Cricket

കമന്ററി ബോക്‌സിലിരുന്ന് വായില്‍ തോന്നുന്നത് എന്തും പറയാം!! സ്‌ട്രൈക്ക് റേറ്റ് ആക്ഷേപത്തില്‍ തുറന്നടിച്ച് കോഹ്‌ലി

തനിക്ക് നേരെ ഉയരുന്ന ആക്ഷേപങ്ങള്‍ക്ക് ഒരിക്കല്‍ കൂടി ബാറ്റ് കൊണ്ട് മറുപടി പറഞ്ഞിരിക്കുകയാണ് വിരാട് കോഹ് ലി.
ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഒമ്പതു വിക്കറ്റിന് വിജയിച്ചപ്പോള്‍ 44 പന്തില്‍ പുറത്താകാതെ 70 റണ്‍സാണ് താരം അടിച്ചു കൂട്ടിയത്.

ഇതിനു പിന്നാലെ ഇപ്പോള്‍ തനിക്കെതിരെ ഉയരുന്ന സ്ട്രൈക്ക് റേറ്റ് വിവാദങ്ങളില്‍ പ്രതികരിച്ചിരിക്കുകയാണ് താരം.
ക്രിക്കറ്റ് കമന്റേറ്റര്‍മാരായ ഹര്‍ഷ ഭോഗ്ലെ, സുനില്‍ ഗാവസ്‌കര്‍ തുടങ്ങിയവര്‍ക്കുള്ള പരോക്ഷമായ മറുപടി കൂടിയായിരുന്നു കോഹ്ലിയുടെ വാക്കുകള്‍.

തന്റെ സ്ട്രൈക്ക് റേറ്റ്, സ്പിന്നില്‍ നന്നായി കളിക്കുന്നില്ല തുടങ്ങിയ വിഷയങ്ങളില്‍ ചിലര്‍ സംസാരിക്കുന്നു. അവര്‍ നമ്പറുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് സംസാരിക്കുന്നത്.

ടീമിനുവേണ്ടി കളിക്കുകയാണ് തനിക്ക് പ്രധാനം. അതുകൊണ്ട് കഴിഞ്ഞ 15 വര്‍ഷമായി താന്‍ ക്രിക്കറ്റില്‍ തുടരുന്നു. ആ കണക്കുകളാണ് നിങ്ങള്‍ ദിവസവും ആവര്‍ത്തിക്കുന്നതെന്ന് കോഹ്ലി പ്രതികരിച്ചു.

ടീമിന് വേണ്ടി കളിക്കുമ്പോള്‍ സാഹചര്യം മനസിലാക്കണം. കമന്ററി ബോക്സിലിരിക്കുന്നവര്‍ക്ക് ഗ്രൗണ്ടിലെ സാഹചര്യം മനസിലാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ക്രിക്കറ്റ് തന്റെ ജോലിയാണ്. ഓരോത്തര്‍ക്കും അവരവരുടെ ആശയങ്ങള്‍ പറയാന്‍ അവകാശമുണ്ടെന്നും കോഹ്ലി വ്യക്തമാക്കി.

എന്തായാലും സുനില്‍ ഗവാസ്‌കര്‍ക്കും ഹര്‍ഷാ ഭോഗ്‌ലെയ്ക്കും മുഖത്തേറ്റ അടിയാണ് കോഹ് ലിയുടെ മറുപടിയെന്ന് ആരാധകര്‍ പറയുന്നു. നിലവില്‍ 500 റണ്‍സുമായി സീസണിലെ റണ്‍വേട്ടക്കാരില്‍ ബഹുദൂരം മുമ്പിലാണ് താരം.

Related Articles

Back to top button