നു.


ഇപ്പോഴിതാ അശുതോഷ് നടത്തിയ ഈ തകര്‍പ്പന്‍ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്.

അശുതോഷ് അടിച്ച ഷോട്ട് സൗത്ത് ആഫ്രിക്കന്‍ വെടിക്കെട്ട് ബാറ്റര്‍ എ.ബി ഡിവില്ലിയേഴ്സിന്റെ ഷോട്ടുമായാണ് ഹര്‍ഭജന്‍ താരതമ്യം ചെയ്തത്. സ്റ്റാര്‍ സ്പോര്‍ട്സിലൂടെ പ്രതികരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ സ്പിന്നര്‍.

‘എ.ബി ഡിവില്ലിയേഴ്സിന്റെ ഷോട്ടുകള്‍ പോലെയുള്ള ആ ഷോട്ട് കളിച്ച രണ്ടാമത്തെ ബാറ്റര്‍ ആണ് അശുതോഷ് ശര്‍മ. വര്‍ഷങ്ങള്‍ക്ക് ശേഷം ഡിവില്ലിയേഴ്സിന്റെ ആ ഷോട്ട് അവനിലൂടെ ഞാന്‍ കണ്ടു.

മറ്റൊരു താരവും ഇത്തരത്തില്‍ ഷോട്ട് കളിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അശുതോഷ് അത് വളരെ എളുപ്പത്തില്‍ അത് ചെയ്തു കാണിച്ചു. അവന്‍ മികച്ച കഴിവുള്ള താരമാണ്. ഓരോ കളി കഴിയുമ്പോളും അവന്‍ മെച്ചപ്പെടുന്നുണ്ട്. ഹര്‍ഭജന്‍ പറഞ്ഞു.

ഈ സീസണില്‍ ശശാങ്ക് സിംഗ്- അശുതോഷ് ശര്‍മ സഖ്യം വളരെ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഇരുവരുമൊഴികെ മറ്റാരും പഞ്ചാബ് നിരയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വയ്ക്കാത്തതാണ് ടീമിന് തിരിച്ചടിയാവുന്നത്.

Related Articles

Back to top button