Cricket

തെറ്റുപറ്റിപ്പോയി മുത്തേ, ക്ഷമിക്ക് !! റിഷഭല്ല സഞ്ജുവാണ് ലോകകപ്പില്‍ വേണ്ടതെന്ന് വാക്കുമാറ്റിപ്പറഞ്ഞ് കൈഫ്

ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നിരിക്കെ തങ്ങളുടേതായ തിരഞ്ഞെടുപ്പുകളുമായി മുന്‍ താരങ്ങള്‍ അടക്കമുള്ളവര്‍ രംഗത്തുണ്ട്.

പല പ്രമുഖ താരങ്ങളെയും തഴഞ്ഞാണ് പലരും ടീം തിരഞ്ഞെടുത്തിരിക്കുന്നത്. ഇപ്പോഴിതാ താന്‍ തെരഞ്ഞെടുത്ത ടീമില്‍ തെറ്റുപറ്റിയെന്ന് തുറന്നു സമ്മതിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.

മുമ്പ് കൈഫ് പ്രഖ്യാപിച്ച ടീമില്‍ നിന്ന് മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് നായകനുമായ സഞ്ജു സാംസണെ തഴഞ്ഞിരുന്നു. ഇതിനാണ് ഇപ്പോള്‍ കൈഫ് ക്ഷമ ചോദിച്ചിരിക്കുന്നത്.

റിഷഭ് പന്തിനെ മാത്രമാണ് 15 അംഗ സംഘത്തില്‍ വിക്കറ്റ് കീപ്പറായി അദ്ദേഹം ഉള്‍പ്പെടുത്തിയത്. ഇതു തനിക്കു പറ്റിയ വലിയൊരു പിഴവാണെന്നാണ് കൈഫ് തുറന്നു സമ്മതിച്ചത്.

കഴിഞ്ഞ ദിവസം ലഖ്നൗ സൂപ്പര്‍ ജയന്റ്സുമായുള്ള കളിയില്‍ ക്യാപ്റ്റന്റെ ഇന്നിംഗ്‌സ് കാഴ്ച വച്ചു സഞ്ജു അപരാജിത അര്‍ധസെഞ്ചുറിയോടെ റോയല്‍സിന്റെ ഹീറോയായി മാറിയിരുന്നു. 33 ബോളുകളില്‍ നിന്നും 71 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്.

ഏഴു ഫോറുകളും നാലു സിക്സറുകളും ഇതിലുള്‍പ്പെടുന്നു. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സഞ്ജുവിനെ തേടിയെത്തി. ഇതോടെയാണ് സ്റ്റാര്‍ സ്പോര്‍ട്സില്‍ സംസാരിക്കവെ തനിക്കു തെറ്റുപറ്റിയതായി കൈഫ് തുറന്നു സമ്മതിച്ചത്.

എനിക്കു തെറ്റുപറ്റി. ട്വന്റി20 ലോകകപ്പിനുള്ള സ്‌ക്വാഡില്‍ നിന്നും സഞ്ജു സാംസണിനെപ്പോലെയൊരു താരത്തെ എങ്ങനെയാണ് എനിക്കു ഒഴിവാക്കാന്‍ സാധിക്കുക.

അതു എന്റെ വലിയ പിഴവ് തന്നെയായിരുന്നു, അതു പാടില്ലായിരുന്നു. ടി20 ലോകകപ്പില്‍ തന്റെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പര്‍ ഇപ്പോള്‍ സഞ്ജുവാണെന്നും കൈഫ് വ്യക്തമാക്കി.

ഐപിഎല്‍ സീസണില്‍ നിലവിലെ റണ്‍വേട്ടക്കാരില്‍ രണ്ടാമനായ സഞ്ജു, ഏറ്റവുമധികം റണ്‍സ് നേടിയ വിക്കറ്റ് കീപ്പറാണ്.

ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 77 എന്ന കിടിലന്‍ ശരാശരിയില്‍ 161.08 സ്ട്രൈക്ക് റേറ്റില്‍ 385 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്.

നാലു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും. ടൂര്‍ണമെന്റില്‍ ഇത്തവണ കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുകളുള്ള താരവും സഞ്ജുവാണ്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം ബാറ്റിംഗ് ശരാശരിയുള്ള രണ്ടാമത്തെ താരവും സഞ്ജുവാണ്.

മാത്രമല്ല 2013ലെ അരങ്ങേറ്റ സീസണ്‍ മുതല്‍ ഇതുവരെയുള്ള പ്രകടനമെടുത്താല്‍ സഞ്ജു ഒരു സീസണില്‍ നാലു ഫിഫ്റ്റികള്‍ നേടിയതും ഇതാദ്യമായിട്ടാണ്.

സഞ്ജു കഴിഞ്ഞാല്‍ ഐപിഎല്ലില്‍ ഇത്തവണ കൂടുതല്‍ റണ്‍സുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാര്‍ കെഎല്‍ രാഹുലും റിഷഭുമാണ്.

ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 378 റണ്‍സാണ് രാഹുലിന്റെ സമ്പാദ്യം. 42 ശരാശരിയില്‍ 144.27 സ്ട്രൈക്ക് റേറ്റോടെയാണിത്. മൂന്നു അര്‍ധസെഞ്ചുറികളാണ് അദ്ദേഹം ഇതിനകം നേടിയിട്ടുള്ളത്.

ഒരു മല്‍സരം കൂടുതല്‍ കളിച്ചുകഴിഞ്ഞ റിഷഭ് 10 മല്‍സരങ്ങളില്‍ നിന്നും സ്‌കോര്‍ ചെയ്തത് 371 റണ്‍സാണ്. 46.37 ശരാശരിയും 160.60 സ്ട്രൈക്ക് റേറ്റും താരത്തിനുണ്ട്. റിഷഭിന്റെ പേരിലും മൂന്ന് അര്‍ധ സെഞ്ചുറികളുണ്ട്.

അതേസമയം, കൈഫ് നേരത്തേ തിരഞ്ഞെടുത്ത ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ സഞ്ജുവിനെ മാത്രമല്ല രാഹുലിനെയും ഉള്‍പ്പെടുത്തിയിരുന്നില്ല. റിഷഭ് മാത്രമായിരുന്നു ടീമിലെ ഏക വിക്കറ്റ് കീപ്പര്‍.

സഞ്ജുവിനെ കൂടാതെ ഫിനിഷര്‍ റിങ്കു സിങിനെയും ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും കൈഫ് ഒഴിവാക്കിയിരുന്നു. അദ്ദേഹത്തിന്റെ ടീമിലെ സര്‍പ്രൈസ് താരം അണ്‍ ക്യാപ്ഡ് ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗായിരുന്നു.

എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ പരാഗിന് തിളങ്ങാനായില്ല. ഒന്നു രണ്ടു ദിവസത്തിനുള്ളില്‍ ടീം പ്രഖ്യാപിക്കുമെന്നിരിക്കെ പരാഗ് ടീമില്‍ ഇടംപിടിക്കാന്‍ സാധ്യത കുറവാണ്.

Related Articles

Back to top button