Cricket

ആര്‍ക്കും ഒരു നിശ്ചയവുമില്ലാത്ത പിച്ച്; റായ്പൂരില്‍ നിര്‍ണായകമാകുക ഒരൊറ്റ കാര്യം!!

ഇന്ത്യയില്‍ അന്താരാഷ്ട്ര ഏകദിന മല്‍സരത്തിന് വേദിയാകുന്ന 50മത്തെ സ്റ്റേഡിയമെന്ന റിക്കാര്‍ഡ് റായ്പൂരിലെ ഷാഹീദ് വീര്‍ നാരായണ്‍ സിംഗ് സ്റ്റേഡിയത്തിന് സ്വന്തം. മുമ്പ് ആറോളം ഐപിഎല്‍ മല്‍സരങ്ങള്‍ ഇവിടെ നടന്നിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര മല്‍സരങ്ങള്‍ റായ്പൂരുകാര്‍ക്ക് അന്യമായിരുന്നു.

ആ നിരാശയാണ് ശനിയാഴ്ച്ച നികത്തപ്പെടുക. ആദ്യ മല്‍സരം ആയതു കൊണ്ട് തന്നെ വന്‍ ആവേശകരമായ സ്വീകരമാണ് ഇവിടെയെത്തിയ ഇന്ത്യ, ന്യൂസിലന്‍ഡ് ടീമംഗങ്ങള്‍ക്ക് ലഭിച്ചത്. പതിനായിരക്കണക്കിന് ആരാധകരാണ് എയര്‍പോര്‍ട്ടിലും സ്‌റ്റേഡിയത്തിനു മുന്നിലുമായി കാത്തു നിന്നത്.

സ്‌റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നത് 2008 ല്‍ ആണ്. ഛത്തീസ്ഗഡ് സര്‍ക്കാരിനാണ് സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം. 68,000 ത്തോളം ആരാധകര്‍ക്ക് കളി കാണാന്‍ സാധിക്കുന്ന പടുകൂറ്റന്‍ സ്റ്റേഡിയത്തില്‍ എല്ലാവിധ സൗകര്യങ്ങളുമുണ്ട്.

പിച്ച് റിപ്പോര്‍ട്ട്

ഇതുവരെ ഇവിടെ നടന്ന പ്രധാനപ്പെട്ട മല്‍സരങ്ങള്‍ 6 ഐപിഎല്‍ പോരാട്ടങ്ങളാണ്. ചാമ്പ്യന്‍സ് ലീഗ്, റോഡ് സേഫ്ടി ടൂര്‍ണമെന്റ് എന്നിവയുടെ ചില മല്‍സരങ്ങളും ഇവിടെ നടക്കുകയുണ്ടായി. ഉയര്‍ന്ന ട്വന്റി-20 സ്‌കോര്‍ 164 റണ്‍സാണ്.

ശരാശരി സ്‌കോര്‍ 149.56. മല്‍സരം പുരോഗമിക്കുന്തോറും വേഗം കുറഞ്ഞ് വരുന്ന പിച്ചാണ് റായ്പൂരിലേത്. ടോസ് നേടുന്ന ടീം കണ്ണടച്ച് ബാറ്റിംഗ് തെരഞ്ഞെടുക്കുമെന്ന് ചുരുക്കം. പേസര്‍മാര്‍ക്കും നല്ലരീതിയില്‍ പിച്ചില്‍ നിന്നും പിന്തുണ കിട്ടും. ബൗണ്ടറിയിലേക്കുള്ള ദൂരം കൂടുതലായത് സ്പിന്നര്‍മാരെ കൂടുതല്‍ സന്തോഷിപ്പിക്കും.

മല്‍സരം ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് റായ്പൂരുകാര്‍. നഗരത്തിന്റെ മുക്കിലും മൂലയിലും ക്രിക്കറ്റ് ആരവമാണ്. ഞായറാഴ്ച്ചയല്ല മല്‍സരമെന്നതും കനത്ത ചൂടുമൊന്നും ആവേശം ഒട്ടും കുറച്ചിട്ടില്ല. ഈ മല്‍സരം ക്ലിക്കായാല്‍ ലോകകപ്പിലെ ചില മല്‍സരങ്ങളും റായ്പൂരിന് കിട്ടിയേക്കും.

Related Articles

Back to top button