Cricket

മലയാളത്തില്‍ ഉറക്കെ രഹസ്യം പറഞ്ഞ് ബാറ്റ്‌സ്മാന്മാര്‍; ഒന്നും മനസിലാകാതെ എതിരാളികള്‍!!

ലോകകപ്പില്‍ മലയാളി മയമായിരുന്നു യുഎഇ-നമീബിയ മല്‍സരം. യുഎഇ ടീമില്‍ മൂന്ന് മലയാളികളാണ് കളിച്ചത്. യുഎഇ ബാറ്റിംഗിനിടെ ക്യാപ്റ്റന്‍ സിപി റിസ്വാനും ബാസില്‍ ഹമീദും തമ്മില്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചത് മലയാളത്തിലായിരുന്നു. സ്‌ട്രൈക്കിംഗ് എന്‍ഡില്‍ നിന്ന് റിസ്വാന്‍ വിളിച്ചു പറഞ്ഞ ടിപ്പുകള്‍ക്ക് മറുവശത്ത് നിന്ന ബാസില്‍ മലയാളത്തില്‍ തന്നെ മറുപടി നല്‍കി.

പന്തെറിയുകയായിരുന്ന പേസര്‍ ഡേവിഡ് വൈസും ഫീല്‍ഡര്‍മാരുമൊക്കെ ഇരുവരും പറഞ്ഞത് എന്താണെന്നു പോലും മനസിലാകാതെ വട്ടം കറങ്ങി. ‘അവര്‍ ഓഫ് സൈഡില്‍ പന്തെറിയാന്‍ വേണ്ടിയാണ് ഫീല്‍ഡ് സെറ്റ് ചെയ്തിരിക്കുന്നത്. ലെഗ് സൈഡില്‍ താങ്ങിക്കോയെന്നൊക്കെയുള്ള വലിയ ഉച്ചത്തിലുള്ള ഡയലോഗുകള്‍ നമീബിയന്‍ താരങ്ങള്‍ക്ക് മനസിലായതുമില്ല.

മല്‍സരത്തില്‍ റിസ്വാനും ബാസിലും മാച്ച് വിന്നിംഗ് പ്രകടനമാണ് പുറത്തെടുത്തത്. റിസ്വാന്‍ 43 റണ്‍സെടുത്തപ്പോള്‍ ബാസില്‍ 25 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ബാസില്‍ 3 ഓവറില്‍ 17 റണ്‍സ് വഴങ്ങി 2 വിക്കറ്റും വീഴ്ത്തി. മല്‍സരം 7 റണ്‍സിന് ജയിച്ചെങ്കിലും യുഎഇ സൂപ്പര്‍ 12 ല്‍ കടന്നില്ല.

Related Articles

Back to top button