FootballISL

ലൂണയ്ക്ക് പകരക്കാരന്‍ ജനുവരിയില്‍ വന്നേക്കും; ശോകമൂകം ബ്ലാസ്‌റ്റേഴ്‌സിന് ഇടിത്തീ!!

പരിശീലനത്തിനിടെ പരിക്കേറ്റ ക്യാപ്റ്റനും സൂപ്പര്‍താരവുമായ അഡ്രിയാന്‍ ലൂണയുടെ അഭാവം കേരള ബ്ലാസ്റ്റേഴ്‌സിന് ഉണ്ടാക്കുക സമാനതകളില്ലാത്ത പ്രതിസന്ധി. ലൂണ ബ്ലാസ്റ്റേഴ്‌സില്‍ എത്തിയത് മുതല്‍ ടീമിന്റെ തന്ത്രങ്ങള്‍ കേന്ദ്രീകരിച്ചിരുന്നത് ഈ ഉറുഗ്വെന്‍ താരത്തിലായിരുന്നു.

ലൂണയ്ക്ക് കഴിഞ്ഞ ദിവസം പരിശീലനത്തിനിടെയാണ് പരിക്കേറ്റത്. കാല്‍മുട്ടിനേറ്റ പരിക്ക് തുടക്കത്തില്‍ അത്ര സാരമുള്ളതല്ലെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ പിന്നീടുള്ള പരിശോധനയില്‍ കരുതിയതിലും ഗുരുതരമെന്ന് കണ്ടെത്തുകയായിരുന്നു.

മൂന്നു മാസത്തോളം താരത്തിന് വിശ്രമം ആവശ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ഈ സീസണ്‍ പൂര്‍ണമായും താരത്തിന് നഷ്ടമാകും. ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വരുമോയെന്ന കാര്യത്തില്‍ ടീം മാനേജ്‌മെന്റ് വിദഗ്ധ ഉപദേശം തേടിയിട്ടുണ്ട്.

പഞ്ചാബ് എഫ്‌സിയെ നേരിടാന്‍ ടീം ഡല്‍ഹിയിലേക്ക് പോയപ്പോള്‍ കൊച്ചിയില്‍ വിശ്രമിച്ച ലൂണ പിന്നീട് മുംബൈയിലേക്ക് വിമാനം കയറി. ഇവിടെ ഹര്‍ദിക് പാണ്ഡ്യ ഉള്‍പ്പെടെയുള്ളവര്‍ ചികിത്സ തേടിയ ഡോക്ടറെയാണ് ലൂണ കാണുന്നത്.

ലൂണയുടെ അഭാവം കേരള ബ്ലാസ്റ്റേഴ്‌സിനെ കാര്യമായി ബാധിച്ചേക്കാം. ലൂണയെ ആശ്രയിച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ അറ്റാക്കുകള്‍ നീങ്ങുന്നത്. ഈ സീസണില്‍ ഇതുവരെ 3 ഗോളും നാല് അസിസ്റ്റും ലൂണ സംഭാവന ചെയ്തിട്ടുണ്ട്.

ലൂണയ്ക്ക് സീസണ്‍ കളിക്കാന്‍ സാധിക്കാത്തപക്ഷം പുതിയ താരത്തെ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ടീമിലെത്തിക്കാനാണ് ടീം മാനേജ്‌മെന്റിന്റെ നീക്കം. ഏറെക്കുറെ ഒറ്റയ്ക്ക് തന്നെയാണ് ലൂണ ബ്ലാസ്റ്റേഴ്‌സിനെ മുന്നോട്ടു നയിച്ചിരുന്നത്.

പകരമായി ഏതു താരം വന്നാലും ലൂണയുടെ മൂല്യത്തിന് ബദലാകില്ലെന്നതാണ് കോച്ച് ഇവാന്‍ വുക്കുമനോവിച്ചിനെയും ആരാധകരെയും ആശങ്കപ്പെടുത്തുന്നത്. നിലവില്‍ ജീക്‌സണ്‍ സിംഗ് പരിക്കുമൂലം വിശ്രമത്തിലാണ്. ഇപ്പോള്‍ ലൂണയുടെ കൂടി അഭാവം മധ്യനിരയില്‍ പ്രശ്‌നം വിതച്ചേക്കും.

അതേസമയം, ഇന്ന് പഞ്ചാബ് എഫ്‌സിക്കെതിരേ ജയിക്കാനായാല്‍ 20 പോയിന്റാകും ബ്ലാസ്‌റ്റേഴ്‌സിന്. പ്ലേഓഫിലേക്ക് 6 ടീമുകള്‍ക്ക് സാധ്യത ഉള്ളതിനാല്‍ സേഫ് സോണില്‍ തന്നെയാണ് ബ്ലാസ്‌റ്റേഴ്‌സ് നില്‍ക്കുന്നതെന്ന് നിസംശയം പറയാന്‍ സാധിക്കും.

Related Articles

Back to top button