Cricket

വീട്ടിലേക്ക് പോയ കിഷന്‍ ദുബായില്‍ കറങ്ങി നടക്കുന്നു!! കലിപ്പില്‍ ബിസിസിഐ; പണികിട്ടിയേക്കും!!

ഇന്ത്യന്‍ ടീമില്‍ അടുത്തിടെ സൈഡ് ബെഞ്ചില്‍ മാത്രം സ്ഥാനം പിടിക്കുന്ന താരമാണ് ഇഷാന്‍ കിഷന്‍. സ്ഥിരം വിക്കറ്റ് കീപ്പറായ റിഷാഭ് പന്തിന് കാര്‍ അപകടത്തില്‍ പരിക്കേറ്റതോടെയാണ് കിഷന്‍ ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിധ്യമായത്.

എന്നാല്‍ ഏകദിന ലോകകപ്പില്‍ ഉള്‍പ്പെടെ സ്ഥിരമായി സൈഡ് ബെഞ്ചില്‍ മാത്രമായി താരത്തിന്റെ സാന്നിധ്യം. ഇതോടെ മാനസിക പ്രശ്‌നങ്ങള്‍ അലട്ടുന്നുവെന്ന് പറഞ്ഞ് താരം ടീം ഇന്ത്യയില്‍ നിന്നും അവധിയെടുക്കുകയും ചെയ്തു.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി അവിടെ എത്തിയ ശേഷമായിരുന്നു താരത്തിന്റെ മടക്കം. നേരെ വീട്ടില്‍ പോയി മാനസികമായി കുറച്ചധികം മെച്ചപ്പെട്ട ശേഷം ടീമിലേക്ക് തിരിച്ചെത്താനാണ് താരത്തിന് റെസ്റ്റ് കൊടുത്തതെന്നായിരുന്നു ബിസിസിഐയുടെ പ്രതികരണം.

ഇതിനിടെ നാട്ടില്‍ കിഷന്‍ പരിശീലനവും തുടര്‍ന്നിരുന്നു. എന്നാലിപ്പോള്‍ ദുബായില്‍ നൈറ്റ് ക്ലബ് പാര്‍ട്ടികളില്‍ താരം ആഘോഷിക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നതോടെ കഥമാറിയിരിക്കുകയാണ്. കിഷനെ പിന്തുണച്ചിരുന്ന ബിസിസിഐ കടുത്ത ദേഷ്യത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മാനസിക പ്രശ്‌നങ്ങള്‍ മാറ്റിയെടുക്കാന്‍ വിശ്രമം എടുത്ത താരം നൈറ്റ് പാര്‍ട്ടികളില്‍ ആഘോഷിക്കുന്നത് ശരിയല്ലെന്നാണ് മുന്‍കാല താരങ്ങളുടെ പ്രതികരണം. സംഭവം വിവാദമായതോടെ കിഷനെതിരേ അച്ചടക്ക നടപടിക്ക് ബോര്‍ഡ് തുനിയുമെന്നാണ് റിപ്പോര്‍ട്ട്.

ജൂണില്‍ ട്വന്റി-20 ലോകകപ്പ് നടക്കുമ്പോള്‍ കിഷനും ടീമിലേക്ക് എത്തിപ്പെടുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. അഫ്ഗാനെതിരായ ട്വന്റി-20 പരമ്പരയില്‍ വിക്കറ്റ് കീപ്പറുടെ റോളി സഞ്ജു സാംസണും ജിതേഷ് ശര്‍മയുമാണ് ടീമിലുള്ളത്.

ലോകകപ്പില്‍ കെഎല്‍ രാഹുലും ടീമില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ കിഷന് ഇപ്പോഴത്തെ വിവാദങ്ങള്‍ ലോകകപ്പ് ടീമിലെ സ്ഥാനം നഷ്ടപ്പെടുത്താനും ഇടയുണ്ട്. ഇടംകൈയന്‍ ബാറ്ററാണെന്ന ആനുകൂല്യമാണ് പലപ്പോഴും കിഷന് രക്ഷയ്ക്ക് എത്തിയിരുന്നത്.

ഇപ്പോഴത്തെ അവസ്ഥയില്‍ ട്വന്റി-20 ടീമില്‍ ഇടംകൈയന്‍മാരുടെ ബാഹുല്യമാണ്. അഫ്ഗാന്‍ പരമ്പരയില്‍ 6 മുന്‍നിര ബാറ്റര്‍മാരും ഇടംകൈയന്മാരാണ്. അതുകൊണ്ട് തന്നെ ലോകകപ്പ് ടീമില്‍ കിഷന് ഈയൊരു ഒറ്റ ആനുകൂല്യം കൊണ്ട് മാത്രം ടീമിലെത്താന്‍ സാധിക്കില്ല.

കിഷനെതിരേ അച്ചടക്ക നടപടിയെടുത്താല്‍ അത് ഗുണം ചെയ്യുന്നതില്‍ ഒരു താരം സഞ്ജു സാംസണാണ്. പലപ്പോഴും സഞ്ജുവിന് പകരമായിരുന്നു ഇടംകൈയന്‍ ആനുകൂല്യത്തില്‍ കിഷന്‍ ടീമിലെത്തിയിരുന്നത്. അതിനൊരു മാറ്റം ഇത്തവണ ഉണ്ടാകും.

Related Articles

Back to top button