Cricket

മിഷന്‍ പാണ്ഡ്യ ‘ബാക്കപ്പ്’ അക്‌സറില്‍ സക്‌സസ്; കിട്ടിയത് ഇടംകൈയന്‍ ലോട്ടറി!!

വളരെ വര്‍ഷങ്ങളായി ഇന്ത്യ നല്ലൊരു ഓള്‍റൗണ്ടര്‍ക്കായുള്ള തിരച്ചിലിലായിരുന്നു. ഹര്‍ദിക് പാണ്ഡ്യ ഉണ്ടെങ്കിലും പലപ്പോഴും പരിക്കേല്‍ക്കുമ്പോള്‍ ബാറ്റും പന്തും ചെയ്യുന്ന മറ്റൊരു കളിക്കാരന്‍ ഇല്ലാത്ത അവസ്ഥ. പലരെയും പലതരത്തില്‍ പരീക്ഷിച്ചെങ്കിലും ഒന്നും ക്ലിക്കായില്ല.

പരീക്ഷണം ഒടുവില്‍ വന്നെത്തി നിന്നത് അക്‌സര്‍ പട്ടേലെന്ന ഇടംകൈയന്‍ സ്പിന്നറിലായിരുന്നു. പന്തുകൊണ്ട് മാച്ച് വിന്നിംഗ് പ്രകടനങ്ങള്‍ പലപ്പോഴും നടത്തിയിട്ടുള്ള അക്‌സര്‍ ഈ പരമ്പരയിലൂടെ പാണ്ഡ്യയ്ക്ക് ഒരു പിന്‍ഗാമിയാണ് താനെന്ന് തെളിയിച്ചിരിക്കുന്നു. ആദ്യ മല്‍സരത്തിലും ഇപ്പോള്‍ പൂനയിലും അക്‌സറിന്റെ പ്രകടനം സെലക്ടര്‍മാര്‍ക്ക് ആശ്വാസം പകരുന്നതാണ്.

അക്‌സര്‍ ഒരു ഇടംകൈയന്‍ ആണെന്നത് തന്നെ ഏറ്റവും വലിയ പ്ലസ് പോയിന്റാണ്. ഏതു ബാറ്റിംഗ് പൊസിഷനിലും വേണമെങ്കില്‍ ഉപയോഗിക്കാം. ഇടംകൈയന്‍ ആണെന്നതിനാല്‍ അധിക യോഗ്യതയുമാണത്. വേണമെങ്കില്‍ പിഞ്ച് ഹിറ്ററായി പോലും തിളങ്ങാന്‍ പറ്റുന്ന താരമാണ് അക്‌സര്‍. ഈ പരമ്പര എന്തായാലും അക്‌സറിന്റെ പേരിലാകും അറിയപ്പെടുക.

പൂനയില്‍ ഇന്ത്യ തോല്‍വി ഉറപ്പിച്ചെന്ന് കരുതിയ സ്ഥലത്തു നിന്നാണ് അക്‌സര്‍ പട്ടേലും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് കളി തിരിച്ചു പിടിച്ചത്. 10 ഓവര്‍ പിന്നിടുമ്പോള്‍ 5 വിക്കറ്റിന് വെറും 73 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ.

ജയിക്കാന്‍ ഓവറില്‍ 13-14 റണ്‍സെങ്കിലും വച്ച് വേണ്ടുന്ന അവസ്ഥ. എന്നാല്‍ കളിയുടെ രീതി അവിടെവച്ച് മാറുകയായിരുന്നു. സൂര്യയെ ഒരുവശത്ത് നിര്‍ത്തി അക്‌സറായിരുന്നു കളിയുടെ ഗതി തിരിച്ചു വിടുന്ന കടന്നാക്രമണം തുടങ്ങിയത്. പത്ത് ഓവറിനു ശേഷം ഒരു തവണ പോലും പത്ത് റണ്‍സില്‍ കുറഞ്ഞ ഓവര്‍ വന്നില്ലെന്നത് ആധിപത്യത്തിന്റെ തെളിവായി.

ഹസരംഗ എറിഞ്ഞ പതിനാലാം ഓവറാണ് ഇന്ത്യയുടെ ടേണിംഗ് പോയിന്റായി മാറിയത്. തുടര്‍ച്ചയായ മൂന്ന് സിക്‌സറുകള്‍ പറത്തിയ അക്‌സറും സൂര്യയുടെ വക ഒന്നും ഉള്‍പ്പെടെ നാല് സിക്‌സറുകള്‍ പറന്നപ്പോള്‍ ആ ഓവറില്‍ പിറന്നത് 26 റണ്‍സ്.

ഇതിനിടെ അക്‌സറും സൂര്യയും അര്‍ധസെഞ്ചുറിയും പിറന്നു. എന്നാല്‍ പതിനാറാം ഓവറിലെ അഞ്ചാം പന്തില്‍ സൂര്യ 36 പന്തില്‍ 51 റണ്‍സെടുത്ത് പുറത്തായത് ഇന്ത്യയുടെ മുന്നേറ്റത്തെ ബാധിച്ചു. എങ്കിലും അക്‌സറിനും ടീമിനും അഭിമാനിക്കാം.

Related Articles

Back to top button