Cricket

ലങ്കയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ തുലാസില്‍!! ഇനി രക്ഷയില്ല?

ന്യൂസിലന്‍ഡിനെതിരായ മൂന്ന് മല്‍സരങ്ങളുടെ ഏകദിന പരമ്പര ശ്രീലങ്കയെ സംബന്ധിച്ച് അതിനിര്‍ണായകമാണ്. ഈ പരമ്പരയിലെ ജയപരാജയങ്ങളാണ് ലങ്കയുടെ ലോകകപ്പ് സ്വപ്‌നങ്ങളെ മുന്നോട്ടു കൊണ്ടുപോകുക.

ഓക്‌ലാന്‍ഡില്‍ നടന്ന ആദ്യ മല്‍സരത്തില്‍ 198 റണ്‍സിന്റെ വന്‍ തോല്‍വി ഏറ്റുവാങ്ങിയതോടെ ലോകകപ്പിലേക്കുള്ള നേരിട്ടുള്ള യോഗ്യത മങ്ങി. വേള്‍ഡ് സൂപ്പര്‍ ലീഗില്‍ ആദ്യ എട്ടു സ്ഥാനങ്ങലില്‍ ഫിനിഷ് ചെയ്യുന്നവര്‍ക്കാണ് ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത ലഭിക്കുക.

നിലവില്‍ ഏഴ് ടീമുകള്‍ യോഗ്യത നേടിയിട്ടുണ്ട്. എട്ടാമത്തെയും അവസാനത്തെയുമായ സ്ഥാനത്തിനായി വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, അയര്‍ലന്‍ഡ് ടീമുകളാണ് ശ്രീലങ്കയ്ക്ക് ഒപ്പം മല്‍സരിക്കുന്നത്.

ഒരു ടീമിന് ലീഗില്‍ 24 മല്‍സരങ്ങളാണ് കളിക്കാനുണ്ടാകുക. നിലവില്‍ 22 കളിയില്‍ നിന്നും 77 പോയിന്റുള്ള ലങ്ക പത്താം സ്ഥാനത്താണ്. അടുത്ത രണ്ട് മല്‍സരങ്ങള്‍ ജയിച്ചാലും അയര്‍ലന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകളുടെ ജയപരാജയങ്ങള്‍ നിര്‍ണായകമാകും.

ന്യൂസിലന്‍ഡിനെതിരേ ഇനിയുള്ള രണ്ടിലും ജയിച്ചാല്‍ ലങ്കയ്ക്ക് 97 പോയിന്റാകും. നിലവില്‍ രണ്ട് കളി ബാക്കിനില്‍ക്കേ 78 പോയിന്റുള്ള ദക്ഷിണാഫ്രിക്കയ്ക്ക് ഇനിയുള്ളത് നെതര്‍ലന്‍ഡ്‌സിനെതിരേ പരമ്പരയാണ്.

ഇതിലെ രണ്ട് മല്‍സരങ്ങളും ജയിച്ചാല്‍ 78 പോയിന്റുമായി അവര്‍ക്ക് യോഗ്യത ഉറപ്പിക്കാം. മഴ മൂലം കളി ഉപേക്ഷിച്ചാല്‍ ദക്ഷിണാഫ്രിക്കയുടെ കാര്യവും പരുങ്ങലിലാകും. അയര്‍ലന്‍ഡിനാകട്ടെ ബംഗ്ലാദേശിനെതിരായ മൂന്ന് ഏകദിനങ്ങളും ജയിക്കേണ്ടതായുണ്ട്. ജൂലായില്‍ സിംബാബ്‌വെയില്‍ വച്ചാണ് രണ്ട് സ്‌പോട്ടിനായുള്ള ലോകകപ്പ് യോഗ്യത റൗണ്ട് നടക്കുന്നത്.

ക്രൈസ്റ്റ് ചര്‍ച്ചില്‍ ലങ്കന്‍ കൂട്ടക്കുരുതി!

ആദ്യ ഏകദിനത്തില്‍ രണ്ടാംനിര ടീമിനെ ഇറക്കിയ കിവികളോട് പോലും ലങ്കയ്ക്ക് ജയിക്കാനായില്ല. 275 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെറും 76 റണ്‍സ് ഓള്‍ഔട്ടായി. 19.5 ഓവര്‍ മാത്രമാണ് അവര്‍ക്ക് ബാറ്റ് ചെയ്യാനായത്.

ലങ്കന്‍ നിരയില്‍ മൂന്ന് പേര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. 18 റണ്‍സെടുത്ത എയ്ഞ്ചലോ മാത്യൂസാണ് ടോപ്‌സ്‌കോറര്‍. കിവികള്‍ക്കായി പുതുമുഖ പേസര്‍ ഹെന്റി ഷിപ്ലി 7 ഓവറില്‍ 31 റണ്‍സ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിനെ തുടക്കത്തില്‍ വിറപ്പിക്കാന്‍ ലങ്കന്‍ ബൗളര്‍മാര്‍ക്കായി. സ്‌കോര്‍ബോര്‍ഡില്‍ 152 റണ്‍സുള്ളപ്പോള്‍ അഞ്ച് വിക്കറ്റുകള്‍ അവരുടെ നഷ്ടമായി.

ചാഡ് ബോവ്‌സ് (14), ഫിന്‍ അലന്‍ (51), വില്‍ യംഗ് (26), ഡാരെല്‍ മിച്ചല്‍ (46) എന്നിവര്‍ക്കെല്ലാം നല്ല തുടക്കം കിട്ടിയെങ്കിലും മുതലാക്കാനായില്ല. മധ്യനിരയില്‍ രചിന്‍ രവീന്ദ്രയും (49), ഗ്ലെന്‍ ഫില്‍പ്‌സും (39) നടത്തിയ ചെറുത്തുനില്‍പ്പാണ് ആതിഥേയരെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ചമിക കരുണരത്‌ന 9 ഓവറില്‍ 43 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി.

Related Articles

Back to top button