Cricket

ആദ്യം അടിച്ചു പറത്തി, പിന്നെ എറിഞ്ഞിട്ടു!! ഉജ്ജ്വല പ്രകടനവുമായി നേപ്പാള്‍ ക്രിക്കറ്റില്‍ പുതിയ ചരിത്രമെഴുതി റുബീന ഛേത്രി

ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന 2024 എസിസി വുമണ്‍സ് പ്രീമിയര്‍ കപ്പ് വളരെ മികച്ച രീതിയിലാണ് മുമ്പോട്ടു പോകുന്നത്.

നേപ്പാള്‍ വുമണ്‍സും മാലദീപ് വുമണ്‍സും തമ്മിലുള്ള മത്സരത്തില്‍ നേപ്പാള്‍ താരം റുബീന ഛേത്രിയുടെ മാസ്മരിക ബാറ്റിംഗാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

യു.കെ.എം-വൈ.എസ്.ഡി ഓവല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത നേപ്പാള്‍ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സാണ് അടിച്ചു കൂട്ടിയത്.

59 പന്തില്‍ പുറത്താകാതെ 116 റണ്‍സ് അടിച്ചു കൂട്ടിയ റുബീന ഛേത്രിയുടെ പ്രകടനമാണ് നേപ്പാള്‍ ഇന്നിംഗ്‌സിന് നെടുംതൂണായത്.

പത്ത് ഫോറുകളും അഞ്ച് പടുകൂറ്റന്‍ സിക്സറുകളുമടക്കമായിരുന്നു റുബീനയുടെ തകര്‍പ്പന്‍ ഇന്നിംഗ്‌സ്. ഈ ഉജ്ജ്വല പ്രകടനത്തിനു പിന്നാലെ ഒരു ചരിത്ര നേട്ടവും റുബീനയെത്തേടിയെത്തി.

വുമണ്‍സ് ടി20യില്‍ നേപ്പാള്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറിനുടമയായിരിക്കുകയാണ് റുബീന. സീത റാണ മഗറിന്റെ റെക്കോഡാണ് റുബീന പഴങ്കഥയാക്കിയത്.

2021ല്‍ ഖത്തറിനെതിരെയായിരുന്നു സീതയുടെ പ്രകടനം. ആ മത്സരത്തില്‍ പുറത്താവാതെ 82 റണ്‍സ് ആയിരുന്നു സീത നേടിയത്.

മാലദ്വീപിനെതിരായ മത്സരത്തില്‍ 35 പന്തില്‍ 59 റണ്‍സ് നേടിയ പൂജ മഹതോയും മികച്ച പ്രകടനം പുറത്തെടുത്തു.അഞ്ച് ഫോറുകളും ഒരു സിക്സും അടങ്ങുന്നതായിരുന്നു പൂജയുടെ ഇന്നിംഗ്‌സ്. മാലദ്വീപിനായി ഷമ്മ അലി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ നബ്ബ നസീം ഒരു വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ മാലദ്വീപിനെ 13.5 ഓവറില്‍ വെറും 13 റണ്‍സിന് ചുരുട്ടിക്കെട്ടി 214 റണ്‍സിന്റെ വിജയം സ്വന്തമാക്കാനും നേപ്പാളിനു കഴിഞ്ഞു.

ബൗളിംഗിലും തിളങ്ങിയ റുബീന ഛേത്രി 3.5 ഓവറില്‍ രണ്ടു മെയ്ഡന്‍ സഹിതം രണ്ടു റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകളുമിട്ടു.

മൂന്നോവറില്‍ ഒരു മെയ്ഡന്‍ സഹിതം രണ്ടു റണ്‍സിന് മൂന്നു വിക്കറ്റ് നേടിയ പൂജാ മഹതോയും നാലോവറില്‍ രണ്ടു മെയ്ഡന്‍ സഹിതം ഏഴു റണ്‍സ് വഴങ്ങി നാലു വിക്കറ്റ് ഇട്ട അസ്മിന കര്‍മാചാര്യയും മാലദ്വീപിനെ തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

Related Articles

Back to top button