Cricket

13 സിക്‌സറുകള്‍!! 10 ഫോറുകള്‍!! പൂരാന്റെ സംഹാരതാണ്ഡവത്തില്‍ അമേരിക്കയില്‍ മുംബൈ!!

അമേരിക്കയില്‍ പോയി ആദ്യ മേജര്‍ ലീഗ് ക്രിക്കറ്റ് കിരീടം ചൂടി മുംബൈ ഇന്ത്യന്‍സ് ന്യൂയോര്‍ക്ക്. ഫൈനലില്‍ നിക്കോളസ് പൂരാന്‍ കടന്നാക്രമണം നടത്തിയപ്പോള്‍ 184 റണ്‍സിന്റെ വിജയലക്ഷ്യം അവര്‍ വെറും 16 ഓവറില്‍ മറികടന്നു.

പൂരാന്‍ വെറും 55 പന്തില്‍ നിന്നും 10 ഫോറും 13 സിക്‌സറുകളുമായി അടിച്ചെടുത്തത് 137 റണ്‍സാണ്. സ്‌ട്രൈക്ക് റേറ്റ് 249.09. എതിരാളികളായ സീറ്റെല്‍ ഓര്‍കസിന് കാര്യമായൊന്നും പന്തുകൊണ്ട് ചെയ്യാന്‍ സാധിക്കാതിരുന്ന ഫൈനല്‍ പൂരാന്‍ സ്വന്തം പേരിലാക്കി.

ആദ്യം ബാറ്റുചെയ്ത സീറ്റല്‍ 20 ഓവറില്‍ 183 റണ്‍സെടുത്തപ്പോള്‍ ഏവരും വിജയം പ്രതീക്ഷിച്ചിരുന്നു. ക്വന്റണ്‍ ഡികോക്കിന്റെ 52 പന്തില്‍ നിന്നുള്ള 87 റണ്‍സ് വെടിക്കെട്ടാണ് അവരെ വലിയ സ്‌കോറിലെത്തിച്ചത്. എന്നാല്‍ മറ്റാരും കാര്യമായി തിളങ്ങാതിരുന്നതോടെ സ്‌കോര്‍ 200ന് മുകളില്‍ എത്തിക്കാമെന്ന പ്രതീക്ഷ അസ്തമിച്ചു.

4 ഒാവറില്‍ വെറും 9 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ റഷീദ് ഖാനും 34 റണ്‍സിന് 3 വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ടും ആണ് എതിരാളികളെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ അമേരിക്കന്‍ താരം സ്റ്റീവന്‍ ടെയ്‌ലര്‍ നേരിട്ട മൂന്നാം പന്തില്‍ പൂജ്യത്തിന് പുറത്തായതോടെ ന്യൂയോര്‍ക്ക് ഞെട്ടി.

ഷയാന്‍ ജഹാന്‍ഗീറും (10) മടങ്ങുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ വെറും വെറും 62 റണ്‍സ് മാത്രം. ഈ 62 റണ്‍സില്‍ 50 റണ്‍സും പൂരാന്റെ വകയായിരുന്നു. വെറും 16 പന്തില്‍ നിന്നാണ് പൂരാന്‍ ആദ്യ 50 പിന്നിട്ടത്.

ഡെവ്‌ലഡ് ബ്രെവിസിനെ ഒരുവശത്ത് കാഴ്ച്ചക്കാരനാക്കിയാണ് പൂരാന്‍ അടിച്ചു കയറിയത്. ബ്രെവിസ് വെറും 20 റണ്‍സ് മാത്രമാണ് നേടിയത്. ബാക്കിയുള്ള ബാറ്റര്‍മാര്‍ക്കെല്ലാം വെറും കാഴ്ച്ചക്കാരുടെ റോളില്‍ നില്‍ക്കേണ്ട അവസ്ഥയേ വന്നുള്ളൂ.

Related Articles

Back to top button