Cricket

ഓസീസിനെ വിറപ്പിച്ച് കുഞ്ഞന്‍ നമീബിയയുടെ പടയോട്ടം!! ആഫ്രിക്കന്‍ അട്ടിമറിയില്‍ കഷ്ടിച്ച് രക്ഷ!!

ഐസിസി അണ്ടര്‍ 19 ലോകകപ്പില്‍ അട്ടിമറിയുടെ പിടിയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കരുത്തരായ ഓസ്‌ട്രേലിയ. ഗ്രൂപ്പ് സിയില്‍ ആഫ്രിക്കയില്‍ നിന്നുള്ള കുഞ്ഞന്മാരായ നമീബിയയാണ് ഓസീസിനെ വിറപ്പിച്ചത്. ആദ്യം ബാറ്റുചെയ്ത് വെരും 91 റണ്‍സില്‍ ഓള്‍ഔട്ടായെങ്കിലും പിന്നീട് ബൗളിംഗില്‍ നമീബിയ കത്തിക്കയറുകയായിരുന്നു.

വെറും 92 റണ്‍സ് മാത്രം ജയിക്കാന്‍ മതിയായിരുന്നതിനാല്‍ അതിവേഗത്തില്‍ തന്നെയാണ് ഓസീസ് ബാറ്റര്‍മാര്‍ തുടങ്ങിയത്. എന്നാല്‍, മൂന്നാം ഓവറിലെ നാലാം പന്തില്‍ സാം കൊന്‍സ്റ്റാസിനെ (1) പുറത്താക്കി ജാക്ക് ബ്രാസെല്‍ ആണ് നമീബിയന്‍ തിരിച്ചടിക്കു തുടക്കമിട്ടത്.

അടുത്ത കാലത്ത് സീനിയര്‍ ടീം നടത്തുന്ന മികച്ച പ്രകടനങ്ങളുടെ തുടര്‍ച്ചയെന്നോണം നമീബിയന്‍ ബൗളര്‍മാര്‍ നല്ലരീതിയില്‍ പന്തെറിഞ്ഞതോടെ കങ്കാരുക്കള്‍ വിരണ്ടുതുടങ്ങി. 35 റണ്‍സെടുക്കുന്നതിനിടെ ഓസീസിന് 3 മുന്‍നിര വിക്കറ്റുകളും നഷ്ടമായി.

മികച്ച സ്വിംഗും പേസുമായി ബ്രാസെല്‍ കളംനിറഞ്ഞതോടെ ബാറ്റര്‍മാര്‍ റണ്‍സെടുക്കാന്‍ വിയര്‍ത്തു. 8 റണ്‍സെടുത്ത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റയാന്‍ ഹിക്‌സ് പുറത്താകുമ്പോള്‍ ഓസീസ് സ്‌കോര്‍ 4 വിക്കറ്റിന് 46 റണ്‍സെന്ന നിലയിലായിരുന്നു.

തൊട്ടുപിന്നാലെ കോറി വാസ്ലിയും (4) പുറത്തായപ്പോള്‍ സ്‌കോര്‍ 5 വിക്കറ്റിന് 57 റണ്‍സ്. നമീബിയ അട്ടിമറി വിജയം നേടിയേക്കുമെന്ന് തോന്നിച്ച നിമിഷങ്ങള്‍. എന്നാല്‍, ക്യാപ്റ്റന്‍ ഹ്യൂഗ് വെയ്‌ബെന്‍ 43 പന്തില്‍ നിന്ന് 39 റണ്‍സെടുത്ത് ഉത്തരവാദിത്വ ഇന്നിംഗ്‌സ് കളിച്ചതോടെ നിയന്ത്രണം ഓസീസിന് തിരിച്ചുകിട്ടി.

നമീബിയയ്ക്കായി ജാക്ക് ബ്രാസെല്‍ 8 ഓവറില്‍ 2 മെയ്ഡ്ന്‍ അടക്കം 3 വിക്കറ്റുകളുമായി തിളങ്ങി. നേരത്തെ ആദ്യം ബാറ്റുചെയ്ത നമീബിയയെ തകര്‍ത്തത് കലം വില്‍ഡറിന്റെ 17 റണ്‍സ് വഴങ്ങി 4 വിക്കറ്റെടുത്ത പ്രകടനമാണ്.

സമീപകാലത്ത് ക്രിക്കറ്റില്‍ വലിയ നേട്ടങ്ങളാണ് നമീബിയ സ്വന്തമാക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ട്വന്റി-20 ലോകകപ്പിനാണ് ഇത്തവണ അവര്‍ യോഗ്യത നേടിയിരിക്കുന്നത്. അതാകട്ടെ കരുത്തരായ സിംബാബ്‌വെയെ തകര്‍ത്തു തരിപ്പണമാക്കിയും. നമീബിയന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രവര്‍ത്തനവും രാജ്യത്ത് ക്രിക്കറ്റിന് വലിയ വേരോട്ടം ലഭിക്കാന്‍ ഇടവരുത്തുന്നുണ്ട്.

ലോകകപ്പിലെ മറ്റൊരു മല്‍സരത്തില്‍ ബംഗ്ലാദേശ് ഗ്രൂപ്പ് എയില്‍ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി. അയര്‍ലന്‍ഡിനെ 6 വിക്കറ്റിനാണ് അവര്‍ തോല്‍പ്പിച്ചത്. ഇന്ത്യയോട് ആദ്യ കളിയില്‍ തോറ്റ ബംഗ്ലാദേശിന് അടുത്ത റൗണ്ടിലേക്ക് കടക്കാന്‍ ജയം അനിവാര്യമായിരുന്നു. അയര്‍ലന്‍ഡ് ഉയര്‍ത്തിയ 236 റണ്‍സ് വിജയലക്ഷ്യം അവര്‍ 19 പന്ത് ബാക്കിനില്‍ക്കേ മറികടന്നു.

Related Articles

Back to top button