Cricket

കണ്ണടച്ച് നീന്തിയ സാംബയുടെ മൂക്കിന്റെ ‘പാലം’ തകര്‍ന്നു; ഓസീസ് ക്യാംപില്‍ ഡബിള്‍ തിരിച്ചടി!!

ഐസിസി ലോകകപ്പിലെ ആദ്യ സൂപ്പര്‍ സണ്‍ഡേയില്‍ ഇന്ത്യ ഇന്ന് ശക്തരായ ഓസ്‌ട്രേലിയയെ നേരിടുകയാണ്. ലോകകപ്പിനു മുമ്പ് നടന്ന പരമ്പരയില്‍ 2-1ന് ജയിച്ചെങ്കിലും ഈ മല്‍സരം അതില്‍ നിന്നെല്ലാം വ്യത്യസ്തമാണെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും സംഘത്തിനും അറിയാം.

എത്ര മോശം ഫോമില്‍ കളിച്ചാലും ലോകകപ്പില്‍ മറ്റൊരു തലത്തില്‍ കളിക്കുന്ന കങ്കാരുക്കളെ പേടിക്കണമെന്ന കാര്യത്തില്‍ ഏറ്റവുമധികം അറിവുള്ളയാള്‍ കോച്ച് രാഹുല്‍ ദ്രാവിഡ് തന്നെയായിരിക്കും. ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തിന് ടോസ് നിര്‍ണായകമാകും.

റണ്‍മഴ പ്രതീക്ഷിക്കുന്ന മല്‍സരത്തിനായി തയാറാക്കിയിരിക്കുന്നത് പുതിയ പിച്ചാണ്. ലോകകപ്പിനായി ഐപിഎല്ലിനു ശേഷമാണ് ഈ പുതിയ പിച്ച് ഒരുക്കിയത്. ഇവിടെ അതിനു ശേഷം ഏകദിന മല്‍സരങ്ങള്‍ നടന്നിട്ടുമില്ല. അതുകൊണ്ട് തന്നെ പിച്ചിന്റെ സ്വഭാവം കൃത്യമായി അറിയാന്‍ സാധിക്കില്ല.

അതേസമയം, ആദ്യ മല്‍സരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ ഓസീസ് ക്യാംപില്‍ പരിക്ക് പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. സൂപ്പര്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനസ് ഇന്ന് കളിച്ചേക്കില്ല. പേശീവലിവ് മൂലം താരത്തെ കളിപ്പിച്ചേക്കില്ലെന്ന് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് വ്യക്തമാക്കി.

സ്റ്റോയിനസിന് പകരം കാമറൂണ്‍ ഗ്രീനാകും ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കുക. മറ്റൊരു താരത്തിനു കൂടി ഓസീസ് ക്യാംപില്‍ പരിക്കു പറ്റിയിട്ടുണ്ട്. സ്പിന്നര്‍ ആഡം സാംബയാണ് പരിക്കേറ്റ രണ്ടാമന്‍. നീന്തല്‍ക്കുളത്തില്‍ വച്ചാണ് സാംബയ്ക്ക് പരിക്കു പറ്റുന്നത്.

ടീം ഹോട്ടലിലെ പൂളില്‍ നീന്തുന്നതിനിടെയാണ് സാംബ പൂളില്‍ ചെന്നിടിച്ച് പരിക്കേല്‍ക്കുന്നത്. കണ്ണടച്ചു നീന്തുകയായിരുന്ന സാംബ നേര്‍രേഖ ലക്ഷ്യമിട്ട് പോയെങ്കിലും നീന്തിയെത്തിയത് പൂളിന്റെ പടിക്കെട്ടിലാണ്. മൂക്കിന് പരിക്കുണ്ടെങ്കിലും താരം ഇന്ന് കളിക്കും.

മിച്ചല്‍ മാര്‍ഷ് ആയിരിക്കും ഓസ്‌ട്രേലിയയ്ക്കായി ഡേവിഡ് വാര്‍ണറിന്റെ ഓപ്പണിംഗ് പങ്കാളിയാകുക. മര്‍നസ് ലാബുഷാനെയും ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കുമെന്ന് കോച്ച് ആന്‍ഡ്രു മക്‌ഡൊണാള്‍ഡ് വ്യക്തമാക്കി.

ഇന്ത്യന്‍ നിരയില്‍ ഡെങ്കിപ്പനി ബാധിച്ച ശുഭ്മാന്‍ ഗില്ലിന് പകരം ഇഷാന്‍ കിഷന്‍ ഓപ്പണ്‍ ചെയ്യുമെന്ന് കോച്ച് രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയിട്ടുണ്ട്. സ്പിന്നര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ മൂന്ന് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരെ ഇന്ത്യ കളിപ്പിച്ചേക്കും.

രവീന്ദ്ര ജഡേജയ്‌ക്കൊപ്പം കുല്‍ദീപ് യാദവും ആര്‍. അശ്വിനും ആദ്യ ഇലവനിലെത്തും. ജസ്പ്രീത് ബുംറയുടെ ഫാസ്റ്റ് ബൗളിംഗ് പങ്കാളിയായി മുഹമ്മദ് സിറാജ് സ്ഥാനം പിടിക്കും. രാത്രി മഞ്ഞുവീഴ്ച്ചയ്ക്ക് സാധ്യതയുള്ളതിനാല്‍ ടോസ് നിര്‍ണായകമാകും.

അതേസമയം, പാലസ്തീന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ലോകകപ്പിന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. നഗരത്തിലെല്ലായിടത്തും വലിയ തോതില്‍ സുരക്ഷ വര്‍ധിപ്പിച്ചതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button