Cricket

സൂപ്പര്‍താരങ്ങളെ പുറത്താക്കി വസിം ജാഫറിന്റെ ലോകകപ്പ് ടീം!! റിഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും ടീമില്‍

ട്വന്റി20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കാനുള്ള സെലക്ടര്‍മാരുടെ നിര്‍ണായക യോഗം ഇന്ന് നടക്കാനിരിക്കെ തന്റെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് മുന്‍ താരം വസീം ജാഫര്‍.

ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മാന്‍ ഗില്ലിനും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ കെഎല്‍ രാഹുലിനും ജാഫര്‍ തെരഞ്ഞെടുത്ത ലോകകപ്പ് ടീമില്‍ ഇടമില്ല.

അതേസമയം രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണും ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായ റിഷഭ് പന്തും വിക്കറ്റ് കീപ്പര്‍മാരായി ജാഫറിന്റെ ലോകകപ്പ് ടീമിലിടം നേടി.

കഴിഞ്ഞ ദിവസം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ സഞ്ജു നേടിയ അര്‍ധസെഞ്ചുറി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ പ്രകടനം സെലക്ടര്‍മാരുടെ കണ്ണു തുറപ്പിക്കുമെന്നാണ് പ്രതീക്ഷ.

രോഹിത് ശര്‍മയും യശസ്വി ജയ്‌സ്വാളുമാണ് ജാഫര്‍ തെരഞ്ഞടുത്ത ടീമിലെ ഓപ്പണര്‍മാര്‍. വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, ചെന്നൈയുടെ വെടിക്കെട്ട് ബാറ്റര്‍ ശിവം ദുബെ, കൊല്‍ക്കത്ത താരം റിങ്കു സിംഗ് എന്നിവരാണ് ബാറ്റര്‍മാരായി ജാഫര്‍ ടീമിലേക്ക് പരിഗണിച്ചിരിക്കുന്നത്.

സ്പിന്‍ ഓള്‍ റൗണ്ടറായി രവീന്ദ്ര ജഡേജയും ജാഫറിന്റെ ടീമിലുണ്ട്. കുല്‍ദീപും ചഹലുമാണ് ടീമിലെ സ്‌പെഷലിസ്റ്റ് സ്പിന്നര്‍മാര്‍.

പേസര്‍മാരായി ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ടീമിലുള്ളത്. ലോകകപ്പിനുള്ള 15 അംഗ ടീമിനെ തെരഞ്ഞെടുക്കാനായി സെലക്ടര്‍മാര്‍ ഇന്നോ നാളെയോ യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ട്.

മെയ് ഒന്നിന് മുമ്പാണ് ലോകകപ്പിനുള്ള 15 അംഗ പ്രാഥമിക സ്‌ക്വാഡിനെ പ്രഖ്യാപിക്കേണ്ടത്. മെയ് 25വരെ ടീമില്‍ മാറ്റം വരുത്താന്‍ അവസരമുണ്ട്.

Related Articles

Back to top button