Cricket

സഞ്ജു ഇല്ലാതെ വെസ്റ്റ് ഇന്‍ഡീസിലേക്ക് പോയിട്ട് ഒരു കാര്യവുമില്ല!! മലയാളി താരത്തെ വാഴ്ത്തി ഇംഗ്ലീഷ് ഇതിഹാസം

ട്വന്റി20 ലോകകപ്പിനുള്ള ടീം ഏതു നിമിഷവും പ്രഖ്യാപിക്കുമെന്നിരിക്കേ മലയാളി താരം സഞ്ജു സാംസണെ ടീമിലെടുക്കണമെന്ന് മുറവിളിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്.

ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ഉജ്ജ്വല പ്രകടനമാണ് സഞ്ജു പുറത്തെടുക്കുന്നത്. സഞ്ജുവിന്റെ നായകത്വത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഇതിനോടകം പ്ലേഓഫ് ഉറപ്പിച്ചു കഴിഞ്ഞു.

ഇതുവരെ കളിച്ച ഒമ്പത് മത്സരങ്ങളില്‍ എട്ടിലും ജയിക്കാന്‍ അവര്‍ക്കായി. ലഖ്‌നൗവിനെതിരേ നടന്ന കഴിഞ്ഞ മത്സരത്തില്‍ അപരാജിത അര്‍ധസെഞ്ചുറിയോടെ ക്യാപ്റ്റന്റെ ഇന്നിംഗ്‌സ് കാഴ്ചവച്ചാണ് സഞ്ജു രാജസ്ഥാന് വിജയം നേടിക്കൊടുത്തത്.

33 പന്തില്‍ ഏഴു ഫോറുകളും നാലു സിക്‌സറുകളും സഹിതം 71 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ നാലാമതുണ്ട് താരം.

9 മത്സരങ്ങളില്‍ നിന്ന് 77.00 ശരാശരിയിലും 161.08 സ്ട്രൈക്ക് റേറ്റിലും 385 റണ്‍സാണ് അദ്ദേഹം നേടിയിരിക്കുന്നത്. നാല് അര്‍ദ്ധ സെഞ്ചുറികളും 36 ഫോറുകളും 17 സിക്സറുകളും താരത്തിന്റെ ബാറ്റില്‍ നിന്നു പിറന്നു.

മുമ്പത്തെ സീസണില്‍ കണ്ടതു പോലെയല്ല, സ്ഥിരതയില്ലെന്ന് പഴി പറഞ്ഞവരെയൊക്കെ മാറ്റിപ്പറയിച്ചു കൊണ്ടാണ് രാജസ്ഥാന്‍ താരത്തിന്റെ മുന്നേറ്റം.

ഇതോടെ മുമ്പ് സഞ്ജുവിനെക്കാള്‍ പ്രാധാന്യം റിഷഭ് പന്തിനും കെ.എല്‍ രാഹുലിനും കൊടുത്തവരൊക്കെ ഇപ്പോള്‍ മാറി ചിന്തിക്കുകയാണ്.

മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മുമ്പ് പന്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്ന കൈഫ് ഇപ്പോള്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നത് സഞ്ജുവിനെയാണ്.

”എനിക്കു തെറ്റുപറ്റി. ടി20 ലോകകപ്പിനുള്ള സ്‌ക്വാഡില്‍ നിന്നും സഞ്ജു സാംസണിനെപ്പോലെയൊരു താരത്തെ എങ്ങനെയാണ് എനിക്കു ഒഴിവാക്കാന്‍ സാധിക്കുക. അതു എന്റെ വലിയ പിഴവ് തന്നെയായിരുന്നു, അതു പാടില്ലായിരുന്നു. ടി20 ലോകകപ്പില്‍ എന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ ഇപ്പോള്‍ സഞ്ജുവാണ്. കൈഫ് പറഞ്ഞു.

ഇപ്പോഴിതാ മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്‌സണും സഞ്ജുവിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്.

ഈ ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിലും യുഎസ്എയിലും നടക്കുന്ന 2024 ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സാംസണ്‍ അര്‍ഹനാണെന്നാണ് കെപി സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞിരിക്കുന്നത്.

”അവന്‍ പോകണം. രണ്ടാഴ്ചയ്ക്കുള്ളില്‍ കരീബിയന്‍ ദ്വീപുകളിലേക്കും യുഎസ്എയിലേക്കും ടീം പോകുമ്പോള്‍ അയാള്‍ ആ വിമാനത്തില്‍ ഉണ്ടായിരിക്കണം എന്നതില്‍ എന്റെ മനസ്സില്‍ സംശയമില്ല.

”ഒരു ക്യാപ്റ്റനെന്ന നിലയില്‍ യാതൊരു സമ്മര്‍ദ്ദവും ഇല്ലാതെയാണ് അദ്ദേഹം ജോലികള്‍ ചെയ്യുന്നത്. അവന്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്ന രീതിയും ബാറ്റ് ചെയ്യുന്ന സാഹചര്യവും കാണുമ്പോള്‍ ഞാന്‍ സെലക്ടറായിരുന്നെങ്കില്‍, എന്റെ ആദ്യത്തെ തിരഞ്ഞെടുക്കലുകളില്‍ ഒരാളാണ് അദ്ദേഹം.” പീറ്റേഴ്സണ്‍ പറയുന്നു. നിരവധി മുന്‍താരങ്ങളാണ് ഇപ്പോള്‍ സഞ്ജുവിനെ പിന്തുണയ്ക്കുന്നത്.

Related Articles

Back to top button