Cricket

ട്വന്റി20 ലോകകപ്പില്‍ എംഎസ് ധോണി !! ‘തല’യുടെ തിരിച്ചു വരവിനെപ്പറ്റി തുറന്നു പറഞ്ഞ് രോഹിത് ശര്‍മ

ട്വന്റി20 ലോകകപ്പിനുള്ള ടീമിനെ അടുത്ത മാസം പ്രഖ്യാപിക്കുമെന്നിരിക്കെ ആരൊക്കെ ടീമില്‍ ഇടം നേടുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമാണ്.

ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കാണ് കടുത്ത മത്സരം നടക്കുന്നത്. റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ, ധ്രുവ് ജൂറല്‍, കെ എല്‍ രാഹുല്‍ എന്നിവരാണ് മുഖ്യമായും മത്സരരംഗത്തുള്ളത്.

വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക്കും ഇപ്പോള്‍ ഈ നിരയിലേക്കെത്തിയിരിക്കുകയാണ്. അതേ സമയം ലീഗില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ഇന്ത്യയുടെ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ മടങ്ങിവരവ് പ്രതീക്ഷിക്കാമോയെന്ന് ആരായുകയാണ് ക്രിക്കറ്റ് ആരാധകര്‍.

ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ.

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായ ധോണിയുടെയും ദിനേശ് കാര്‍ത്തിക്കിന്റെയും ഐപിഎല്ലിലെ പ്രകടനം തന്നെ ആകര്‍ഷിച്ചിട്ടുണ്ടെന്നു പറഞ്ഞ രോഹിത് ഇവരുടെ തിരിച്ചുവരവ് സാധ്യകള്‍ പൂര്‍ണമായും തള്ളിയതുമില്ല.

ട്വന്റി20 ലോകകപ്പില്‍ കളിക്കണമെന്നു എംഎസ്ഡിയെ ബോധ്യപ്പെടുത്തുകയെന്നത് വളരെയധികം കടുപ്പമേറിയ കാര്യം തന്നെയാണ്. എങ്കിലും അദ്ദേഹം അമേരിക്കയിലേക്കു വന്നേക്കും. അതു പക്ഷെ ലോകകപ്പില്‍ കളിക്കുന്നതിനു വേണ്ടിയാവില്ല, മറ്റു ചില കാര്യങ്ങള്‍ക്കായിരിക്കും.

എംഎസ്ഡി ഇപ്പോള്‍ ഗോള്‍ഫിലേക്കു ഇറങ്ങിയിരിക്കുകയാണ്. ഗോള്‍ഫ് കളിക്കാന്‍ അദ്ദേഹം അമേരിക്കയിലേക്കു വന്നേക്കുമെന്നും ഞാന്‍ കരുതുന്നു.

അതേസമയം, ഡികെയുടെ കാര്യത്തിലേക്കു വന്നാല്‍ ലോകകപ്പില്‍ കളിക്കണമെന്നു അദ്ദേഹത്തെ ബോധ്യപ്പെടുത്തുക വളരെ എളുപ്പമാണെന്നു ഞാന്‍ കരുതുന്നു. രോഹിത് വ്യക്തമാക്കി.

20 അംഗ സംഘത്തെയാണ് ഇന്ത്യ ലോകകപ്പിന് അയക്കുക. 15 അംഗ സ്‌ക്വാഡിനെയാണ് ടൂര്‍ണമെന്റിനു വേണ്ടി തിരഞ്ഞെടുക്കാന്‍ ഓരോ ടീമിനും അനുമതിയുള്ളത്.

ഇവര്‍ക്കൊപ്പം അഞ്ചു പേരെ ബാക്ക് അപ്പ് ആയും ഉള്‍പ്പെടുത്താം. അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി മേയ് ഒന്നിന് ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം.

യുവതാരങ്ങളായ യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവരില്‍ ഒരാള്‍ മാത്രമേ ടീമില്‍ കാണുകയുള്ളൂ എന്ന് വിവരമുണ്ട്. ഗില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുമ്പോള്‍ തീര്‍ത്തും നിരാശാജനകമായ പ്രകടനമാണ് ജയ്‌സ്വാളിന്റെ ഭാഗത്തു നിന്നുമുള്ളത്‌. ഓള്‍റൗണ്ടര്‍ റോളില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ സ്ഥാനവും തുലാസിലാണ്. പേസ് ബൗളിംഗ് ഓള്‍റൗണ്ടറുടെ റോളില്‍ ടീമിലേക്ക് പരിഗണിക്കുന്ന ഹാര്‍ദിക് ബാറ്റിംഗില്‍ വളരെ മോശം പ്രകടനം കാഴ്ച വയ്ക്കുമ്പോള്‍ ബൗളിംഗ് ശരാശരിയിലൊതുങ്ങുന്നു. അതേസമയം ഹാര്‍ദിക്കിന് വെല്ലുവിളിയുയര്‍ത്തുന്ന താരമായ ശിവം ദുബെ വന്‍ഫോമിലാണ്. പക്ഷെ താരം നിലവില്‍ ബൗള്‍ ചെയ്യുന്നില്ലെന്നതാണ് ഹാര്‍ദിക്കിന് ഏക ആശ്വാസം.

Related Articles

Back to top button