Cricket

വന്‍ അട്ടിമറി!! ഉഗാണ്ടയ്ക്ക് മുന്നില്‍ സിംബാബ്‌വെ അടിതെറ്റി വീണു; ലോകകപ്പ് യോഗ്യത തുലാസില്‍!!

അടുത്ത വര്‍ഷം അമേരിക്കയിലും വിന്‍ഡീസിലുമായി നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ആഫ്രിക്കന്‍ യോഗ്യത റൗണ്ടില്‍ വന്‍ അട്ടിമറി. ശക്തരായ സിംബാബ്‌വെയെ ഉഗാണ്ടയാണ് അട്ടിമറിച്ചത്. ഉദ്ഘാടന മല്‍സരത്തില്‍ നമീബിയയോട് തോറ്റശേഷം ഇപ്പോള്‍ ഉഗാണ്ടയ്ക്കു മുന്നിലും വീണതോടെ സിക്കന്തര്‍ റാസയുടെയും സംഘത്തിന്റെയും ലോകകപ്പ് യോഗ്യത പ്രതീക്ഷകള്‍ തുലാസിലായിട്ടുണ്ട്.

ആദ്യം ബാറ്റുചെയ്ത സിംബാബ്‌വെ ടീമിനെ 20 ഓവറില്‍ 136 റണ്‍സിലൊതുക്കിയ ഉഗാണ്ട വിജയലക്ഷ്യം 5 പന്തുകള്‍ ബാക്കിനില്‍ക്കേ 5 വിക്കറ്റിനാണ് മറികടന്നത്. ഉഗാണ്ട ആദ്യമായിട്ടാണ് ഒരു ടെസ്റ്റ് പദവിയുള്ള ടീമിനെ തോല്‍പ്പിക്കുന്നത്. ആഫ്രിക്കയില്‍ പടിപടിയായി ക്രിക്കറ്റില്‍ പുരോഗതി നേടുന്ന രാജ്യമാണ് ഉഗാണ്ട.

ആഫ്രിക്കയില്‍ നിന്ന് യോഗ്യത റൗണ്ടില്‍ കളിക്കുന്നത് 7 ടീമുകളാണ്. ഇതില്‍ നിന്ന് ആദ്യ സ്ഥാനത്തെത്തുന്ന 2 ടീമുകള്‍ ലോകകപ്പിന് യോഗ്യത നേടും. നിലവില്‍ 3 കളിയില്‍ നിന്ന് 6 പോയിന്റുള്ള കെനിയയും 2 കളിയില്‍ 4 പോയിന്റുള്ള നമീബിയയും ആണ് ആദ്യ 2 സ്ഥാനങ്ങളില്‍.

ഉഗാണ്ട (3 കളിയില്‍ 4 പോയിന്റ്), സിംബാബ്‌വെ (3 കളിയില്‍ 2 പോയിന്റ്) എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. സിംബാബ് വെയ്ക്ക് ഇനി 3 മല്‍സരങ്ങള്‍ ബാക്കിയുണ്ട്. ഈ മല്‍സരങ്ങള്‍ ജയിക്കുന്നതിനൊപ്പം എതിരാളികളുടെ തോല്‍വി കൂടി അനുകൂലമായെങ്കില്‍ മാത്രമാകും അവര്‍ക്ക് ലോകകപ്പ് കളിക്കാന്‍ സാധിക്കൂ.

നൈജീരിയ, റുവാണ്ട, ടാന്‍സാനിയ ടീമുകളാണ് യോഗ്യത റൗണ്ട് കളിക്കുന്ന മറ്റ് രാജ്യങ്ങള്‍. സിക്കന്തര്‍ റാസ ക്യാപ്റ്റനായി സ്ഥാനമേറ്റ ശേഷം നടക്കുന്ന ആദ്യ പ്രധാന ടൂര്‍ണമെന്റില്‍ തന്നെ മോശം പ്രകടനമാണ് സിംബാബ്‌വെ നടത്തുന്നത്.

ഉഗാണ്ടയ്‌ക്കെതിരായ മല്‍സരത്തില്‍ ആദ്യ ബാറ്റിംഗ് മുതല്‍ സിംബാബ്‌വെ ബാക്ക്ഫൂട്ടിലായിരുന്നു. ഒരുഘട്ടത്തില്‍ 3 വിക്കറ്റിന് 47 റണ്‍സെന്ന നിലയിലായിരുന്നു 9 ഓവര്‍ പിന്നിടുമ്പോള്‍ അവര്‍. റാസയുടെ ബാറ്റിംഗാണ് അവരെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്.

39 പന്തില്‍ 4 സിക്‌സറുകളും 2 ഫോറും അടക്കം 48 റണ്‍സെടുത്താണ് റാസ പുറത്തായത്. മറ്റാരും കാര്യമായ സംഭാവ നല്‍കിയതുമില്ല. സീന്‍ വില്യംസ്, ക്രെയ്ഗ് എര്‍വിന്‍, റാസ എന്നിവരെ ഒഴിച്ചു നിര്‍ത്തിയാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബാറ്റിംഗില്‍ സിംബാബ്‌വെ വട്ടപൂജ്യമാണ്.

ഉഗാണ്ട മനോഹരമായ ഫീല്‍ഡിംഗും ബൗളിംഗുമായി നല്ല പ്രകടനമാണ് നടത്തിയത്. റണ്‍ ചേസിംഗിലും വലിയ പ്രശ്‌നമില്ലാതെ ബൗളര്‍മാരെ നേരിടാന്‍ ഉഗാണ്ടന്‍ ബാറ്റര്‍മാര്‍ക്ക് സാധിച്ചു. 26 പന്തില്‍ 40 റണ്‍സെടുത്ത അല്‍പേഷ് രാംജാനി, 28 പന്തില്‍ 42 റണ്‍സെടുത്ത റിയാസത്ത് അലി ഷാ എന്നിവരാണ് ടീമിനെ ജയത്തിലേക്ക് നയിച്ചത്.

Related Articles

Back to top button