Cricket

റോവ്മാന്‍ പവലിനെ എട്ടാമതായി ഇറക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാനോ മണ്ടത്തരമോ ? തലപുകച്ച് ആരാധകര്‍

ഐപിഎല്ലില്‍ ആവേശോജ്ജ്വലമായ പോരാട്ടത്തിനൊടുവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് വിജയം സ്വന്തമാക്കിയിരുന്നു.

വിജയത്തിനിടയിലും രാജസ്ഥാന്‍ നായകന്‍ സഞ്ജുവിന്റെ ചില തീരുമാനങ്ങളെ സംശയത്തോടെയാണ് ആരാധകര്‍ വീക്ഷിക്കുന്നത്. മത്സരത്തില്‍ വെടിക്കെട്ടു താരം റോവ് മാന്‍ പവലിനെ എട്ടാമനായി ഇറക്കാനുള്ള തീരുമാനം വലിയ വാഗ്വാദങ്ങള്‍ക്കു വഴി വെയ്ക്കുകയും ചെയ്തു.

വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ നാലാമതോ അഞ്ചാമതോ ആയി ബാറ്റിംഗിനിറങ്ങുന്ന താരത്തെ എട്ടാമനായി ഇറക്കിയതിന്റെ യുക്തി ചോദ്യം ചെയ്യുകയാണ് ചിലര്‍.

വലിയ റണ്‍റേറ്റ് വേണ്ടിയിരുന്നപ്പോള്‍ വമ്പന്‍ അടിക്കാരായ ഹെറ്റ്‌മെയര്‍ക്കും റോവ്മാന്‍ പവലിനെയും മുമ്പില്‍ ആര്‍. അശ്വിനെ ഇറക്കിയ തീരുമാനം ഏവരെയും ഞെട്ടിച്ചിരുന്നു.

അശ്വിനും ഹെറ്റ്‌മെയറും അടുത്തടുത്ത പന്തില്‍ മടങ്ങിയതോടെ ക്രീസിലെത്തിയ റോവ്മാന്‍ പവലിന്റെ ഇന്നിംഗ്‌സ് രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായകമായി.

224 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്‍ ആറിന് 121 എന്ന നിലയില്‍ തകര്‍ന്നപ്പോള്‍ ക്രീസിലെത്തിയ പവല്‍ 13 പന്തില്‍ 26 റണ്‍സ് അടിച്ച ശേഷമാണ് മടങ്ങിയത്. ബട്ലര്‍ക്കൊപ്പം 57 റണ്‍സ് ചേര്‍ക്കാനും പലവിനായിരുന്നു.

ജോസ് ബട്‌ലറിന്റെ ഐതിഹാസിക ഇന്നിംഗ്‌സിന്റെ ബലത്തില്‍ കളി ജയിച്ചെങ്കിലും പവലിനെ വാലറ്റത്ത് കളിപ്പിക്കാനുള്ള തീരുമാനം മണ്ടത്തരമെന്നാണ് പലരും വിലയിരുത്തിയത്.

പവല്‍ തന്നെ മത്സരശേഷം ഇക്കാര്യം തുറന്നുപറഞ്ഞിരുന്നു. പവല്‍ പറഞ്ഞതിങ്ങനെ… ”ഞാന്‍ വെസ്റ്റ് ഇന്‍ഡീസിനായി നാലോ അഞ്ചോ നമ്പറില്‍ ബാറ്റ് ചെയ്യുന്നു. വെസ്റ്റ് ഇന്‍ഡീസ് ഒരു മികച്ച ട്വന്റി20 ടീമാണെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍, എന്നെ ഓര്‍ഡറിലേക്ക് ഉയര്‍ത്താം.

ഞങ്ങള്‍ക്കിനി കുറച്ച് അവധി ദിവസങ്ങളുണ്ട്. അതിനിടെ ടീം മാനേജ്മെന്റിന് എല്ലാം തീരുമാനിക്കാനുള്ള സമയമുണ്ട്.” പവല്‍ മത്സരശേഷം വ്യക്തമാക്കി.

താരത്തെ അവസാനത്തേക്ക് മാറ്റിവെക്കാനുണ്ടായ യുക്തി എന്താണെന്നാണ് ആരാധകര്‍ ആലോചിക്കുന്നത്. പവലിനെ വാലറ്റത്ത് ഇറക്കാനുള്ള കാരണമായി ചിലര്‍ പറയുന്നത് അശ്വിനും ജുറലും ബാറ്റിംഗിനെത്തുമ്പോള്‍ പന്തെറിഞ്ഞിരുന്നത് സ്പിന്നര്‍മാരായ സുനില്‍ നരെയ്നും വരുണ്‍ ചക്രവര്‍ത്തിയുമായിരുന്നു എന്നതാണ്.

ഇവരില്‍ നിന്ന് പവലിനെ രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് വാലറ്റത്ത് ഇറക്കിയതെന്നാണ് ഈ ഈ നടപടിയെ പിന്തുണയ്ക്കുന്നവരുടെ വാദം.

നരെയ്ന്റെ പന്തിലാണ് ജുറല്‍ പുറത്താവുന്നത്. പിന്നീട് പവലിനെ മടക്കാനും നരെയ്നായി. ആര്‍ അശ്വിന്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍ എന്നിവരെ ചക്രവര്‍ത്തിയാണ് മടക്കിയത്. ഇതൊക്കെയാണ് പവലിനെ എട്ടാമനായി ഇറക്കിയതിനു പിന്നിലുള്ള കാരണങ്ങളെന്നും ചില ആരാധകര്‍ കരുതുന്നു.

കൊല്‍ക്കത്തയ്‌ക്കെതിരായ ജയത്തോടെ 12 പോയിന്റുമായി രാജസ്ഥാന്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം കൂടുതല്‍ ദൃഢമാക്കി.

Related Articles

Back to top button