Cricket

സഞ്ജുവിനെ ഇങ്ങനെ അവഗണിക്കുന്നത് അദ്ഭുതപ്പെടുത്തുന്നു!! കട്ട സപ്പോര്‍ട്ടുമായി ഓസീസ് ഇതിഹാസം

മികച്ച പ്രകടനം തുടര്‍ച്ചയായി നടത്തിയിട്ടും മലയാളി താരം സഞ്ജു സാംസണെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാത്തതില്‍ അദ്ഭുതം പ്രകടിപ്പിച്ച് ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് ഇതിഹാസം മാത്യു ഹെയ്ഡന്‍.

സഞ്ജു ഇന്ത്യന്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ടെന്ന് ഹെയ്ഡന്‍ തുറന്നടിക്കുകയും ചെയ്തു. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ പോരാട്ടത്തില്‍ രാജസ്ഥാനെ റോയല്‍സിനെ സഞ്ജു മുന്നില്‍ നിന്നു നയിച്ച് വിജയിപ്പിച്ചതിനു പിന്നാലെയായിരുന്നു ഹെയ്ഡന്റെ പ്രതികരണം.

‘ഞാന്‍ സഞ്ജുവിനൊപ്പമാണ്. ദേശീയ ടീമില്‍ ഇടം ലഭിക്കാതെ അദ്ദേഹം നിരന്തരം അവഗണിക്കപ്പെടുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി ഞാന്‍ ഇതുതന്നെ പറയുന്നു.

ഗംഭീര ഹിറ്ററാണ് സഞ്ജു. ഇത്തരമൊരു താരം ഇങ്ങനെ പരിഗണിക്കപ്പെടാതെ പോകുന്നത് എന്തുകൊണ്ടാണെന്നു എനിക്ക് തീരെ മനസിലാകുന്നില്ല.’

‘അദ്ദേഹത്തെ ക്രീസില്‍ തുടരാന്‍ അനുവദിച്ചാല്‍ ഘട്ടം ഘട്ടമായി എതിര്‍ പാളയത്തില്‍ നാശം വിതയ്ക്കുന്നു. ഇന്നത്തെ രാത്രി കണ്ടത് ഒരു ക്യാപ്റ്റന്റെ കറ കളഞ്ഞ ഇന്നിംഗ്സാണ്. അവസാനം അവന്‍ ലക്ഷ്യത്തിലെത്തുകയും ചെയ്തു. ഹെയ്ഡന്‍ വ്യക്തമാക്കി.

നേരത്തെ മുന്‍ ഓസീസ് നായകനും ഓപ്പണറുമായിരുന്ന ആരോണ്‍ ഫിഞ്ചും സമാനമായ അഭിപ്രായം പറഞ്ഞിരുന്നു.

സാഹചര്യത്തിനനുസൃതമായി തന്റെ കളിയെ സഞ്ജു വിദഗ്ധമായി പരുവപ്പെടുത്തുന്നു. ഏത് സാഹചര്യത്തില്‍ എന്തു ചെയ്യണമെന്ന കൃത്യമായ ബോധവും പക്വതയും സഞ്ജു കളത്തില്‍ പ്രകടമാക്കുന്നുവെന്നും ഫിഞ്ച് പറഞ്ഞു.

മത്സരത്തില്‍ ലഖ്നൗ ഉയര്‍ത്തിയ 196 റണ്‍സ് വിജയ ലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ രാജസ്ഥാന്‍ അടിച്ചെടുത്തിരുന്നു. 33 പന്തില്‍ നാല് സിക്സും ഏഴ് ഫോറും സഹിതം സഞ്ജു പുറത്താകാതെ 71 റണ്‍സ് എടുത്തു.

ധ്രുവ് ജൂറല്‍ ഐപിഎല്ലിലെ കന്നി അര്‍ധ സെഞ്ചുറിയുമായി ക്യാപ്റ്റനെ പിന്തുണച്ചതോടെ അവര്‍ ആറ് പന്തുകള്‍ ശേഷിക്കെ വിജയത്തിലെത്തി. ധ്രുവ് 34 പന്തില്‍ രണ്ട് സിക്സും അഞ്ച് ഫോറും സഹിതം 52 റണ്‍സെടുത്തു.

78ന് മൂന്ന് എന്ന നിലയില്‍ ടീം പതറുമ്പോള്‍ ഒത്തു ചേര്‍ന്ന സഞ്ജു-ജൂറല്‍ സഖ്യം അപരാജിതമായ നാലാം വിക്കറ്റില്‍ 121 റണ്‍സാണ് ചേര്‍ത്തത്. കളിയിലെ താരമായതും സഞ്ജുവാണ്. ജയത്തോടെ പ്ലേഓഫ് ഏറെക്കുറെ ഉറപ്പിക്കാനും സഞ്ജുവിനും സംഘത്തിനും കഴിഞ്ഞു.

Related Articles

Back to top button