Cricket

ആഫ്രിക്കന്‍ ‘കൂട്ടക്കുരുതി’ ജോണ്‍സണ്‍ ചാള്‍സ് വക!! വെള്ളിടിയില്‍ കിടുങ്ങി ക്രിക്കറ്റ് ലോകം!!

സൂപ്പര്‍ സണ്‍ഡേയില്‍ ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയന്‍ സ്റ്റേഡിയത്തില്‍ വിന്‍ഡീസിന്റെ കിടിലനടി. തലങ്ങും വിലങ്ങും ദക്ഷിണാഫ്രിക്കയെ മലര്‍ത്തിയടിച്ച ജോണ്‍സണ്‍ ചാള്‍സിന്റെ ബാറ്റിംഗാണ് ആതിഥേയരെ തകര്‍ത്തത്.

വെറും 39 പന്തില്‍ സെഞ്ചുറി നേടി ചാള്‍സ് വിന്‍ഡീസ് റിക്കാര്‍ഡും സ്വന്തം പേരിലാക്കി. 200 റണ്‍സും കടന്ന് വിന്‍ഡീസ് ടീം സ്‌കോറും രണ്ടാം മല്‍സരത്തില്‍ പുതിയ തലത്തിലെത്തി.

വിന്‍ഡീസ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സാണ് അടിച്ചെടുത്തത്. ഈ സ്റ്റേഡിയത്തിലെ ട്വന്റി-20യിലെ ഉയര്‍ന്ന സ്‌കോറാണിത്. 22 സിക്‌സറുകളാണ് 20 ഓവറില്‍ വിന്‍ഡീസുകാര്‍ അടിച്ചുകൂട്ടിയത്. സിക്‌സറുകള്‍ വഴി മാത്രം നേടിയത് 132 റണ്‍സ്!

സിക്‌സറുകളേക്കാള്‍ കുറവാണ് ഫോറുകളെന്നതും ശ്രദ്ധേയമാണ്. 17 ഫോറുകളാണ് ടീം നേടിയത്. ചാള്‍സിനെ കൂടാതെ മെയേഴ്‌സ് (51), റൊമേരിയോ ഷെപ്പേര്‍ഡ് (41), റോവന്‍ പവല്‍ (28) എന്നിവരും സ്‌കോറിംഗില്‍ വലിയ സംഭാവന നല്‍കി.

ടോസ് നേടിയത് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ പത്തോവറില്‍ സന്തോഷിക്കാന്‍ വക നല്‍കിയ നിമിഷങ്ങളിലൊന്ന്. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ബ്രെണ്ടന്‍ കിംഗിനെ പുറത്താക്കാന്‍ സാധിച്ചെങ്കിലും അതൊന്നും റണ്‍നിരക്ക് കുറയ്ക്കാന്‍ പര്യാപ്തമായിരുന്നില്ല.

2 പന്തില്‍ ഒരു റണ്‍സെടുത്ത കിംഗിനെ വെയ്ന്‍ പാര്‍ണലാണ് തിരിച്ചയച്ചത്. തൊട്ടുപിന്നാലെ ക്രീസിലെത്തിയ ജോണ്‍സ് ചാള്‍സ് കെയ്ല്‍ മെയേഴ്‌സിനൊപ്പം ചേര്‍ന്നതോടെ സ്‌കോറിംഗ് റോക്കറ്റ് വിറ്റപോലെ കയറി.

ബൗളര്‍മാരെയെല്ലാം തലങ്ങും വിലങ്ങും പായിച്ച മെയേഴ്‌സായിരുന്നു കൂടുതല്‍ അപകടകാരി. ആദ്യ രണ്ടോവറില്‍ ഒരുവിക്കറ്റിന് 11 റണ്‍സെന്ന നിലയിലായിരുന്നു വിന്‍ഡീസ്. വെയ്ന്‍ പാര്‍ണല്‍ എറിഞ്ഞ മൂന്നാം ഓവറിലാണ് വിന്‍ഡീസ് ടോപ് ഗിയറിലേക്ക് മാറിയത്.

3 ഫോര്‍ അടക്കം 17 റണ്‍സാണ് ഈ ഓവറില്‍ അടിച്ചുകൂട്ടിയത്. തുടക്കത്തില്‍ 13 പന്തില്‍ നിന്ന് 24 റണ്‍സായിരുന്നു ജോണ്‍സണ്‍ ചാള്‍സിന്റെ സംഭാവന. എന്നാല്‍ മാര്‍ക്കോ ജാന്‍സണ്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ രണ്ട് സിക്‌സര്‍ അടക്കം 20 റണ്‍സാണ് ചാള്‍സ് അടിച്ചെടുത്തത്.

ആദ്യ ട്വന്റി-20യില്‍ മൂന്നു വിക്കറ്റെടുത്ത് തിളങ്ങിയ സിസന്‍ഡ മഗാലയ്ക്കും രക്ഷയുണ്ടായിരുന്നില്ല. 114 മീറ്റര്‍ സിക്‌സറടക്കം 20 റണ്‍സാണ് മഗാലയുടെ ആദ്യ ഓവറില്‍ മെയേഴ്‌സ് അടിച്ചുകൂട്ടിയത്.

അതിനിടെ വെറും 23 പന്തില്‍ ചാള്‍സ് അര്‍ധസെഞ്ചുറി തികച്ചു. എട്ടോവറില്‍ വിന്‍ഡീസിന്റെ സ്‌കോര്‍ മൂന്നക്കം കടക്കുകയും ചെയ്തു. ഇതിനിടെ 24 പന്തില്‍ നിന്ന് മെയേഴ്‌സും അര്‍ധശതകം കണ്ടെത്തി.

പത്താം ഓവറില്‍ ജാന്‍സണ്‍ മെയേഴ്‌സിനെയും (27 പന്തില്‍ 51), നിക്കോളസ് പൂരനെയും (3 പന്തില്‍ 2 റണ്‍സ്) പുറത്താക്കി ആതിഥേയര്‍ക്ക് ആശ്വാസം സമ്മാനിച്ചു. എന്നാല്‍ കൊടുങ്കാറ്റ് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

മഗാലയെ പടുകൂറ്റന്‍ സിക്‌സറിന് പറത്തി ചാള്‍സ് 39 പന്തില്‍ നിന്നും സെഞ്ചുറി തികച്ചു. ഒരു വിന്‍ഡീസ് താരത്തിന്റെ ഏറ്റവും വേഗമേറിയ ട്വന്റി-20 സെഞ്ചുറി അങ്ങനെ ചാള്‍സിന്റെ പേരിലായി.

47 പന്തില്‍ മൂന്നക്കം തികച്ച ക്രിസ് ഗെയ്‌ലിന്റെ റിക്കാര്‍ഡാണ് പഴങ്കഥയായത്. സെഞ്ചുറി കടന്നിട്ടും ടോപ് ഗിയറില്‍ തന്നെ കുതിച്ച ചാള്‍സിനെ പതിനാലാം ഓവറില്‍ ജാന്‍സണ്‍ ആണ് പവലിയനിലേക്ക് തിരിച്ചയച്ചത്.

46 പന്തില്‍ നിന്നും 11 സിക്‌സറും 10 ഫോറും ഉള്‍പ്പെടെ 118 റണ്‍സാണ് ചാള്‍സ് അടിച്ചുകൂട്ടിയത്. ഈ സമയം നാല് വിക്കറ്റിന് 179 റണ്‍സായിരുന്നു കരീബിയന്‍കാരുടെ ടീം സ്‌കോര്‍. പതിനാറാം ഓവറില്‍ വിന്‍ഡീസ് 200 കടന്നു. സമീപകാലത്തെ അവരുടെ ഏറ്റവും മികച്ച ബാറ്റിംഗ്.

ഇത്തവണത്തെ ഐപിഎല്ലില്‍ ആരും ലേലത്തില്‍ എടുക്കാത്ത ജോണ്‍സണ്‍ ചാള്‍സിന് ഒരൊറ്റ ഇന്നിംഗ്‌സോടെ വലിയ ശ്രദ്ധ കിട്ടി. പല ഐപിഎല്‍ ടീമുകളിലും വിദേശ താരങ്ങളുടെ ഒഴിവുണ്ട്. അതുകൊണ്ട് തന്നെ ചാള്‍സ് ഇന്ത്യയിലെത്താന്‍ സാധ്യത ഏറെയാണ്.

Related Articles

Back to top button