Cricket

അടുത്ത ഐപിഎല്ലില്‍ അടിമുടി മാറ്റം? രണ്ടാംഘട്ടം അമേരിക്കയില്‍; ധര്‍മസങ്കടത്തില്‍ ബിസിസിഐ!!

ലോക ക്രിക്കറ്റിലെ ഏറ്റവും ഗ്ലാമറും പണക്കൊഴുപ്പുമുള്ള ലീഗാണ് ഐപിഎല്‍. കോടികളാണ് ഓരോ സീസണിലും ഒഴുകുന്നത്. ഒരു സീസണിലെങ്കിലും ഐപിഎല്‍ കളിക്കണമെന്ന ആഗ്രഹത്തോടെയാണ് മിക്ക താരങ്ങളും തങ്ങളുടെ കരിയര്‍ തന്നെ ആരംഭിക്കുന്നത്.

കോടികളാണ് ഓരോ സീസണിലും വിപണിയില്‍ മറിയുന്നത്. ഇപ്പോഴിതാ അടുത്ത സീസണിലേക്കുള്ള ഐപിഎല്ലിനെപ്പറ്റി സംഘാടകര്‍ ആലോചന തുടങ്ങി കഴിഞ്ഞു. അടുത്ത സീസണ്‍ നടക്കുന്ന സമയത്ത് മറ്റ് പല ഇവന്റുകളും അടുത്തടുത്ത് വരുന്നത് ഗവേണിംഗ് ബോഡിയെ അസ്വസ്ഥരാക്കുന്നുണ്ട്.

ട്വന്റി-20 ലോകകപ്പ് ആരംഭിക്കുന്നത് ജൂണ്‍ നാലിനാണ്. നിലവിലെ അവസ്ഥയില്‍ ഐപിഎല്‍ സീസണ്‍ അവസാനിച്ച് മൂന്നോ നാലോ ദിവസത്തിനകം ലോകകപ്പിനായി ഇന്ത്യന്‍ ടീം വിമാനം കയറണം. മാത്രമല്ല, അടുത്ത ഐപിഎല്‍ നടക്കുന്ന സമയത്താണ് രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് വരുന്നത്.

അതുകൊണ്ട് തന്നെ ഐപിഎല്‍ അതിന് അനുസരിച്ച് ക്രമീകരിക്കുകയോ വേറെ രാജ്യത്തേക്കു മാറ്റുകയോ വേണ്ടി വരും. 2019ല്‍ ഇത്തരത്തില്‍ യുഎഇയിലേക്ക് മല്‍സരങ്ങള്‍ പറിച്ചു നട്ടിരുന്നു. അടുത്ത തവണയും സമാന ക്രമീകരണം വേണ്ടി വരും.

ലോകകപ്പ് അടുത്തു വരുന്നതിനാല്‍ അടുത്ത സീസണില്‍ ഐപിഎല്‍ നേരത്തെ തുടങ്ങാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ഇന്‍സൈഡ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് മാര്‍ച്ച് 22ന് ആരംഭിച്ച് മേയ് 19 ന് ഐപിഎല്‍ അവസാനിപ്പിക്കുമെന്നാണ് വിവരം.

വേദിയുടെ കാര്യത്തിലും ചില സസ്‌പെന്‍സ് ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകകപ്പ് വിന്‍ഡീസിലും യുഎസ്എയിലുമായി നടക്കുന്നതിനാല്‍ ഐപിഎല്‍ അങ്ങോട്ട് മാറ്റാനുള്ള നീക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പൊതുതെരഞ്ഞെടുപ്പ് മൂലം ഐപിഎല്‍ മാറ്റേണ്ടിവരും. എന്തുകൊണ്ട് അമേരിക്കയിലേക്ക് മാറ്റിക്കൂടെന്ന ചിന്തയിലാണ് ഗവേണിംഗ് ബോഡിയെന്നാണ് ഇന്‍സൈഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ അമേരിക്കയിലെയും ഇന്ത്യയിലെയും ടൈം സോണുകള്‍ തമ്മിലുള്ള വ്യത്യാസമാണ് സംഘാടകരെ കുഴയ്ക്കുന്നത്.

അമേരിക്കയില്‍ രാത്രി മല്‍സരം സംഘടിപ്പിച്ചാല്‍ ഇന്ത്യയിലത് പ്രൈം ടൈമില്‍ വരില്ല. അങ്ങനെ ഐപിഎല്‍ നടത്തിയാലത് വലിയ തിരിച്ചടിയാകും. പ്രത്യേകിച്ച് പരസ്യ വരുമാനത്തില്‍. അല്ലെങ്കില്‍ അമേരിക്കയില്‍ ഉച്ചസമയത്തിന് മുമ്പ് നടക്കുന്ന പോലെ മല്‍സരം നടത്തേണ്ടി വരും.

അമേരിക്കയില്‍ ഐപിഎല്‍ നടത്തിയാല്‍ കളിക്കാര്‍ക്ക് ലോകകപ്പിന് മുമ്പ് നല്ലൊരു ഒരുക്കമായി മാറും ഇത്. എന്നാല്‍ ടീമുകളെ സംബന്ധിച്ച് കൂടുതല്‍ ചെലവ് വര്‍ധിക്കും അമേരിക്കയിലേക്ക് മല്‍സരങ്ങള്‍ മാറ്റുന്നത്. ഇക്കാര്യത്തില്‍ ടീമുകളുടെ നിര്‍ദേശവും ബോര്‍ഡ് പരിഗണിക്കും.

Related Articles

Back to top button