Cricket

ആര്‍സിബിയെ ചതിച്ചത് ഗ്ലെന്‍ മാക്‌സ്‌വെല്ലിനും സിറാജിനും വിശ്രമം അനുവദിച്ചതോ ? എന്തു കൊണ്ട് ഇരുവരും കളിച്ചില്ല !!

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു റെക്കോഡ് വഴങ്ങിയ മത്സരത്തില്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജിനും സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ് വെല്ലിനും വിശ്രമമനുവദിച്ചത് ശ്രദ്ധേയമായിരുന്നു.

ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ഹൈദരാബാദ് ബാറ്റര്‍മാര്‍ തകര്‍ത്തടിച്ചപ്പോള്‍ പിറന്നത് ഐപിഎല്ലിലെ റെക്കോഡ് സ്‌കോറാണ്. സെഞ്ചുറി നേടിയ ട്രവിസ് ഹെഡാണ് ടീമിന്റെ പ്രധാന സ്‌കോറര്‍.

അഭിഷേക് ശര്‍മ(34), ഹെന്‍ റിച്ച് ക്ലാസന്‍(67), മാര്‍ക്രം(32),അബ്ദുള്‍ സമദ്(37) എന്നിവരും തകര്‍ത്തടിച്ചപ്പോള്‍ ഹൈദരാബാദ് നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സ് കുറിച്ചു. ബംഗളൂരുവിനായി പന്തെറിഞ്ഞവരെല്ലാം തല്ലു മേടിച്ചു.

ഏറെക്കുറെ അസാധ്യമായ 288 എന്ന വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ബംഗളൂരുവിനായി വിരാട് കോഹ് ലി(42), ഫഫ് ഡുപ്ലെസി(62) എന്നിവര്‍ ഓപ്പണിംഗ് വിക്കറ്റില്‍ തകര്‍ത്തടിച്ചെങ്കിലും പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ പോയത് അവര്‍ക്ക് തിരിച്ചടിയായി.

ഒടുവില്‍ വെറ്ററന്‍ വിക്കറ്റ്കീപ്പര്‍ ദിനേശ് കാര്‍ത്തിക് നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് അവരുടെ തോല്‍വി ഭാരം കുറച്ചത്.

വെറും 35 പന്തില്‍ ഏഴ് സിക്‌സറുകളും അഞ്ച് ബൗണ്ടറികളും സഹിതം 83 റണ്‍സാണ് താരം അടിച്ചു കൂട്ടിയത്. ബംഗളൂരുവിന്റെ സ്‌കോര്‍ 262ല്‍ എത്താന്‍ കാരണമായതും ആ ഇന്നിംഗ്‌സാണ്.

സൂപ്പര്‍താരങ്ങളായ മാക്‌സ്‌വെല്ലിന്റെയും മുഹമ്മദ് സിറാജിന്റെയും അസാന്നിദ്ധ്യം മത്സരത്തില്‍ പ്രകടമായിരുന്നു.

ഈ സീസണില്‍ ഇതുവരെ ബാറ്റിംഗില്‍ തിളങ്ങാന്‍ കഴിയാതെ വന്നതോടെ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് വിശ്രമം നല്‍കാന്‍ ആര്‍സിബി മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.

ഈ സീസണില്‍ കളിച്ച ആറിന്നിംഗ്‌സുകളില്‍ നിന്ന് വെറും 32 റണ്‍സ് മാത്രമാണ് മാക്‌സ് വെലിന് നേടാനായത്. അതില്‍ മൂന്നു തവണയും ഡക്കായിരുന്നു. ഒരു തവണ ഒരു റണ്ണിനും മറ്റൊരു തവണ മൂന്നു റണ്‍സിനും താരം പുറത്തായി. ഒരു മത്സരത്തില്‍ 28 റണ്‍സ് എടുത്തതാണ് അപവാദം.

എന്നിരുന്നാലും, പന്ത് ഉപയോഗിച്ച്, നാല് ഇന്നിംഗ്‌സുകളില്‍ നിന്ന് 19 ശരാശരിയിലും 8.44 ഇക്കോണമിയിലും നാല് വിക്കറ്റുമായി തന്റെ ടീമിനായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ താരമാവാന്‍ അദ്ദേഹത്തിനായി.

സീസണില്‍ രണ്ട് മത്സരങ്ങള്‍ കളിച്ച 18 റണ്‍സ് നേടിയ 23 കാരനായ യുവതാരം സൗരവ് ചൗഹാന്‍ മാക്‌സ്വെല്ലിന് പകരക്കാരനായി എത്തിയെങ്കിലും ഗോള്‍ഡന്‍ ഡക്കായി.

ആറ് മത്സരങ്ങളില്‍ നിന്ന് 57.25 ശരാശരിയിലും 10.40 ഇക്കോണമിയിലും വെറും നാല് വിക്കറ്റ് വീഴ്ത്തിയ പേസര്‍ മുഹമ്മദ് സിറാജിന് ഇത് വളരെ മോശം സീസണാണ്.

സീസണിലെ തന്റെ ആദ്യ മത്സരം കളിക്കുന്ന കിവി സീമര്‍ ലോക്കി ഫെര്‍ഗൂസണാണ് സിറാജിന് പകരക്കാരനായത്. രണ്ടു വിക്കറ്റ് നേടിയെങ്കിലും 52 റണ്‍സാണ് ഫെര്‍ഗൂസന്‍ വിട്ടു കൊടുത്തത്.

മുംബൈ ഇന്ത്യന്‍സിനെതിരെ 3.3 ഓവറില്‍ 55 റണ്‍സ് വഴങ്ങിയ സീമര്‍ ആകാശ് ദീപിനു പകരം കളത്തിലിറക്കിയ യാഷ് ദയാലും നാലോവറില്‍ 51 റണ്‍സ് വഴങ്ങി.

Related Articles

Back to top button