Cricket

ടീം തോറ്റതിന് അവനെ മാത്രം എന്തിന് പഴിക്കുന്നു !! ഹാര്‍ദിക്കിന് പിന്തുണയുമായി പൊള്ളാര്‍ഡ്

ജയിക്കാവുന്ന മത്സരം കൈവിട്ടതിനു ശേഷം ഒരിക്കല്‍ കൂടി പ്രതിക്കൂട്ടിലായിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ.

ഹോം ഗ്രൗണ്ടായ വാങ്കഡെയില്‍ ചിരവൈരികളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് 20 റണ്‍സിനാണ് മുംബൈയുടെ പരാജയം. സീസണില്‍ കളിച്ച ആറു മത്സരങ്ങൡ നാലും തോറ്റ മുംബൈ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.

ഈ മല്‍സരത്തില്‍ മുംബൈ നായകന്‍ ഹാര്‍ദിക്കിന്റെ ചില തീരുമാനങ്ങളും പ്രകടനവുമെല്ലാം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ആരാധകരും മുന്‍താരങ്ങളുമടക്കം നിരവധി പേര്‍ താരത്തിനെതിരേ രംഗത്തു വന്നിരുന്നു.

അതിനിടെയാണ് മുന്‍ ടീമംഗവും മുംബൈയുടെ ബാറ്റിംഗ് കോച്ചുമായ കെയ്‌റോണ്‍ പൊള്ളാര്‍ഡ് ഹാര്‍ദിക്കിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.

ടീമിന്റെ പരാജയത്തിനു വ്യക്തികള്‍ക്കു നേരെ വിരല്‍ ചൂണ്ടുന്നതു കണ്ട് ഞാന്‍ മടുത്തിരിക്കുകയാണ്. ക്രിക്കറ്റെന്നത് ഒരു ടീം ഗെയിമാണെന്നും ഹാര്‍ദിക്കിനെ പിന്തുണച്ചുകൊണ്ട് മല്‍സരശേഷം പൊള്ളാര്‍ഡ് വ്യക്തമാക്കി.

ഇപ്പോള്‍ ഇന്ത്യന്‍ ആരാധകരടക്കം എല്ലാവരും കുറ്റപ്പെടുത്തുന്ന ഇതേ ഹാര്‍ദിക്കിനു വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പില്‍ എല്ലാവരും കൈയടിക്കുമെന്നും പൊള്ളാര്‍ഡ് അഭിപ്രായപ്പെട്ടു.

ആറാഴ്ചയ്ക്കുള്ളില്‍ ലോകകപ്പില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ പോവുന്ന ഒരു വ്യക്തി കൂടിയാണ് ഹാര്‍ദിക്. നിങ്ങളെല്ലാവരും അവനു വേണ്ടി ആര്‍പ്പുവിളിക്കുകയും സമയമെത്തുമ്പോള്‍ നന്നായി പെര്‍ഫോം ചെയ്യണമെന്നു ആഗ്രഹിക്കുകയും ചെയ്യുമെന്നും പൊള്ളാര്‍ഡ് പറയുന്നു.

ഒരു വ്യക്തിയെന്ന നിലയില്‍ നിങ്ങള്‍ സ്വയം വികസിക്കേണ്ടതുണ്ട്. പ്രായമാവുന്തോറും നിങ്ങള്‍ക്കു ഉത്തരവാദിത്വവും വരുമെന്നും ഹാര്‍ദിക്കിനെ പിന്തുണച്ചു കൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു വ്യക്തി വികസിച്ചു കൊണ്ടിരിക്കുന്നതാണ് ഞാന്‍ കാണുന്നത്. വ്യക്തികളെന്ന നിലയില്‍ ചില കാര്യങ്ങള്‍ കാണണമെന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. പക്ഷെ ചില സമയങ്ങളില്‍ ഗെയിം ചില കാര്യങ്ങള്‍ ഡിമാന്റ് ചെയ്യില്ലെന്നും പൊള്ളാര്‍ഡ് വിശദമാക്കി.

ടി20 ലോകകപ്പില്‍ ഹാര്‍ദിക്കിനോടുള്ള ആരാധകരുടെ ഇപ്പോഴത്തെ സമീപനത്തില്‍ മാറ്റം വരുമെന്നു എനിക്കുറപ്പുണ്ട്. ലോകകപ്പില്‍ അവന്‍ ഏറ്റവും മികച്ച പ്രകടനം ഇന്ത്യക്കു വേണ്ടി കാഴ്ചവച്ചാല്‍ എല്ലാവരും വാഴ്ത്തുന്നത് എനിക്കു കാണാന്‍ സാധിക്കുമെന്നു തന്റെ മനസ്സ് പറയുന്നതായും പൊള്ളാര്‍ഡ് കൂട്ടിച്ചേര്‍ത്തു.

ലോകകപ്പില്‍ ഇന്ത്യയുടെ നിര്‍ണായക താരങ്ങളിലൊരാളായി മാറുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നയാളാണ് ഹാര്‍ദിക്ക്. നിലവില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനും കൂടിയാണ് അദ്ദേഹം.

എന്നാല്‍ താരത്തിന്റെ നിലവിലെ ബൗളിംഗ്്, ബാറ്റിംഗ് പ്രകടനങ്ങളില്‍ അസ്ഥിരത പ്രകടമാണ്. സിഎസ്‌കെയ്ക്കെതിരേ ക്യാപ്റ്റന്‍സിയില്‍ മാത്രമല്ല ബാറ്റിംഗിലും ബൗളിംഗിലും കാര്യമായ ഇംപാക്ട് ഉണ്ടാക്കാന്‍ ഹാര്‍ദിക്കിനു കഴിഞ്ഞില്ല.

സിഎസ്‌കെയുടെ ഇന്നിങ്സിലെ 20ാമത്തെ ഓവര്‍ സ്വയം ബൗള്‍ ചെയ്യാനുള്ള അദ്ദേഹത്തിന്റെ തീരുമാനവും ഏറെ വിമര്‍ശിക്കപ്പെട്ടു. ഇതിഹാസ താരം ധോണിയുടെ ബാറ്റിന്റെ ചൂട് ശരിക്കറിഞ്ഞ താരം ആ ഓവറില്‍ വിട്ടു നല്‍കിയത് 26 റണ്‍സാണ്.

എംഎസ് ധോണി ഹാട്രിക് സിക്സറുകളാണ് ഓവറില്‍ പായിച്ചത്. മല്‍സരഗതി മാറ്റിയതും ഇതു തന്നെയായിരുന്നു. റണ്‍ചേസില്‍ പിന്നീട് ബാറ്റിംഗിലും ഹാര്‍ദിക് തികഞ്ഞ പരാജമായി മാറി. തിലക് വര്‍മ പുറത്തായതിനു തൊട്ടു പിന്നാലെ ബാറ്റിംഗിനെത്തിയ താരം ആറു പന്തില്‍ നിന്ന് വെറും രണ്ടു റണ്‍സ് മാത്രമാണ് നേടിയത്. അതോടെ ടീം സമ്മര്‍ദത്തിനടിപ്പെടുകയും ഒടുവില്‍ തോല്‍വിയില്‍ കലാശിക്കുകയുമായിരുന്നു.

Related Articles

Back to top button