Cricket

കശ്മീരിനെ റണ്‍മഴയില്‍ വീഴ്ത്തി കേരളത്തിന് ഗംഭീര ജയം!!

സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് മിന്നും ജയം. ജമ്മു കശ്മീരിനെ 62 റണ്‍സിനാണ് സഞ്ജുവും സംഘവും വീഴ്ത്തിയത്. 185 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ജമ്മു കശ്മീര്‍ വെറും 122 റണ്‍സിന് പുറത്തായി. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ കെഎം ആസിഫ്, ബേസില്‍ തമ്പി എന്നിവരുടെ പ്രകടനമാണ് കൂറ്റന്‍ ജയം നേടാന്‍ കേരളത്തെ സഹായിച്ചത്.

വലിയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ജമ്മു കശ്മീരിന് തകര്‍പ്പന്‍ തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ 4.1 ഓവറില്‍ 42 റണ്‍സെടുക്കാന്‍ ഓപ്പണര്‍മാര്‍ക്ക് സാധിച്ചു. ശുഭം ഖജൂരിയയാണ് കേരളത്തിന് തുടക്കത്തില്‍ വലിയ തലവേദന സൃഷ്ടിച്ചത്. വെറും 14 പന്തില്‍ 30 റണ്‍സെടുത്ത ശുഭത്തെ സിജോമോന്‍ ജോസഫ് വീഴ്ത്തിയതോടെയാണ് കേരളത്തിന് ശ്വാസം വീണത്. മധ്യനിര അവസരത്തിനൊത്ത് ഉയരാതിരുന്നതോടെ കേരളം മല്‍സരം വരുതിയിലാക്കി. ജയത്തോടെ ക്വാര്‍ട്ടര്‍ പ്രതീക്ഷ കേരളം നിലനിര്‍ത്തിയിട്ടുണ്ട്.

സച്ചിന്‍ ബേബിയുടെ വെടിക്കെട്ടും ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ ഉത്തരവാദിത്വ ഇന്നിംഗ്‌സുമാണ് കേരളത്തിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സച്ചിന്‍ ബേബി 32 പന്തില്‍ നിന്നാണ് 62 റണ്‍സെടുത്തത്. 7 ഫോറും 3 സിക്‌സറും ഉള്‍പ്പെടെയാണ് സച്ചിന്റെ വെടിക്കെട്ട്.

ടോസ് നേടിയ കേരളം ഈ ടൂര്‍ണമെന്റില്‍ ആദ്യമായി ബാറ്റിംഗ് തെരഞ്ഞെടുക്കുന്നതിനാണ് ഐഎസ് ബിന്ദ്ര സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. എന്നാല്‍ ഗ്രൗണ്ടിലിറങ്ങി ആദ്യ പന്തില്‍ തന്ന മുഹമ്മദ് അസ്ഹറുദീനെ അവര്‍ക്ക് നഷ്ടമായി. ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ തന്നെ മുജ്താബ് യൂസഫിന്‍ഫറെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാകുകയായിരുന്നു അസ്ഹര്‍.

തൊട്ടുപിന്നാലെ ക്രീസിലെത്തിയത് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ആണ്. കേരളം തോറ്റ രണ്ടു കളികളിലും ആറാം നമ്പറിലായിരുന്നു സഞ്ജു ബാറ്റിംഗിന് ഇറങ്ങിയത്. ഇത് വലിയ വിമര്‍ശനത്തിനും വഴിയൊരുക്കിയിരുന്നു. ഇന്ത്യയ്ക്കായി തകര്‍ത്തു കളിച്ച സഞ്ജുവിന്റെ നിഴല്‍ മാത്രമായിരുന്നു തുടക്കത്തില്‍. അതോടെ രോഹന്‍ കുന്നുമ്മേല്‍ ആണ് കളിയുടെ നിയന്ത്രണം ഏറ്റെടുത്തത്.

ജമ്മു കശ്മീര്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച് രോഹന്‍ സ്‌കോര്‍ ഉയര്‍ത്തി. വലിയ സ്‌കോറിലേക്ക് രോഹന്‍ പോകുമെന്ന ഘട്ടത്തിലാണ് അബിദ് മുഷ്താഖ് കേരള ഓപ്പണറെ വീഴ്ത്തിയത്. 20 പന്തില്‍ 29 റണ്‍സായിരുന്നു സമ്പാദ്യം. രോഹന് പകരമെത്തിയ സച്ചിന്‍ ബേബി കൂടുതല്‍ ആക്രമണാത്മകമായിട്ടാണ് ബാറ്റിംഗ് തുടങ്ങിയത്.

സഞ്ജു മറുവശത്ത് സിംഗിളുകളുമായി സ്‌ട്രൈക്ക് പരമാവധി സച്ചിന് നല്‍കി. കശ്മീര്‍ ബൗളര്‍മാരെ കടന്നാക്രമിച്ചാണ് സച്ചിന്‍ മുന്നേറിയത്. 25 പന്തില്‍ നിന്നും സച്ചിന്‍ അര്‍ധസെഞ്ചുറി തികച്ചപ്പോള്‍ മറുവശത്ത് സഞ്ജു 40 റണ്‍സ് പോലും പിന്നിട്ടിരുന്നില്ല. 32 പന്തില്‍ 62 റണ്‍സെടുത്ത് ഉമ്രാന്‍ മാലിക്കിന് വിക്കറ്റ് നല്‍കിയാണ് സച്ചിന്‍ മടങ്ങിയത്. 3 സിക്‌സറുകളും 7 ഫോറുകളും ആ ഇന്നിംഗ്‌സിന് ചാരുതയേകി. സച്ചിന്‍ പോയശേഷം നങ്കൂരം ഏറ്റെടുത്ത സഞ്ജു 51 പന്തിലാണ് അര്‍ധസെഞ്ചുറി തികച്ചത്. സഞ്ജുവിന്റെ ഈ ഫോര്‍മാറ്റിലെ ഏറ്റവും വേഗത കുറഞ്ഞ അര്‍ധശതകമാണ് ഇത്.

Related Articles

Back to top button