Cricket

അസ്ഹറും ധോണിയും വീണു കിഷന്റെ ‘കടന്നാക്രമണത്തില്‍; അപൂര്‍വം ഈ ഇടതുനേട്ടം!!

വിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിലും അര്‍ധശതകം തികച്ചതോടെ ഇഷാന്‍ കിഷനെ തേടിയെത്തിയത് അപൂര്‍വ നേട്ടം. ഇന്ത്യയ്ക്കായി മൂന്ന് മല്‍സരങ്ങളുള്ള ഒരു ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായി മൂന്ന് കളികളിലും അര്‍ധസെഞ്ചുറി നേടുന്ന വെറും ആറാമത്തെ താരമെന്ന നേട്ടമാണ് കിഷന്‍ സ്വന്തമാക്കിയത്.

ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇടംകൈയന്‍ ബാറ്റര്‍ കൂടിയാണ് കിഷന്‍. കെ. ശ്രീകാന്ത് (1982), ദുലീപ് വെംഗ്‌സര്‍ക്കാര്‍ (1985), മുഹമ്മദ് അസ്ഹറുദീന്‍ (1993), എംഎസ് ധോണി (2019), ശ്രേയസ് അയ്യര്‍ (2020) എന്നിവരാണ് കിഷന്റെ മുമ്പന്മാര്‍.

ഇതില്‍ ബാക്കിയെല്ലാവരും വലംകൈയന്‍ ബാറ്റ്‌സ്മാന്മാര്‍ ആണെന്നതാണ് പട്ടികയിലെ പ്രത്യേകത. ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റിലും കിഷന്‍ അര്‍ധശതകം തികച്ചിരുന്നു. ഇതോടെ അവസാനം കളിച്ച നാല് ഇന്നിംഗ്‌സിലും കിഷന്‍ 50 പിന്നിട്ടെന്ന അപൂര്‍വതയുമുണ്ട്.

ആദ്യ ഏകദിനത്തില്‍ 52, രണ്ടാം കളിയില്‍ 55 റണ്‍സും നേടിയ കിഷാന്‍ അവസാന ഏകദിനത്തില്‍ ക്ഷണനേരത്തില്‍ 77 റണ്‍സടിച്ച് ടീമിന് മികച്ച തുടക്കം നല്‍കി. വെറും 64 പന്തില്‍ നിന്നും 3 സിക്‌സറും 8 ഫോറും ഉള്‍പ്പെടെയാണ് താരത്തിന്റെ വെടിക്കെട്ട്.

ലോകകപ്പ് അടുത്തു നില്‍ക്കേ റിഷാഭ് പന്തിന്റെ റോളിലേക്ക് കിഷന്‍ എത്തുമെന്ന സൂചന തന്നെയാണ് തുടര്‍ച്ചയായ മിന്നല്‍ പ്രകടനങ്ങള്‍ സൂചിപ്പിക്കുന്നത്. ബാറ്റിംഗ് അത്ര എളുപ്പമല്ലാത്ത പിച്ചില്‍ ശരിയായ തുടക്കം ടീമിന് നല്‍കാന്‍ സാധിച്ചതാണ് കിഷന്റെ സാധ്യതകളെ വര്‍ധിപ്പിക്കുന്നത്.

ബാറ്റിംഗിനെ അത്രമാത്രം തുണയ്ക്കുന്ന പിച്ചുകളില്‍ മാത്രം കളിക്കാനറിയുന്ന താരമെന്ന വിമര്‍ശനമായിരുന്നു കിഷനു നേരെ ഉണ്ടായിരുന്നത്. ആ ഒരു ന്യൂനത താരം മറികടക്കുന്നതാണ് വിന്‍ഡീസില്‍ നടക്കുന്ന പരമ്പര വെളിപ്പെടുത്തുന്നത്.

ലോകകപ്പ് അടുത്തു നില്‍ക്കേ സെലക്ടര്‍മാരെ സംബന്ധിച്ച് ആശ്വാസം പകരുന്നതാണ് കിഷന്റെ വെടിക്കെട്ട് പ്രകടനം. ഇന്ത്യയിലെ പിച്ചുകളില്‍ കിഷന് ലോകകപ്പില്‍ അത്ഭുതം കാണിക്കാന്‍ താരത്തിന് സാധിക്കും.

പ്രത്യേകിച്ച്, പിച്ചുകളെല്ലാം ബാറ്റിംഗിനെ അനുകൂലിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. കിഷനെ പോലെ ടെക്‌നിക്കലി ബാറ്റു ചെയ്യാത്ത ഹാന്‍ഡ് പവറും ടൈമിംഗിലും വിശ്വസിക്കുന്ന താരങ്ങള്‍ക്ക് ഈ ലോകകപ്പില്‍ തിളങ്ങാന്‍ സാധിക്കും.

ഇതുവരെ 17 ഏകദിനങ്ങള്‍ കളിച്ച കിഷന്റെ റിക്കാര്‍ഡ് അനുപമമാണ്. 694 റണ്‍സ് നേടിയ താരത്തിന്റെ ആവറേജ് 46.46 ആണ്. സ്‌ട്രൈക്ക് റേറ്റ് ആകട്ടെ 107.44 ആണ്. ഒരു ഏകദിന സ്‌പെഷ്യലിസ്റ്റിന് വേണ്ട എല്ലാ ഗുണങ്ങളും ഒത്തുചേര്‍ന്ന കിഷന്റെ വെടിക്കെട്ട് ലോകകപ്പിലും തുടര്‍ന്നാല്‍ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകും.

Related Articles

Back to top button