Cricket

കാണ്‍ ശര്‍മയെ കണ്ണുരുട്ടി പേടിപ്പിച്ച് വിരാട് കോഹ്‌ലി!! വല്ലാതെ ഫീല്‍ ചെയ്ത് ബൗളര്‍; കിംഗ് വീണ്ടും ക്യാപ്റ്റന്‍ കളിക്കുന്നുവോ ?

ഗുജറാത്ത് ടൈറ്റന്‍സിനെതിരേ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഉജ്ജ്വല വിജയം നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തുകയും ചെയ്തു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് അടിച്ചെടുത്തത്. സായ് സുദര്‍ശന്‍(84*), ഷാരൂഖ് ഖാന്‍(58), ഡേവിഡ് മില്ലര്‍(26*) എന്നിവരുടെ ബാറ്റിംഗ് മികവാണ് ഗുജറാത്തിന് തുണയായത്.

എന്നാല്‍ മറുപടി ബാറ്റിംഗില്‍ വെറും 16 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസി(24)യുടെ വിക്കറ്റ് മാത്രമാണ് അവര്‍ക്ക് നഷ്ടമായത്.

വിരാട് കോഹ് ലി(44 പന്തില്‍ 70), വില്‍ ജാക്‌സ്(41 പന്തില്‍ 100) എന്നിവരുടെ ബാറ്റിംഗാണ് അവര്‍ക്ക് ഉജ്ജ്വല വിജയം നേടിക്കൊടുത്തത്.

കോഹ് ലി ആറു ഫോറും മൂന്നു സിക്‌സും പറത്തിയപ്പോള്‍. അഞ്ചു ഫോറും പത്തു സിക്‌സുമായിരുന്നു ജാക്‌സിന്റെ ബാറ്റില്‍ നിന്ന് പറന്നത്.

മത്സരത്തിലെ ഒരു സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ടൈറ്റന്‍സിനെതിരേ തന്റെ ആദ്യ ഓവറില്‍ തന്നെ സിക്‌സ് വഴങ്ങിയതിന് സഹതാരം കാണ്‍ ശര്‍മയ്‌ക്കെതിരേ വിരാട് കോഹ്‌ലി പൊട്ടിത്തെറിക്കുകയായിരുന്നു.

സ്ട്രാറ്റജിക് ടൈം ഔട്ട് ഇടവേളയില്‍ വിരാട് രോഷാകുലനാകുകയും സ്പിന്നറെ ശകാരിക്കുകയും ചെയ്തു. കോഹ് ലി പറയുന്നത് കേട്ടു കൊണ്ട് നില്‍ക്കുകയല്ലാതെ വെറ്ററന്‍ താരത്തിന് മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു, അതേസമയം സഹതാരങ്ങളുടെ മുന്നില്‍ വെച്ചുള്ള ഈ വഴക്ക് താരത്തെ ഏറെ വേദനിപ്പിച്ചു എന്നത് മുഖത്ത് നിന്നും വ്യക്തമായിരുന്നു.

പതിനേഴാം സീസണില്‍ നാല് മത്സരങ്ങള്‍ മാത്രമാണ് കാണ്‍ കളിച്ചത്. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തിന് ശേഷം അദ്ദേഹത്തെ പ്ലെയിംഗ് ഇലവനില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

പിന്നീട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലാണ് തിരികെ വിളിച്ചത്. ആ മത്സരത്തില്‍ അവസാന ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെതിരേ മൂന്നു സിക്‌സറുകള്‍ പറത്തിയ താരം വിജയത്തിനരികെ വരെ ആര്‍സിബിയെ എത്തിക്കുകയും ചെയ്തു. മത്സരത്തില്‍ ഒരു റണ്‍സിനാണ് ആര്‍സിബി പരാജയപ്പെട്ടത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയും ഗുജറാത്ത് ടൈറ്റന്‍സിനെതിരെയും താരം സ്ഥാനം നിലനിര്‍ത്തി. അതേ സമയം കോഹ് ലി ബാറ്റ് കൊണ്ട് മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും ടീം കളിച്ച പത്ത് മത്സരങ്ങളില്‍ ഏഴിലും തോറ്റു.

ഈ സീസണില്‍ ഇനി ശേഷിക്കുന്ന നാലു മത്സരങ്ങളിലും വിജയിച്ചാല്‍ മാത്രമേ ആര്‍സിബിയ്ക്ക് വിജയ സാധ്യതയുള്ളൂ. അതിനിടെ കോഹ് ലി വീണ്ടും ആര്‍സിബിയുടെ ക്യാപ്റ്റനായി തിരികെയെത്തണമെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ് ആവശ്യപ്പെട്ടിരുന്നു. എന്തായാലും ഇപ്പോഴും കോഹ് ലി ക്യാപ്റ്റനെപ്പോലെയാണ് പെരുമാറുന്നതെന്നാണ് പലരും പറയുന്നത്.

Related Articles

Back to top button