Cricket

കൂവലിനു ശക്തി പോര!! ഹാര്‍ദിക് പാണ്ഡ്യയെ ഇനിയും കൂവണമെന്ന് മുംബൈ ടീമിലെ സഹതാരം

ഐപിഎല്ലില്‍ പത്തുവര്‍ഷത്തിലേറെക്കാലം മുംബൈ ഇന്ത്യന്‍സിനെ നയിച്ച രോഹിത് ശര്‍മയെ നീക്കി ഹാര്‍ദിക് പാണ്ഡ്യയെ ഈ സീസണില്‍ ക്യാപ്റ്റനായി കൊണ്ടു വന്നതു മുതല്‍ മുംബൈ ആരാധകര്‍ കലിപ്പിലാണ്.

പുതിയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് കൂവലും പരിഹാസവും ലഭിക്കാത്ത ഒരു ദിവസം പോലുമില്ലെന്ന സ്ഥിതിയാണ്.

ഇപ്പോഴിതാ ആരാധകരുടെ കുവലും പരിഹാസവും ഹാര്‍ദിക്കിനെ പ്രചോദിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് പറഞ്ഞിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് സ്പിന്നറായ ശ്രേയസ് ഗോപാല്‍. അതിനാല്‍ ഇനിയും ഹാര്‍ദികിനെ ആരാധകര്‍ കൂവണമെന്നും ശ്രേയസ് പറയുന്നു.

ഏറെ വര്‍ഷങ്ങളായിട്ട് എനിക്ക് ഹാര്‍ദിക്കിനെ അറിയാം. ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സില്‍ ഒരുമിച്ച് കളിക്കുന്നു. അന്നത്തെ ഹാര്‍ദിക്കും ഇന്നത്തെ ഹാര്‍ദിക്കും തമ്മില്‍ വലിയ മാറ്റങ്ങളില്ല. ഒന്നും മാറിയിട്ടില്ലെന്ന് പറയാം. വളരെ ഉറച്ച മനസുള്ള താരമാണവന്‍.

എന്റെ 10 വര്‍ഷത്തിലധികമായി അവനുമായുള്ള സൗഹൃദം വിലയിരുത്തി പറയുമ്പോള്‍ അവനെ ആരാധകര്‍ കൂവിയിട്ട് യാതൊരു കാര്യമില്ല. അത് അവനെ പ്രചോദിപ്പിക്കുകയാണ് ചെയ്യുന്നത്. അവന്റെ വാക്കുകളും ടീമിലെ ഇടപെടലുകളും സഹതാരങ്ങളേയും പ്രചോദിപ്പിക്കുന്നു.

എല്ലാ ദിവസവും ഒരുപോലെ പെരുമാറാന്‍ ഹാര്‍ദിക്കിനാവില്ല. എന്നാല്‍ മാനസികമായി ഏറെ കരുത്തനാണവന്‍. അതുകൊണ്ടുതന്നെ കൂവലുകള്‍ക്കൊണ്ട് അവനെ തളര്‍ത്താമെന്നു കരുതുന്നത് മണ്ടത്തരമാണ്.

വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് അവന്‍ ടീമിനുള്ളില്‍ സംസാരിച്ചിട്ടില്ല. ടീമിന് മുന്നോട്ട് പോകാനുള്ള കാര്യങ്ങള്‍ മാത്രമാണ് അവന്റെ പ്രശ്‌നം. ശ്രേയസ് ഗോപാല്‍ തുറന്നു പറയുന്നു.

കഴിഞ്ഞ ദിവസം പഞ്ചാബിനെതിരേ നടന്ന മത്സരത്തില്‍ മുംബൈ ഒമ്പത് റണ്‍സിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈ രോഹിത് ശര്‍മ(36), സൂര്യകുമാര്‍ യാദവ്(78), തിലക് വര്‍മ(34) എന്നിവരുടെ ബാറ്റിംഗ് മികവില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് അടിച്ചു കൂട്ടിയിരുന്നു. പഞ്ചാബ് കിംഗ്‌സിനായി ഹര്‍ഷല്‍ പട്ടേല്‍ മൂന്നും ക്യാപ്റ്റന്‍ സാം കറന്‍ രണ്ടും കഗിസോ റബാഡ ഒന്നും വിക്കറ്റുകള്‍ വീഴ്ത്തി.

193 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 19.2 ഓവറില്‍ 182 റണ്‍സിന് പുറത്താവുകയായിരുന്നു. 14ന് നാല് എന്ന നിലയില്‍ തുടക്കത്തില്‍ തന്നെ തകര്‍ന്ന പഞ്ചാബ് ഒരു ഘട്ടത്തില്‍ 12 ഓവറില്‍ 111ന് ഏഴ് എന്ന നിലയില്‍ തോല്‍വിയെ അഭിമുഖീകരിച്ചപ്പോള്‍ ഒത്തു ചേര്‍ന്ന ശശാങ്ക് സിംഗ്- അശുതോഷ് ശര്‍മ കൂട്ടുകെട്ട് അവരെ വിജയത്തിനടുത്തെത്തിച്ചെങ്കിലും അന്തിമ ചിരി മുംബൈയുടേതായി.

ശശാങ്ക് സിംഗ്(25 പന്തില്‍ 41) പുറത്തായ ശേഷം ഒറ്റയ്ക്ക് ഇന്നിംഗ്‌സ് കൊണ്ടു പോയ അശുതോഷ് ശര്‍മ(28 പന്തില്‍ 61) ടീമിന് ജയിക്കാന്‍ 24 പന്തില്‍ വെറും 28 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ പുറത്തായത് കളി തിരിക്കുകയായിരുന്നു.
12 റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറില്‍ ആദ്യ പന്തില്‍ ഡബിള്‍ ഓടിയ കഗിസോ റബാഡ രണ്ടാം പന്തില്‍ ഡബിളിനു ശ്രമിക്കവെ റണ്‍ഔട്ടാവുകയായിരുന്നു. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുംറയും ജെറാഡ് കോട്‌സിയും ചേര്‍ന്നാണ് പഞ്ചാബിനെ തകര്‍ത്തത്. ബുംറയാണ് മാന്‍ ഓഫ് ദി മാച്ച്.

Related Articles

Back to top button