Cricket

കളി ജയിച്ചെങ്കിലും സഞ്ജുവിന്റെ പല പ്രവര്‍ത്തികളും ഞെട്ടിച്ചു!! തുറന്നടിച്ച് ടോം മൂഡി

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരേ ആവേശകരമായ ജയമാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. വെറും ഒരു പന്ത് മാത്രം ബാക്കി നില്‍ക്കെയായിരുന്നു രാജസ്ഥാന്റെ വിജയം.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 147 റണ്‍സ് മാത്രം നേടിയപ്പോള്‍ വിജയത്തിലെത്താന്‍ രാജസ്ഥാന്‍ ഏഴു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തുകയും ചെയ്തു.

മൂന്ന് വിക്കറ്റ് ജയവുമായി പോയിന്റ് പട്ടികയില്‍ രാജസ്ഥാന്‍ റോയല്‍സ് ഒന്നാംസ്ഥാനം സുരക്ഷിതമാക്കിയെങ്കിലും മത്സരത്തിലാകെ നിലവാരത്തകര്‍ച്ച പ്രകടമായി എന്നാണ് ഓസ്‌ട്രേലിയന്‍ മുന്‍ താരം ടോം മൂഡി പറയുന്നത്.

‘തന്ത്രപരമായി ഏറെ വീഴ്ചകളും അമ്പരപ്പിക്കുന്ന തീരുമാനങ്ങളും കണ്ട മത്സരമായിരുന്നു പഞ്ചാബ് കിംഗ്സും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ നടന്നത്. ഇരു ടീമുകളും ഈ പ്രശ്‌നങ്ങള്‍ നേരിട്ടു.

മോശം നിലവാരത്തിലുള്ള മത്സരമായിരുന്നെങ്കിലും നല്ല ഫിനിഷിംഗ് കാണാനായി. എങ്കിലും കാണാന്‍ ആകര്‍ഷകമായ മത്സരമായിരുന്നില്ല ഇത്. ഒഴുക്കുള്ള കളിയായിരുന്നില്ല.

148 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നുള്ള റോയല്‍സിന്റെ സമീപനവും ബാറ്റിംഗ് ക്രമവും ഞെട്ടിച്ചു’ എന്നുമാണ് ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയുടെ ഷോയില്‍ ടോം മൂഡിയുടെ വ്യക്തമാക്കിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സാണ് നേടിയത്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഇംപാക്ട് പ്ലെയര്‍ അശുതോഷ് ശര്‍മയാണ് ടോപ് സ്‌കോറര്‍. വെറും 16 പന്തില്‍ 31 റണ്‍സാണ് അശുതോഷ് അടിച്ചെടുത്തത്.

ഇംപാക്ട് പ്ലെയറായ യശസ്വി ജയ്സ്വാളിനൊപ്പം അരങ്ങേറ്റക്കാരന്‍ തനുഷ് കോട്ടിയാനാണ് രാജസ്ഥാന്റെ ഇന്നിംഗ്‌സിനു തുടക്കം കുറിച്ചത്.

ഈ തീരുമാനം പലരുടെയും നെറ്റി ചുളിപ്പിച്ചിരുന്നു. കോട്ടിയാനും (31 പന്തില്‍ 24), ജയ്സ്വാളും (28 പന്തില്‍ 39) പുറത്തായ ശേഷം വന്ന ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (14 പന്തില്‍ 18 റണ്‍സ്), റിയാന്‍ പരാഗ് (18 പന്തില്‍ 23), ധ്രുവ് ജൂറല്‍ (11 പന്തില്‍ 6), റോവ്മാന്‍ പവല്‍ (5 പന്തില്‍ 11), കേശവ് മഹാരാജ് (2 പന്തില്‍ 1) എന്നിവരെല്ലാം പെട്ടെന്ന് പുറത്തായപ്പോള്‍ രാജസ്ഥാന്‍ പരാജയം മണത്തിരുന്നു.

ആദ്യ ഓവറുകളില്‍ അടിച്ചു കളിക്കേണ്ട സന്ദര്‍ഭത്തില്‍ തനുഷ് കോട്ടിയാന്റെ മെല്ലെപ്പോക്ക് റിക്വയേര്‍ഡ് റണ്‍റേറ്റ് ഉയരുന്നതിന് കാരണമാവുകയും ചെയ്തു.

എന്നാല്‍ ഷിമ്രോണ്‍ ഹെറ്റ്മെയര്‍ സന്ദര്‍ഭോചിതമായി നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് രാജസ്ഥാന് വിജയം സമ്മാനിക്കുകയായിരുന്നു. 10 പന്തില്‍ 27* റണ്‍സുമായി പുറത്താവാതെ നിന്ന ഹെറ്റ്മെയര്‍ അര്‍ഷ്ദീപ് സിംഗ് എറിഞ്ഞ അവസാന ഓവറിലെ അഞ്ചാം പന്ത് സിക്സര്‍ പറത്തിയാണ് രാജസ്ഥാന് ആവേശകരമായ വിജയം സമ്മാനിച്ചത്.

Related Articles

Back to top button