Cricket

തിലക് വര്‍മ മറ്റൊരു സച്ചിനോ ? തിലക് വര്‍മ അര്‍ധ സെഞ്ചുറി നേടുമ്പോള്‍ മുംബൈ ആരാധകരുടെ ചങ്കിടിപ്പ് കൂടും

ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ നിലനിന്നിരുന്ന ഒരു വിശ്വാസമായിരുന്നു ”സച്ചിന്‍ സെഞ്ചുറി നേടിയാല്‍ ടീം തോല്‍ക്കും” എന്നത്.

ഇപ്പോള്‍ ഇതിനു സമാനമായ ഒരു വിശ്വാസം രൂപപ്പെട്ടു വരികയാണ് മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ക്കിടയില്‍.

ഇനി കഥയിലേക്ക് വരാം. ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ റിഷബ് പന്തിന്റെ ദല്‍ഹി ക്യാപ്പിറ്റല്‍സ് മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയിരുന്നു.

ക്യാപ്പിറ്റല്‍സിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 10 റണ്‍സിനായിരുന്നു അവരുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 257 റണ്‍സ് എന്ന പടുകൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയപ്പോള്‍ മുംബൈയ്ക്ക് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.

27 പന്തില്‍ 84 റണ്‍സ് അടിച്ചു കൂട്ടിയ ജേക് ഫ്രേസര്‍ മക്ഗുര്‍ക്കിന്റെയും 25 പന്തില്‍ 48 റണ്‍സ് നേടിയ ട്രിസ്റ്റ്യന്‍ സ്റ്റബ്‌സിന്റെയും 17 പന്തില്‍ 41 റണ്‍സടിച്ച ഷായ് ഹോപ്പിന്റെയും ഇന്നിംഗ്‌സുകളാണ് ഡല്‍ഹിയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

258 റണ്‍സിന്റെ ലക്ഷ്യവുമായി കളത്തിലിറങ്ങിയ മുംബൈയ്ക്ക് ലക്ഷ്യത്തിന് 10 റണ്‍സ് അകലെ വരെയെത്താനേ കഴിഞ്ഞുള്ളൂ. 32 പന്തില്‍ 63 റണ്‍സ് നേടിയ തിലക് വര്‍മയുടെ അര്‍ധ സെഞ്ചുറിയുടെ കരുത്തില്‍ മുംബൈ പൊരുതിയെങ്കിലും പരാജയമായിരുന്നു അന്തിമഫലം.

ഇതോടെയാണ് തിലക് വര്‍മയുടെ അര്‍ധസെഞ്ചുറി മുംബൈ ഇന്ത്യന്‍സ് ആരാധകരുടെ പേടിസ്വപ്‌നമായി മാറിയത്. ഐപിഎല്ലില്‍ ഇതുവരെ ആറ് തവണയാണ് തിലക് വര്‍മ അര്‍ധ സെഞ്ചുറി നേടിയിട്ടുള്ളത്. ഈ ആറ് മത്സരത്തിലും മുംബൈ ഇന്ത്യന്‍സിന് പരാജയം സംഭവിക്കുകയും ചെയ്തു.

ഐപിഎല്‍ കരിയര്‍ ആരംഭിച്ച 2022ല്‍ രണ്ട് അര്‍ധ സെഞ്ചുറിയാണ് തിലക് വര്‍മ നേടിയത്. രാജസ്ഥാന്‍ റോയല്‍സിനെതിരെയായിരുന്നു കരിയറിലെ ആദ്യ ഐപിഎല്‍ അര്‍ധശതകം. 33 പന്തില്‍ 61 റണ്‍സാണ് താരം അടിച്ചെടുത്തത്. ആ മത്സരത്തില്‍ 23 റണ്‍സിനായിരുന്നു മുംബൈയുടെ പരാജയം. അതേ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരേ നേടിയ അര്‍ധസെഞ്ചുറിയും പരാജയത്തില്‍ കലാശിച്ചു.

കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരേ 46 പന്തില്‍ 84 റണ്‍സ് അടിച്ചു കൂട്ടിയെങ്കിലും ആ മത്സരവും മുംബൈ തോറ്റു.

ഈ സീസണിലും ഈ വിധിയില്‍ മാറ്റമില്ല. ഈ സീസണില്‍ സണ്‍ റൈസേഴ്സ് (34 പന്തില്‍ 64), രാജസ്ഥാന്‍ റോയല്‍സ് (45 പന്തില്‍ 65), ഡല്‍ഹി ക്യാപ്പിറ്റല്‍സ് (32 പന്തില്‍ 63) എന്നിവര്‍ക്കെതിരെയായിരുന്നു തിലകിന്റെ അര്‍ധ സെഞ്ചുറികള്‍.

ഈ മത്സരങ്ങളുടെ ഫലം എല്ലാ ക്രിക്കറ്റ് ആരാധകര്‍ക്കും അറിയാവുന്നതാണ്. താരത്തിന്റെ നിര്‍ഭാഗ്യത്തില്‍ ആരാധകരും നിരാശയിലാണ്.

എന്നാല്‍ താരത്തിന്റെ ഈ നിര്‍ഭാഗ്യം ഉടനെ ഇല്ലാതാകുമെന്നും തിലകിന്റെ അര്‍ധ സെഞ്ചുറിയുടെ കരുത്തില്‍ മുംബൈ ഇന്ത്യന്‍സ് മികച്ച വിജയം സ്വന്തമാക്കുമെന്നുമുള്ള പ്രത്യാശയിലാണ് ആരാധകര്‍.

കഴിഞ്ഞ മത്സരത്തിലും പരാജയപ്പെട്ടതോടെ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് മുംബൈ. ഒമ്പത് മത്സരത്തില്‍ നിന്നും മൂന്ന് ജയത്തോടെ ആറ് പോയിന്റാണ് ടീമിനുള്ളത്.

ഏപ്രില്‍ 30നാണ് മുംബൈയുടെ അടുത്ത മത്സരം. ഏകാന സ്പോര്‍ട്സ് സിറ്റിയില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ ലഖ്നൗ സൂപ്പര്‍ ജയന്റ്സാണ് എതിരാളികള്‍. ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചെങ്കില്‍ മാത്രമേ മുംബൈയ്ക്ക് പ്ലേ ഓഫ് ഉറപ്പിക്കാനാവൂ.

Related Articles

Back to top button