Cricket

ഹാര്‍ദിക് പാണ്ഡ്യയുടേത് മണ്ടന്‍ ക്യാപ്റ്റന്‍സി!! രൂക്ഷ വിമര്‍ശനവുമായി കെവിന്‍ പീറ്റേഴ്‌സന്‍

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ പോരാട്ടത്തില്‍ തോറ്റതിനു പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ വിമര്‍ശിച്ച് നിരവധി ആളുകളാണെത്തുന്നത്.

കളിക്കളത്തില്‍ അദ്ദേഹത്തിന്റെ ചില തീരുമാനങ്ങള്‍ പലരും ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കാരണമായി. ഇംഗ്ലീഷ് ബാറ്റിംഗ് ഇതിഹാസം കെവിന്‍ പീറ്റേഴ്‌സണാണ് ഇപ്പോള്‍ ഹാര്‍ദിക്കിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.

സ്റ്റാര്‍ സ്പോര്‍ട്സിന്റെ ഷോയില്‍ സുനില്‍ ഗവാസ്‌കറിനൊപ്പം സംസാരിക്കവെയാണ് ഹാര്‍ദിക്കിനെതിരേ അദ്ദേഹം തുറന്നടിച്ചത്.

വാങ്കഡെയില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ശക്തമായി മുന്നേറവെ അവരെ പിടിച്ചുനിര്‍ത്താന്‍ ഹാര്‍ദിക്കിന്റെ പക്കല്‍ ഒരു പ്ലാന്‍ ബി ഇല്ലായിരുന്നുവെന്നാണ് പീറ്റേഴ്സന്‍ ചൂണ്ടിക്കാണിക്കുന്നത്.

സിഎസ്‌കെയുമായുള്ള മല്‍സരത്തിനു മുമ്പുള്ള ടീം മീറ്റിംഗില്‍ ഹാര്‍ദിക്ക് ഒരു പ്ലാന്‍ എ തയ്യാറാക്കിയിട്ടുണ്ടാവും. കളിക്കളത്തില്‍ ഒരു ക്യാപ്റ്റന്റെ പ്ലാന്‍ എ വിജയിക്കാതെ പോവുമ്പോള്‍ പ്ലാന്‍ ബിയിലേക്കു പോവേണ്ടത് ആവശ്യമാണ്.

പക്ഷെ ഹാര്‍ദിക്കിന്റെ പക്കല്‍ ഇങ്ങനെയൊരു പ്ലാന്‍ ബി ഇല്ലായിരുന്നുവെന്നു പീറ്റേഴ്സന്‍ പറയുന്നു. നിങ്ങളുടെ ഫാസ്റ്റ് ബൗളര്‍മാര്‍ ഒരോവറില്‍ 20 റണ്‍സ് വീതം നല്‍കിക്കൊണ്ടിരിക്കുമ്പോള്‍ എന്തുകൊണ്ടാണ് ഹാര്‍ദിക് പാണ്ഡ്യ ഒരു സ്പിന്നറെ കൊണ്ടുവരാതിരുന്നത്.

ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യം കൂടിയാണ്. നന്നായി ബൗള്‍ ചെയ്യാന്‍ സാധിക്കുന്ന സ്പിന്നര്‍മാര്‍ മുംബൈ നിരയിലുണ്ടായിരുന്നു.

കമന്ററിയ്ക്കിടെ ബ്രയാന്‍ ലാറയടക്കമുള്ളവര്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. എതിര്‍ ടീം അതിവേഗം സ്‌കോര്‍ ചെയ്തു മുന്നേറുമ്പോള്‍ കളിയുടെ വേഗത കുറയ്ക്കേണ്ടത് ആവശ്യമാണ്. സ്പിന്നര്‍മാരെ ഹാര്‍ദിക് പരീക്ഷിച്ചിരുന്നെങ്കില്‍ ചെന്നൈയുടെ സ്‌കോറിംഗ് വേഗം കുറഞ്ഞേനെ എന്ന് പീറ്റേഴ്‌സണ്‍ നിരീക്ഷിക്കുന്നു.

കളിക്കളത്തിനു പുറത്തുള്ള സംഭവങ്ങള്‍ ഹാര്‍ദിക്കിനെ വളരെയധികം ബാധിച്ചിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹത്തിന്റെ പെരുമാറ്റം ശ്രദ്ധിച്ചാല്‍ നമുക്കു ഇക്കാര്യം ബോധ്യമാവും.

ടോസിന്റെ സമയത്ത് ഹാര്‍ദിക് ഒരുപാട് ചിരിക്കുന്നതായി നമുക്കു കാണാന്‍ കഴിയും. താന്‍ വളരെയധികം സന്തോഷവാനാണെന്നു അഭിനയിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.

പക്ഷെ ഹാര്‍ദിക്ക് ഹാപ്പിയല്ല, എനിക്കു അങ്ങനെയാണ് തോന്നിയത്. ഞാനും മുമ്പ് ഹാര്‍ദിക്കിന്റെ അതേ മാനസികാവസ്ഥയിലൂടെ കടന്നു പോയിട്ടുള്ളയാളാണ്.

അത്തരമൊരു സാഹചര്യത്തിലൂടെ പോവുന്നയാളെ അതു തീര്‍ച്ചയായും ബാധിക്കുക തന്നെ ചെയ്യും. ഹാര്‍ദിക്കിനും ഇതു തന്നെയാണ് സംഭവിച്ചിരിക്കുന്നത്. കാണികളുടെ ഭാഗത്തു നിന്നുള്ള കൂവലുകള്‍ അദ്ദേഹത്തെ ഏറെ വേദനിപ്പിക്കുന്നുണ്ട്.

കാരണം ഹാര്‍ദിക്കിനും വികാരങ്ങളുണ്ട്. ഇന്ത്യന്‍ താരമായ അദ്ദേഹം ഈ തരത്തിലുള്ള പെരുമാറ്റം കാണികളില്‍ നിന്നും ആഗ്രഹിക്കില്ല. ഇവയെല്ലാം ഹാര്‍ദിക്കിനെ ബാധിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ക്രിക്കറ്റിനെയും ബാധിക്കുന്നുണ്ടെന്നും പീറ്റേഴ്‌സണ്‍ പറയുന്നു.

ഷോയില്‍ പങ്കെടുത്ത ഗവാസ്‌കറും ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ചു. അവസാന ഓവറില്‍ വളരെ മോശമായാണ് ഹാര്‍ദിക് പന്തെറിഞ്ഞത്.

ക്രീസിലുണ്ടായിരുന്ന ബാറ്റര്‍മാര്‍ക്കു കളിക്കാന്‍ പാകത്തിലുള്ള ബോളുകളാണ് അവന്‍ എറിഞ്ഞത്. ബൗളിംഗ് മാത്രമല്ല ക്യാപ്റ്റന്‍സിയും മോശമായിരുന്നു. ചെന്നൈയെ 185-190 റണ്‍സിനുള്ളില്‍ ഒതുക്കേണ്ടതായിരുന്നുവെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.

ഹാര്‍ദിക്ക് എറിഞ്ഞ 20-ാമത്തെ ഓവറില്‍ 26 റണ്‍സാണ് സിഎസ്‌കെ അടിച്ചെടുത്തത്. ഇതോടെ 180 റണ്‍സില്‍ നിന്നും ഒരോവര്‍ കൊണ്ട് സിഎസ്‌കെയുടെ സ്‌കോര്‍ 206 റണ്‍സിലെത്തുകയായിരുന്നു.

അവസാന നാലു പന്തില്‍ ഹാട്രിക് സിക്‌സറടക്കം 20 റണ്‍സ് വാരിക്കൂട്ടിയ ഇതിഹാസ താരം എംഎസ് ധോണിയുടെ ബാറ്റിംഗാണ് ചെന്നൈ സ്‌കോര്‍ അപ്രതീക്ഷിതമായി 200 കടത്തിയത്.

Related Articles

Back to top button