ISL

ഈ തോല്‍വി ജയത്തേക്കാളേറെ പാഠം പകര്‍ന്നു നല്‍കും!

തോറ്റു, ശരിതന്നെ. എന്നുകരുതി ഇത് അവസാനമല്ല ഒന്നിന്റെയും. കേരള ബ്ലാസ്‌റ്റേഴ്‌സിന് ഈ തോല്‍വി ഒരുപക്ഷേ കണ്ണുതുറപ്പിക്കുന്ന ഒന്നു തന്നെയാകും. കാരണം, തോല്‍വികളാണ് ജയത്തേക്കാളേറെ അനുഭവങ്ങള്‍ സമ്മാനിക്കുക. കോച്ച് ഇവാന്‍ വുക്കുമനോവിച്ചിനും ടീമിനും ഒന്നിച്ചിരുന്ന് എവിടെയൊക്കോ പാളിച്ചകള്‍ പറ്റിയെന്ന് കണ്ടെത്താനും തിരുത്താനും മുന്നിലേറെ സമയം കിട്ടുന്നുവെന്നതാണ് എടികെയോടേറ്റ തോല്‍വിയുടെ വലിയ കാര്യം.

ഓര്‍ക്കുക, കഴിഞ്ഞ വര്‍ഷം ഉദ്ഘാടന മല്‍സരത്തില്‍ ഇതുപോലെ വലിയൊരു തോല്‍വിക്കു ശേഷമാണ് ടീം ഉയിര്‍ത്തെണീറ്റത്. വലിയൊരു വീഴ്ച്ചയില്‍ നിന്ന് ഫീനിക്‌സ് പക്ഷിയെപ്പോലൊരു ഉയിര്‍പ്പായിരുന്നു അത്. പുതിയ താരങ്ങള്‍ ടീമിനൊപ്പം ലയിച്ചു ചേര്‍ന്നോയെന്നതും ഈ രാത്രിയിലെ തോല്‍വിയില്‍ ചിന്തിച്ചു നോക്കി തിരുത്താവുന്നതാണ്.

ഈ സീസണില്‍ ഇനിയും 18 മല്‍സരങ്ങള്‍ കൂടി ബാക്കിയുണ്ട്. ആ മല്‍സരങ്ങളിലേക്ക് ടീമിനെ ഒരുക്കിയെടുക്കുക ആയിരിക്കണം ഇനിയുള്ള ലക്ഷ്യം. പ്രതിരോധത്തിലെ പാളിച്ചകള്‍ ഒരുപാട് പരിഹരിക്കാനുണ്ട്. ഫിനീഷിംഗിലും കാര്യമായ പ്രശ്‌നങ്ങളുണ്ട്. എന്നിരുന്നാലും ടീം സെറ്റായി വരുമ്പോഴേക്കും ഈ പ്രതിസന്ധികളൊക്കെ പരിഹരിക്കാവുന്നതേയുള്ളൂ. ഈ തോല്‍വിയുടെ പേരില്‍ ആരും അമിതമായ കുറ്റപ്പെടുത്തലുകള്‍ നടത്താതിരിക്കട്ടെ. ഗ്യാലറികളെ ഇനിയും മഞ്ഞയില്‍ പുതപ്പിക്കട്ടെ. കൊച്ചിയുടെ പുല്‍മൈതാനം വിറകൊള്ളട്ടെ…

Related Articles

Back to top button