Cricket

സ്റ്റേഡിയത്തിലിരുന്ന് എസ്ആര്‍കെ പുകവലിച്ചത് ശരിയായ കാര്യമോ ? വിവാദം കൊഴുക്കുന്നു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ആദ്യ മത്സരത്തിനിടെ ഗാലറിയിലിരുന്ന് പുകവലിച്ച് വിവാദത്തിലായി ടീം ഉടമയും ബോളിവുഡ് സൂപ്പര്‍താരവുമായ ഷാരൂഖ് ഖാന്‍.

ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തിനിടെ ഗാലറിയിലിരുന്ന് ഷാറുഖ് ഖാന്‍ പുകവലിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.

ആരാധകര്‍ക്ക് ഗാലറിയില്‍നിന്ന് ഷാരുഖ് ഫ്‌ളൈയിംഗ് കിസ് നല്‍കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സ്റ്റേഡിയത്തിലിരുന്നു പുകവലിച്ചതിന്റെ പേരില്‍ മുമ്പും ഷാരുഖ് വിവാദത്തലകപ്പെട്ടിട്ടുണ്ട്.

എന്തായാലും മത്സരത്തില്‍ കെകെആര്‍ നാലു റണ്‍സിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിക്കുകയും ചെയ്തു.
ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ആന്ദ്രെ റസലിന്റെ ബാറ്റിംഗ് കരുത്തില്‍ (25 പന്തില്‍ 64 നോട്ടൗട്ട്) 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് നേടിയപ്പോള്‍ ഹെയ്ന്റിച്ച് ക്ലാസന്റെ (29 പന്തില്‍ 63) മാസ്മരിക ബാറ്റിംഗ് ഹൈദരാബാദിനെ വിജയത്തിനടുത്തെത്തിച്ചു.

ഹര്‍ഷിത് റാണ എറിഞ്ഞ അവസാന ഓവറില്‍ 13 റണ്‍സായിരുന്നു ഹൈദരാബാദിന് ജയിക്കാന്‍ ആവശ്യം. ആദ്യ പന്തില്‍ സിക്‌സ് നേടിയ ക്ലാസന്‍ രണ്ടാം പന്തില്‍ സിംഗിള്‍ എടുത്ത് സ്‌ട്രൈക്ക് കൈമാറി.

അടുത്ത പന്തില്‍ ഷഹബാസ് അഹമ്മദ് (16) പുറത്ത്. അടുത്ത പന്തില്‍ മാര്‍കോ യാന്‍സന്‍ സിംഗിള്‍ നേടിയതോടെ വീണ്ടും ക്ലാസന്‍ സ്‌ട്രൈക്കില്‍. എന്നാല്‍ അഞ്ചാം പന്തില്‍ ക്ലാസനെ പുറത്താക്കിയ റാണ, കൊല്‍ക്കത്തയ്ക്ക് വിജയപ്രതീക്ഷ നല്‍കി.

അവസാന പന്തില്‍ ജയിക്കാന്‍ അഞ്ചു റണ്‍സു വേണ്ടിയിരുന്നുവെങ്കിലും റാണ തന്ത്രപരമായി സ്ലോ ബോള്‍ എറിഞ്ഞതോടെ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് അത് ബാറ്റില്‍ കൊള്ളിക്കാനായില്ല. അതോടെ കെകെആര്‍ നാലു റണ്‍സിന് വിജയിക്കുകയും ചെയ്തു.

മത്സരത്തില്‍ വിക്കറ്റ് ആഹ്ലാദം അതിരുവിട്ടതിനെത്തുടര്‍ന്ന് പേസര്‍ ഹര്‍ഷിത് റാണയ്ക്ക് മാച്ച് ഫീയുടെ 60 ശതമാനം പിഴ ചുമത്തുകയും ചെയ്തിരുന്നു.

Related Articles

Back to top button