Cricket

ബുംറയും സിറാജും ഷമിയുമൊന്നും അവന്റെ ഏഴയലത്തെത്തില്ല!! ഇന്ത്യന്‍ താരത്തെ വാനോളം പുകഴ്ത്തി ട്രെന്റ് ബോള്‍ട്ട്

ഇന്ത്യന്‍ പേസ് ബൗളിംഗിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറ ഈ ഐപിഎല്ലില്‍ ഉജ്ജ്വല ഫോമിലാണ്. ഏറെ നാള്‍ പരിക്കിന്റെ പിടിയിലായിരുന്ന ശേഷം തിരിച്ചു വന്ന ബുംറ കഴിഞ്ഞ ഏകദിന ലോകകപ്പിലടക്കം ഉജ്ജ്വല പ്രകടനമാണ് പുറത്തെടുത്തത്.

ഇന്ത്യയുടെ ഏഷ്യാ കപ്പ് 2023 വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച അദ്ദേഹം 2023 ഏകദിന ലോകകപ്പില്‍ 11 മത്സരങ്ങളില്‍ നിന്ന് 20 വിക്കറ്റ് വീഴ്ത്തി ടീമിനെ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.

ഈ വര്‍ഷമാദ്യം ഇംഗ്ലണ്ടിനെതിരായ നാല് ടെസ്റ്റുകളില്‍ നിന്ന് 19 വിക്കറ്റ് വീഴ്ത്തിയ ബുംറ നിലവില്‍ ഐപിഎല്‍ 2024ല്‍ 10 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്തുമുണ്ട്.

ആര്‍സിബിക്കെതിരായ മത്സരത്തില്‍ മുംബൈയ്ക്കായി അഞ്ചു വിക്കറ്റ് നേടാനും ബുംറയ്ക്കായി. ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ ജോസ് ബട്ട്ലറുമായി അടുത്തിടെ നടത്തിയ ആശയവിനിമയത്തിനിടെ, സ്റ്റാര്‍ ന്യൂസിലന്‍ഡ് പേസര്‍ ട്രെന്റ് ബോള്‍ട്ട് 34 കാരനായ ഭുവനേശ്വര്‍ കുമാറിനെ ഫോര്‍മാറ്റുകളിലുടനീളമുള്ള എക്കാലത്തെയും മികച്ച ന്യൂബോള്‍ ബൗളറായി തിരഞ്ഞെടുത്തു.

ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരുള്‍പ്പെടെയുള്ള താരങ്ങളെ അവഗണിച്ചാണ് ബോള്‍ട്ട് ഭുവനേശ്വറിന്റെ പേര് പറഞ്ഞത്.

ബുംറ പോലും ഭുവനേശ്വറിനെ എക്കാലത്തെയും മികച്ച ന്യൂ ബോള്‍ ബൗളറായി കണക്കാക്കുന്നു. ”എല്ലാ ക്രിക്കറ്റ് ഫോര്‍മാറ്റുകളിലും നോക്കിയാല്‍ ന്യൂബോള്‍ നന്നായി കൈകാര്യം ചെയ്യുന്ന ബൗളര്‍ ആരാണ് ? റോയല്‍സ് റാപ്പിഡ് ഫയര്‍ റൗണ്ടിനിടെ ബട്ട്ലര്‍ ബോള്‍ട്ടിനോട് ചോദിച്ചു, ”എനിക്ക് ന്യൂ ബോള്‍ ഭുവനേശ്വര്‍ കുമാറിന് കൈമാറണം.” എന്നായിരുന്നു ബോള്‍ട്ടിന്റെ മറുപടി.

2012 ഡിസംബര്‍ 25ന് ബംഗളൂരുവില്‍ പാക്കിസ്ഥാനെതിരേ അരങ്ങേറിയ ഭുവനേശ്വര്‍ ആദ്യ മത്സരത്തില്‍ നാലോവറില്‍ ഒമ്പത് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് വീഴ്ത്തിയത്.

ഏകദിന ക്രിക്കറ്റില്‍ എറിഞ്ഞ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേടാനും അദ്ദേഹത്തിനു കഴിഞ്ഞു. 21 ടെസ്റ്റുകളിലും 121 ഏകദിനങ്ങളിലും 87 ട്വന്റി20യിലും ഇന്ത്യയ്ക്കായി കളിച്ച താരം ഇപ്പോള്‍ ഏറെ നാളായി ടീമിനു പുറത്താണ്.

ടെസ്റ്റില്‍ മൂന്ന് അര്‍ധസെഞ്ചുറികളും ഏകദിനത്തില്‍ ഒരു അര്‍ധസെഞ്ചുറിയും അദ്ദേഹം നേടിയിട്ടുണ്ട്. 165 മത്സരങ്ങളില്‍ നിന്ന് 173 വിക്കറ്റ് നേടിയ അദ്ദേഹം ഐപിഎല്‍ ചരിത്രത്തിലെ വിക്കറ്റ് വേട്ടക്കാരില്‍ നാലാമനാണ്. ഐപിഎല്ലില്‍ രണ്ട് തവണ പര്‍പ്പിള്‍ ക്യാപ്പ് നേടാനും ഭുവനേശ്വറിനായി.

Related Articles

Back to top button