CricketIPL

വെടിക്കെട്ട് ബാറ്റിംഗുമായി റിങ്കുസിംഗ്; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉഷാറില്‍!!

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് അരങ്ങുണരാന്‍ ഒരുമാസം മാത്രം ബാക്കിനില്‍ക്കേ ഇന്ത്യന്‍ താരങ്ങളെയും ചില അഫ്ഗാന്‍ താരങ്ങളെയും ചേര്‍ത്ത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പരിശീലനം തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഒരു പ്രാദേശിക ടീമുമായി നടത്തിയ പരിശീലന മല്‍സരത്തില്‍ 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സാണ് ടീം അടിച്ചുകൂട്ടിയത്. കഴിഞ്ഞ സീസണിലെ കണ്ടുപിടുത്തങ്ങളില്‍ ഒന്നായ റിങ്കു സിംഗിന്റെ വെടിക്കെട്ടാണ് ടീമിനെ വലിയ സ്‌കോറില്‍ എത്തിച്ചത്.

വെറും 37 പന്തില്‍ നിന്നും 89 റണ്‍സെടുത്ത റിങ്കുവിനെ പുറത്താക്കാന്‍ എതിരാളികള്‍ക്ക് സാധിച്ചതുമില്ല. 7 സിക്‌സറുകള്‍ അടക്കമായിരുന്നു റിങ്കുവിന്റെ വെടിക്കെട്ട്. കഴിഞ്ഞ തവണ ചെന്നൈ സൂപ്പര്‍കിംഗ്‌സില്‍ കളിച്ച് ഇത്തവണ കൊല്‍ക്കത്തയിലേക്ക് ചുവടുമാറിയ ജഗദീശനും മോശമാക്കിയില്ല.

31 പന്തില്‍ 53 റണ്‍സെടുത്ത് ജഗദീശന്‍ റിട്ടയര്‍ഡ് ഹര്‍ട്ടായി. നിതീഷ് റാണ (18 പന്തില്‍ 35), മന്‍ദീപ് സിംഗ് (13 പന്തില്‍ 24), അനുകൂല്‍ റോയ് (11 പന്തില്‍ 18) എന്നിവരും മികച്ച പ്രകടനം നടത്തി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ടീം ക്യാംപില്‍ കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയിരുന്നു.

അഫ്ഗാനിസ്ഥാന്‍ യുവവിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റഹ്‌മാനുള്ള ഗുര്‍ബാസും ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. മറ്റ് ചില അഫ്ഗാന്‍ താരങ്ങളെയും പരിശീലന ക്യാംപിലേക്ക് വിളിച്ചിട്ടുണ്ട്. ഇവര്‍ പരിശീലനത്തില്‍ മറ്റ് കളിക്കാരെ സഹായിക്കുന്നതിനാണ് എത്തിയിരിക്കുന്നത്.

ഐപിഎല്‍ തുടങ്ങും മുമ്പ് പരമാവധി പരിശീലന മല്‍സരങ്ങള്‍ കളിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടീം മാനേജ്‌മെന്റ് മുന്നോട്ടു പോകുന്നത്. ഇതിന്റെ ഭാഗമായി ചില രഞ്ജി ടീമുകളുമായി കളിക്കാനും അവര്‍ക്ക് പദ്ധതിയുണ്ട്.

മാര്‍ച്ച് 31 ന് ആണ് പതിനാറാം സീസണിലെ ആദ്യ പോരാട്ടം. ഒരു മാസത്തിലധികം സമയം ഉണ്ടെങ്കിലും ടീമുകളെല്ലാം തയാറെടുപ്പുകളിലേക്ക് പതിയെ കടന്നിട്ടുണ്ട്. ചില ടീമുകള്‍ തങ്ങളുടെ ലോക്കല്‍ കളിക്കാരെ പ്രാദേശിക ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ പറഞ്ഞു വിട്ടിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സ് തിലക് വര്‍മ, വിഷ്ണു വിനോദ് എന്നിവരെ ഡിവൈ പാട്ടീല്‍ ടൂര്‍ണമെന്റിനാണ് അയച്ചിരിക്കുന്നത്.

ടീമുകളൊക്കെ കേന്ദ്രീകൃത പരിശീലന സെക്ഷനുകള്‍ എന്നുമുതല്‍ ആരംഭിക്കുമെന്ന കാര്യത്തില്‍ ഇതുവരെ സൂചനകള്‍ നല്‍കിയിട്ടില്ല. എന്നാല്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സ് എല്ലാവരെയും ഞെട്ടിച്ച് ഇക്കാര്യത്തില്‍ തീരുമാനം എടുത്തിരിക്കുകയാണ്.

ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ മാര്‍ച്ച് മൂന്നിന് പ്രീസീസണ്‍ ക്യാംപ് തുടങ്ങാനാണ് ടീമിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി മാര്‍ച്ച് രണ്ടിന് ക്യാപ്റ്റന്‍ എംഎസ് ധോണി ചെന്നൈയിലെത്തും. ടീമിലെ ഇന്ത്യന്‍ താരങ്ങളും കോച്ചിംഗ് സ്റ്റാഫുമെല്ലാം ഈ സമയത്ത് തന്നെ ടീമിനൊപ്പം ചേരും.

Related Articles

Back to top button