Cricket

പന്തിന്റെ തലയ്ക്കും ശരീരത്തിലും പരിക്ക്; ആരോഗ്യ നിലയില്‍ ആശങ്ക!!

ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷാഭ് പന്തിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. ഉത്തരാഖണ്ഡില്‍ വെച്ചാണ് താരത്തിന്റെ വാഹനം അപകടത്തില്‍ പെട്ടത്. ഡിവൈഡറില്‍ ഇടിച്ച കാറിന് തീപിടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്.

അപകടത്തില്‍ റിഷഭ് പന്തിനു പൊള്ളലേറ്റിട്ടുണ്ട്. തലക്കും കാലിനും മുറിവേറ്റിട്ടുണ്ട്. ആരോഗ്യനിലയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഡല്‍ഹിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. കാര്‍ പൂര്‍ണമായും കത്തിനശിക്കുകയും ചെയ്തിട്ടുണ്ട്. റൂര്‍ക്കിയിലെ നര്‍സന്‍ അതിര്‍ത്തിക്ക് സമീപത്തെ ഹമ്മദ്പൂര്‍ ഝാലിന് സമീപമുള്ള റോഡിലാണ് അപകടം നടന്നത്.

കാര്‍ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. കനത്ത മൂടല്‍ മഞ്ഞും അപകടത്തിന് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കാറില്‍ റിഷഭ് പന്ത് മാത്രമാണുണ്ടായിരുന്നത്. അപകടം നടന്നയുടനെ പൊലീസ് എത്തി താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധ ചികിത്സക്കായി ഡല്‍ഹിയിലേക്ക് മാറ്റും.

താരത്തിന്റെ പരിക്കിന്റെ ഗൗരവം സംബന്ധിച്ച് ആശങ്കയുണര്‍ത്തുന്ന ചില റിപ്പോര്‍ട്ടുകള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തു വിടുന്നുണ്ട്. എന്നാല്‍ ദേശീയ മാധ്യമങ്ങളോ ബിസിസി ഐയോ ഇത്തരത്തില്‍ യാതൊരു റിപ്പോര്‍ട്ടും നല്‍കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

പന്തിന്റെ ചികിത്സയുടെ കാര്യങ്ങള്‍ ബിസിസിഐ ഏറ്റെടുത്തിട്ടുണ്ട്. ആരോഗ്യനില സംബന്ധിച്ച് അടുത്ത 24 മണിക്കൂറിനുള്ളില്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Related Articles

Back to top button