Cricket

നേപ്പാള്‍ ടീമിന്റെ കിടിലന്‍ മോഡല്‍ ‘ഹാപ്പി ഡ്രെസിംഗ് റൂം’ അതേപടി പകര്‍ത്തി ദ്രാവിഡ്; ഏറ്റെടുത്ത് ഇന്ത്യന്‍ കളിക്കാരും!!

കഴിഞ്ഞ ആറുമാസത്തിനിടയില്‍ ലോക ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ടീമുകളില്‍ ഒന്നാണ് നേപ്പാളിന്റേത്. ഐസിസി ലോകകപ്പ് യോഗ്യത റൗണ്ടിലും ഏഷ്യാകപ്പിലും പിന്നീട് ചൈനയില്‍ ഏഷ്യന്‍ ഗെയിംസിലും അവര്‍ നടത്തിയ പ്രകടനം ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

മുമ്പ് രാജസ്ഥാന്‍ റോയല്‍സിലും വിന്‍ഡീസ് ദേശീയ ടീമിലും പരിശീലക റോളില്‍ തിളങ്ങിയ മോണ്ടി ദേശായ് എന്ന ഇന്ത്യക്കാരനാണ് നേപ്പാളിന്റെ ഹെഡ് കോച്ച്. തകര്‍ന്നു കിടന്ന ടീമിനെ മാസങ്ങള്‍ക്കുള്ളില്‍ പോരാളികളായി മാറ്റുന്നതില്‍ അദേഹം വിജയിക്കുകയും ചെയ്തു.

ഏഷ്യാകപ്പിനിടെ ഇന്ത്യന്‍ കോച്ചിനെയും താരങ്ങളെയും നേപ്പാള്‍ ഡ്രെസിംഗ് റൂമിലെത്തിച്ച് നേപ്പാള്‍ താരങ്ങള്‍ മോട്ടിവേഷണല്‍ ക്ലാസ് നല്‍കിയതും വലിയ വാര്‍ത്തയായിരുന്നു. ഇന്ത്യയ്‌ക്കെതിരായ മല്‍സരത്തില്‍ നേപ്പാളിനായി തിളങ്ങിയ താരങ്ങള്‍ക്ക് വിരാട് കോഹ്ലിയും രോഹിത് ശര്‍മയും അടക്കം പുരസ്‌കാരം നല്‍കുകയും ചെയ്തിരുന്നു.

മോണ്ടി ദേശായിയുടെ ഹാപ്പി ഡ്രെസിംഗ് റൂം എന്ന ആശയത്തിലൂന്നിയാണ് ഇത്തരത്തില്‍ അവാര്‍ഡുകള്‍ നല്‍കുന്നത്. ഓരോ മല്‍സരത്തിലും മികച്ച പ്രകടനം നടത്തുന്നവര്‍ക്കാണ് ഡ്രെസിംഗ് റൂമില്‍ വച്ച് ചെറിയ സമ്മാനങ്ങള്‍ നല്‍കുന്നത്.

ഏഷ്യാകപ്പില്‍ ഇതു കണ്ട ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് ഇപ്പോള്‍ ഇതേ മാതൃക ഇന്ത്യന്‍ ടീമിലേക്കും പകര്‍ത്തിയിരിക്കുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോകകപ്പ് മല്‍സര ജയത്തിനു ശേഷം ചെപ്പോക്കിലെ ഡ്രെസിംഗ് റൂമില്‍ പുരസ്‌കാര വിതരണവും നടന്നു.

ഫീല്‍ഡില്‍ തകര്‍പ്പന്‍ ക്യാച്ചുകളെടുത്ത വിരാട് കോഹ്ലിക്കാണ് ആദ്യ അവാര്‍ഡ് നല്‍കിയത്. കളിക്കാരെ കൂടുതല്‍ പ്രചോദിപ്പിക്കാന്‍ ഇത്തരത്തിലുള്ള പുരസ്‌കാരങ്ങള്‍ക്കു കഴിയുമെന്ന തിരിച്ചറിവാണ് ദ്രാവിഡിന്റെ നീക്കത്തിനു പിന്നില്‍.

മോണ്ടി ദേശായി നേപ്പാള്‍ ഡ്രെസിംഗ് റൂമില്‍ വിജയകരമായി നടപ്പിലാക്കിയ ഈ ആശയത്തിനു ശേഷം കളിക്കാര്‍ക്കിടയില്‍ വലിയ മാറ്റമുണ്ടായതായി അദേഹം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. കളിക്കാര്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായി.

പരസ്പരം സഹകരണ മനോഭാവത്തില്‍ വലിയ മാറ്റം വന്നു. ഒരു കുടുംബമെന്ന ആശയത്തിലേക്ക് ടീമിനെ പറിച്ചുനടാന്‍ ദേശായിക്ക് സാധിച്ചിരുന്നു. ദേശായിയും രാഹുല്‍ ദ്രാവിഡും സുഹൃത്തുക്കളാണ്. ഇരുവരും രാജസ്ഥാന്‍ റോയല്‍സില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ കോച്ചായി ചുമതലയേറ്റ ശേഷം തുടക്കത്തില്‍ വലിയ വിമര്‍ശനം ഏല്‍ക്കേണ്ടി വന്ന ദ്രാവിഡിന് പക്ഷേ ഇപ്പോള്‍ പിന്തുണയ്ക്കുന്നവരുടെ എണ്ണമാണ് കൂടുതല്‍. സമീപകാലത്ത് ഇന്ത്യയെ മൂന്ന് ഫോര്‍മാറ്റിലും റാങ്കിംഗില്‍ ഒന്നാമതെത്തിക്കാന്‍ ദ്രാവിഡിന് സാധിച്ചിരുന്നു.

ഈ ലോകകപ്പില്‍ ടീമിനെ കൂടുതല്‍ കെട്ടുറപ്പില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ദ്രാവിഡിന് സാധിച്ചാല്‍ അത് കിരീടനേട്ടത്തിലേക്ക് നയിക്കുമെന്ന് ആരാധകര്‍ക്കും പ്രതീക്ഷയുണ്ട്. തുടക്കം നന്നായതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീമും ആരാധകരും.

Related Articles

Back to top button