CricketIPL

ഐപിഎല്‍ പൊടിപൊടിക്കുമ്പോള്‍ പൂജാര മറ്റൊരു വന്‍കരയില്‍ പറന്നടിക്കുന്നു!!

രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയെന്ന് പലരും വിശേഷിപ്പിക്കുന്ന താരമാണ് ചേതേശ്വര്‍ പൂജാര. ടെസ്റ്റില്‍ വര്‍ഷങ്ങളായി ഇന്ത്യയുടെ നമ്പര്‍ 3 ആണ് ഈ വന്മതില്‍. ദ്രാവിഡ് ടെസ്റ്റ് ബാറ്റ്‌സ്മാനായി തുടങ്ങിയെങ്കിലും ഏകദിനത്തിലും ട്വന്റി-20യിലും വിജയം കൊയ്യാന്‍ സാധിച്ചിരുന്നു.

എന്നാല്‍ പൂജാര ടെസ്റ്റ് വിട്ടൊരു കളിയും ഇല്ലെന്ന് മാത്രമല്ല ഏകദിനത്തിലും കുട്ടിക്രിക്കറ്റിലും ശോഭിച്ചതുമില്ല. ഇപ്പോഴും റെഡ് ബോളില്‍ മികവ് തുടരുന്ന പൂജാരയെ പക്ഷേ ഐപിഎല്‍ ടീമുകള്‍ താരലേലത്തില്‍ ഗൗനിച്ചതു പോലുമില്ല.

ഇന്ത്യയില്‍ ഐപിഎല്‍ പൊടിപൂരമായി മുന്നേറുമ്പോള്‍ ഇംഗ്ലണ്ടില്‍ റണ്‍വര്‍ഷം തീര്‍ക്കുകയാണ് വന്മതില്‍. കൗണ്ടി ക്രിക്കറ്റില്‍ സസെക്‌സിനായി റണ്‍മല താണ്ടുന്ന പൂജാര ഒരു മാസത്തിനിടെ നാല് കളിയില്‍ മൂന്നിലും സെഞ്ചുറി നേടി തന്റെ പ്രതിഭ തെളിയിക്കുകയാണ്.

ദര്‍ഹത്തിനെതിരേ ഹോവിലായിരുന്നു സീസണിലെ പൂജാരയുടെ അരങ്ങേറ്റം. ആദ്യ ഇന്നിംഗ്‌സില്‍ തന്നെ 115 റണ്‍സടിച്ചാണ് പൂജാര തിരികെ പവലിയനിലെത്തിയത്. രണ്ടാം ഇന്നിംഗ്‌സില്‍ 35 റണ്‍സ് കൂടി നേടി സസെക്‌സിന് രണ്ട് വിക്കറ്റ് ജയവും നേടിക്കൊടുത്തു.

കഴിഞ്ഞ ദിവസം ഗ്ലോക്കോഷെയറിനെതിരേ നടന്ന മല്‍സരത്തിലും സസെക്‌സിനായി സെഞ്ചുറി നേടി പൂജാര ടീമിന് രക്ഷകനായി. ആദ്യം ബാറ്റുചെയ്ത സസെക്‌സ് 5 വിക്കറ്റിന് 455 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തപ്പോള്‍ ക്യാപ്റ്റന്‍ പൂജാര 238 പന്തില്‍ നിന്നും 151 റണ്‍സെടുത്തു.

ടീമിനായി സെഞ്ചുറി നേടിയ ഏകതാരവും പൂജാര തന്നെ. മല്‍സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ പ്രകടനത്തോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 19,000 റണ്‍സ് നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമെന്ന റിക്കാര്‍ഡും പൂജാരയെ തേടിയെത്തി.

സച്ചിന്‍ തെണ്ടുല്‍ക്കര്‍, സുനില്‍ ഗവാസ്‌കര്‍, വസീം ജാഫര്‍, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍ എന്നിവരാണ് ഈ നേട്ടം ഇതിനു മുമ്പ് സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങള്‍. ഗവാസ്‌കറാണ് ലിസ്റ്റിലെ ഒന്നാമന്‍. 348 കളിയില്‍ നിന്നും 25,834 റണ്‍സാണ് ഗവാസ്‌കറിന്റെ സമ്പാദ്യം.

സച്ചിന്‍ 310 മല്‍സരങ്ങളില്‍ നിന്നായി 25,396 റണ്‍സ് സ്വന്തം പേരിലാക്കിയിട്ടുണ്ട്. ദ്രാവിഡ് 298 കളികളില്‍ നിന്നും നേടിയത് 23,794 റണ്‍സാണ്. ലക്ഷ്മണ്‍ 267 കളികളില്‍ നിന്നും 19,730 റണ്‍സും സ്വന്തം പേരിലാക്കി.

അടുത്ത മാസം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ നടക്കാനിരിക്കേ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് ജീവന്‍ പകരുന്നതാണ് പൂജാരയുടെ ഇംഗ്ലീഷ് മണ്ണിലെ പ്രകടനം. ഓസ്‌ട്രേലിയയാണ് ഫൈനലിലെ എതിരാളികള്‍.

Related Articles

Back to top button